Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു തലസ്ഥാനത്തു തെരുവുയുദ്ധം; ഡിവൈഎഫ്‌ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ജലപീരങ്കിയും ലാത്തിച്ചാർജും ഗ്രനേഡ് പ്രയോഗവും; ടി പി ബിനീഷിനു പരിക്ക്; കോഴിക്കോട്ടും ആലപ്പുഴയിലും സംഘർഷം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു തലസ്ഥാനത്തു തെരുവുയുദ്ധം; ഡിവൈഎഫ്‌ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ജലപീരങ്കിയും ലാത്തിച്ചാർജും ഗ്രനേഡ് പ്രയോഗവും; ടി പി ബിനീഷിനു പരിക്ക്; കോഴിക്കോട്ടും ആലപ്പുഴയിലും സംഘർഷം

തിരുവനന്തപുരം: സോളാർ കേസിൽ ആടിയുലയുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യുഡിഎഫ് സർക്കാരിനുമെതിരെ ജനങ്ങൾ തെരുവിലേക്ക്. തലസ്ഥാനത്തു വൻ തെരുവുയുദ്ധം തന്നെയാണ് അരങ്ങേറിയത്. വൻ പ്രക്ഷോഭവുമായി വിവിധ രാഷ്ട്രീയ കക്ഷികൾ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിലും വൻ പ്രതിഷേധമുയർത്തിയ ഇടതു യുവജന സംഘടനകൾക്കു നേരെ പൊലീസ് ലാത്തിച്ചാർജും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു.

ഡിവൈഎഫ്‌ഐ സെക്രട്ടറിയറ്റ് മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് മാർച്ചു നടത്തിയ യുവമോർച്ച പ്രവർത്തകരെയും തല്ലിയോടിച്ചു. കോഴിക്കോടും, തിരുവനന്തപുരത്തും, ആലപ്പുഴയിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. സംസ്ഥാനമൊട്ടാകെ സോളാർ ആരോപണത്തിന്റെ പേരിൽ സർക്കാരിനെതിരേ ഇടതു യുവജന സംഘടനകളുടെ പ്രതിഷേധം കനക്കുകയാണ്. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ മാർച്ചു നടത്തി. പലയിടത്തും വൻ സംഘർഷമാണുണ്ടായത്.

അഴിമതി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും ഡിവൈഎഫ്ഐ മാർച്ചു നടത്തിയത്. ജില്ലാ ആസ്ഥാനങ്ങളിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി. കല്ലേറിലും ലാത്തിച്ചാർജിലും നിരവധി പൊലീസുകാർക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തിരിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സെക്രട്ടേറിയറ്റിന് മുൻപിൽ യുദ്ധ സമാനമായ സാഹചര്യമാണുള്ളത്.

തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേയ്ക്ക് നടന്ന മാർച്ചിൽ യുദ്ധസമാനമായ അവസ്ഥയായിരുന്നു. മാർച്ചിൽ സമരക്കാർക്കു നേരെ പൊലീസ് ഗ്രനേഡുകൾ പ്രയോഗിച്ചു. സമരക്കാർ തിരികെ പൊലീസിനെ കല്ലെറിയുകയും ചെയ്തു. നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ പൊലീസിനു നേരെ കല്ലേറുണ്ടായി. പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും നിരവധി തവണ പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് ലാത്തിയടിയിൽ പരിക്കേറ്റു. പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കുണ്ട്.

കോഴിക്കോട് കലക്റ്ററേറ്റിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും, കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. കോഴിക്കോടും തെരുവ് യുദ്ധമാണ് അരങ്ങേറിയത്. എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.പി.ബിനീഷ്, ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് അടക്കമുള്ളവർക്ക് പരിക്കേറ്റു. പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി.

ആലപ്പുഴ, കോട്ടയം കളക്‌ട്രേറ്റുകളിലേക്കും പത്തനംതിട്ട സിവിൽ സ്റ്റേഷനിലേയ്ക്കും ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. തൃശൂർ കലക്ടറേറ്റിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. അക്രമാസക്തരായ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് തീർത്ത ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും പ്രതിഷേധക്കാർ നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP