Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം ജില്ലയുടെ കടൽതീരം ശുചീകരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ; കടലുണ്ടി മുതൽ വെളിയങ്കോട് വരെയുള്ള കടൽതീരത്തെ മാലിന്യങ്ങൾ വിൽപന നടത്തി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും; ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ കോഴിക്കോട് ജില്ലയിൽ കരിങ്കൽ ക്വാറിയിൽ ചുമടേറ്റിയും ഡിവൈഎഫ്ഐ പ്രവർത്തകർ; കാറും ബൈക്കുകളും ആടും പോത്തും തേങ്ങയും വരെ വിഭവങ്ങളാക്കുന്ന ഡിവൈഎഫ്ഐയുടെ റീസൈക്കിൾ കേരള പദ്ധതിക്ക് ജനകീയ പിന്തുണ

മലപ്പുറം ജില്ലയുടെ കടൽതീരം ശുചീകരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ; കടലുണ്ടി മുതൽ വെളിയങ്കോട് വരെയുള്ള കടൽതീരത്തെ മാലിന്യങ്ങൾ വിൽപന നടത്തി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും; ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ കോഴിക്കോട് ജില്ലയിൽ കരിങ്കൽ ക്വാറിയിൽ ചുമടേറ്റിയും ഡിവൈഎഫ്ഐ പ്രവർത്തകർ; കാറും ബൈക്കുകളും ആടും പോത്തും തേങ്ങയും വരെ വിഭവങ്ങളാക്കുന്ന ഡിവൈഎഫ്ഐയുടെ റീസൈക്കിൾ കേരള പദ്ധതിക്ക് ജനകീയ പിന്തുണ

സ്വന്തം ലേഖകൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി ആവിഷ്‌കരിച്ച റീസൈക്കിൾ കേരള പദ്ധതിക്ക് മലപ്പുറം കോഴിക്കോട് ജില്ലകളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ജനകീയ പങ്കാളിത്തത്തോടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള വിഭവങ്ങൾ ശേഖരിക്കുന്നത്. ഉപയോഗ ശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും ശേഖരിച്ച് വിഭവങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങളോടൊപ്പം വളർത്തുമൃഗങ്ങളും വാഹനങ്ങളുമെല്ലാം ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നു. കരിങ്കൽ ക്വാറികളിൽ ചുമടെടുത്തും കിണറുകൾ വൃത്തിയാക്കിയും ഡിവൈഎഫ്ഐ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നു.

റീസൈക്കിൾ കേരള പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ ജില്ലയുടെ കടൽത്തീരം ശുചീകരിച്ചു. കടലുണ്ടി മുതൽ വെളിയങ്കോട് വരെയുള്ള കടൽത്തീരമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന റീസൈക്കിൾ കേരളയുടെ ഭാഗമായായിരുന്നു ശുചീകരണം. തീരത്തു നിന്നും ലഭിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വിൽപ്പന നടത്തി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. അരിയല്ലൂർ മുദിയം ബീച്ചിൽ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൽ വാഹിദ്, വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിൽ ബ്ലോക്ക് പ്രസിഡന്റ് എം ബൈജു എന്നിവർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അഖിൽ മംഗലശ്ശേരി, ശ്രീജേഷ്, എം ഫഹദ്, ദിപ്ഷി, സാദിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. താനൂർ ബ്ലോക്കിൽ ഒട്ടുംപുറം മുതൽ ഉണ്ണിയാൽ വരെ ശുചീകരിച്ചു. ഒട്ടുംപുറത്ത് സിപിഐ എം തീരദേശ ലോക്കൽ സെക്രട്ടറി പി ഹംസ കുട്ടി, താനൂർ ഹാർബറിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെവിഎ കാദർ, ഉണ്യാലിൽ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സൈതലവി എന്നിവരും ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മനു വിശ്വനാഥ്, ട്രഷറർ പി വിനേശൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എം പി നവാസ്, മുജീബ്, കെ സമീർ, പി പി ജാഫർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവണ്ണ മുതൽ പടിഞ്ഞാറേക്കര അഴിമുഖം വരെ ശുചീകരിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി ഒ ബാബുരാജ്, പ്രസിഡന്റ് കെ പി ഷാജിത്,ട്രഷറർ പി സുമിത്ത്, മർഷാദ്, ജാഫർ എന്നിവർ നേതൃത്വം നൽകി.പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി മുതൽ വെളിയങ്കോട് വരെ ശുചീകരിച്ചു.പൊന്നാനിയിൽ മുൻ ബ്ലോക്ക് സെക്രട്ടറി വി രമേശൻ, വെളിയങ്കോട് ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് പ്രഥമ പ്രസിഡന്റ് ഹുസൈൻ, പാലപ്പെട്ടിയിൽ സംസ്ഥാന കമ്മിറ്റി അംഗം ഫസീല തരകത്ത് എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിനിഷ് കണ്ണത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി പ്രബീഷ്, നൗഫൽ പൂക്കൈത, ബിൻസി ഭാസ്‌കർ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സുകേഷ് രാജ്, ജിതിൻ, സുമേഷ്, മഷൂദ്, ജംഷീദ് എന്നിവർ ശുചീകരണത്തിനു നേതൃത്വം നൽകി.

