പറശ്ശിനിക്കടവ് പീഡനം; കേസിൽ പൊലീസ് സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമെന്ന് ഡിവൈഎഫ്‌ഐ; മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന; സമൂഹ്യ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്നും ഡിവൈഎഫ്‌ഐ
December 06, 2018 | 09:06 PM IST | Permalink

മറുനാടൻ ഡെസ്‌ക്
കണ്ണൂർ; പറശ്ശിനിക്കടവ് പീഡന കേസിൽ പൊലീസ് സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമെന്ന് ഡിവൈഎഫ്‌ഐ. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന. സമൂഹ്യ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്നും ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്. കേസിൽ പ്രതി ചേർക്കപ്പെട്ടവരിൽ മേഖല പ്രസിഡന്റ് ഉൾപ്പെട്ടന്ന വാർത്ത തെറ്റെന്നും സംഘടന. കേസിൽ പ്രദേശിക നേതൃത്വത്തിലെയോ മേഖലയിലോ ഉള്ളവർ ഇല്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ്.
അതേ സമയം പെൺകുട്ടിയുടെ അടുത്ത ബന്ധുവും ഡിവൈഎഫ്‌ഐ നേതാവുമടക്കം 8 പേർ കൂടി അറസ്റ്റിൽ. ഡിവൈഎഫ്‌ഐ ആന്തൂർ മേഖലാ സെക്രട്ടറി തളിയിൽ ഉറുമി നിഖിൽ(20), കുഴിച്ചാൽ മീത്തൽ മൃദുൽ(26), വടക്കാഞ്ചേരി ഉഷസ്സിൽ വൈശാഖ്(22), തോട്ടത്തിൽ ജിതിൻ എന്ന ജിത്തു(28). തളിയിൽ കണ്ടൻചിറ ശ്യാംമോഹൻ (25), കെ.സജീൻ (30), മുഴപ്പിലങ്ങാട് ശരത്ത്(30), എന്നിവർക്കു പുറമേ പെൺകുട്ടിയുടെ അടുത്ത ബന്ധുവും അറസ്റ്റിലായിട്ടുണ്ട്.
രണ്ടു വർഷം മുൻപു പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് അടുത്ത ബന്ധുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 3 പേരെ വളപട്ടണം പൊലീസും രണ്ടു പേരെ വീതം തളിപ്പറമ്പ് പൊലീസും പഴയങ്ങാടി പൊലീസും ഒരാളെ എടക്കാട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 5 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. 15 കേസുകളിലായി 19 പ്രതികളാണുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വീടുകളിലും ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം.
അടുത്ത ബന്ധുവാണ് ആദ്യമായി പീഡിപ്പിച്ചതെന്നും തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവർ പീഡനത്തിന് ഇരയാക്കിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ മൃദുൽ, അഞ്ജനയെന്ന പേരിൽ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടെടുത്താണു പെൺകുട്ടിയെ ചതിയിൽ വീഴ്‌ത്തിയത്. പെൺകുട്ടിയുടെ ദൃശ്യങ്ങൾ കാണിച്ച് സഹോദരനിൽനിന്ന് പണം തട്ടാൻ പ്രതികൾ ശ്രമിച്ചതോടെയാണു പീഡനവിവരം പുറത്ത് വന്നത്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണു സൂചന.