നിലമ്പൂരിൽ പ്രശസ്ത മാജിക് കലാകാരൻ മജീഷ്യൻ സാമ്രാജ് തന്റെ പഴയ ബൈക് നൽകിക്കൊണ്ട് റീസൈക്കിൾ കേരള പദ്ധതിയുടെ ഭാഗമായി. വയനാട്ടിൽ സെന്റ്മേരീസ് കോളേജിലെ മലയാളം അദ്ധ്യാപകനും വൈദികനുമായ ഫാ. ജിൻസ് നെടിയവിളയും അദ്ദേഹത്തിന്റെ ഇരുചക്രവാഹനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

കോഴിക്കോട് ജില്ലയിൽ റീസൈക്കിൾ കേരള പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്ഐ നൊച്ചാട് വെസ്റ്റ് മേഖലയിലെ പ്രവർത്തകർ കരിങ്കൽ ക്വാറികളിൽ ചുമടെടുത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തിയത്. രണ്ട് ക്വാറികളിൽ നിന്നായി 118ലോഡ് കരിങ്കൽ ലോറികളിൽ കയറ്റിയതിന് ലഭിച്ച ചുമട്ടുകൂലിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഒരു ലോഡിന് 510 രൂപ വെച്ച് 118 ലോഡിന്റെ ചുമട്ടൂകൂലിയായ 60180 രൂപയാണ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കോഴിക്കോട് ചേളന്നൂരിൽ കിണറുകൾ ശുചീകരിച്ചാണ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നത്.

മലപ്പുറത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച 'കരംകൊണ്ട് നാളത്തെ കേരള'മെന്ന പദ്ധതിക്കും വലിയതോതിലുള്ള ജനകീയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിവൈഎഫ്ഐ പ്രതീക്ഷിച്ചിരുന്നത് മൂന്ന് ലക്ഷം നാളികേരം സംഭരിക്കുക എന്നതായിരുന്നു. എന്നാൽ പദ്ധതി തുടങ്ങി ദിവസങ്ങൾക്കകം തന്നെ പ്രതീക്ഷിച്ചതിനേക്കാൾ വലിയ പിന്തുണയാണ് മലപ്പുറത്തെ ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി പികെ മുബഷിർ മറുനാടൻ മലയാളിയോട് പറഞ്ഞു. നിരവധിയിടങ്ങളിൽ നിന്ന് പദ്ധതിയിലേക്ക് ആടിനെയും പശുക്കിടാവിനെയും അടക്കം ആളുകൾ സംഭാവന നൽകുന്നുണ്ട്. ഇവയെല്ലാം ഓൺലൈനിൽ ലേലം ചെയ്തും നേരിട്ട് വിൽപന നടത്തിയും അതിലൂടെ ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുകയാണ് ചെയ്യുന്നത്.

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പച്ചക്കറി കച്ചവടം നടത്തിയാണ് പണം കണ്ടെത്തുന്നത്. ഗുഡ്സുകളിൽ പച്ചക്കറികൾ വീട്ടുപടിക്കലെത്തിച്ച് വിൽപന നടത്തിയാണ് പ്രവർത്തകർ പണം കണ്ടെത്തുന്നത്. കോഴിക്കോട് ഇത്തരത്തിൽ പാൽ സംഭരിച്ച് വിൽപന നടത്തിയും പണം കണ്ടെത്തുന്നുണ്ട്. കേരളത്തിലെ പുരാതന മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിലെ ഉപയോഗ ശൂന്യമായ മോട്ടോർ നൽകി റീസൈക്കിൽ കേരള പദ്ധിതിയുടെ ഭഗമായി. ഇത്തരത്തിൽ വലിയ രീതിയിലുള്ള ജനകീയ പിന്തുണയാണ് മലബാറിൽ റീസൈക്കിൾ കേരള പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP