Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിസ്ഥിതി ലോല നിയമത്തിന് ഹൈക്കോടതിയുടെ സാധുത; നഷ്ടപരിഹാരമില്ലാതെയുള്ള ഭൂമി ഏറ്റെടുക്കലിന് അംഗീകാരം; നിയമയുദ്ധം ഇനി സുപ്രീംകോടതിയിലേക്ക്

പരിസ്ഥിതി ലോല നിയമത്തിന് ഹൈക്കോടതിയുടെ സാധുത; നഷ്ടപരിഹാരമില്ലാതെയുള്ള ഭൂമി ഏറ്റെടുക്കലിന് അംഗീകാരം; നിയമയുദ്ധം ഇനി സുപ്രീംകോടതിയിലേക്ക്

കൊച്ചി: 2003ലെ പരിസ്ഥിതി ലോല നിയമം (ഇ.എഫ്.എൽ) ഹൈക്കോടതി ശരിവച്ചു. ഇ.എഫ്.എൽ നിയമത്തിനെതിരെ തോട്ടം ഉടമകൾ സമർപ്പിച്ച 56 ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമപ്രകാരം 45,000 ഏക്കർ ഭൂമി ഏറ്റെടുത്ത സർക്കാർ നടപടിയും കോടതി ശരിവച്ചു. ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും കോടതി തള്ളി. 2003ൽ സർക്കാർ കൊണ്ടുവന്ന ഇഎഫ്എൽ നിയമം ഭരണഘടനാപരമാണെന്ന് കോടതി നിരീക്ഷിച്ചു.

പരാതിയുള്ളവർക്ക് ഇ.എഫ്.എൽ കസ്റ്റോഡിയനെയോ ട്രിബ്യൂണലിനെയോ സമീപിക്കാമെന്ന് ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരാതിയുണ്ടെങ്കിൽ ഒരു മാസത്തിനകം അധികാരികളെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 2003ലാണ് സർക്കാർ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണത്തിന് ഇ.എഫ്.എൽ നിയമം കൊണ്ടുവന്നത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ അറിയിച്ചു.

അതിനിടെ ഇ.എഫ്.എൽ. നിയമത്തിന്റെ ഭരണഘടനാ സാധുത അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിയെ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വാഗതം ചെയ്തു. സംസ്ഥാനത്തിന്റെ നിലപാട് സാധൂകരിക്കുന്ന വിധിയാണിത്. 45,000 ഏക്കർ സ്ഥലം ഏറ്റെടുത്ത സർക്കാർ നടപടിയും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു.

പരിസ്ഥിതി ലോല നിയമ ഭേദഗതിക്ക് സർക്കാർ തയ്യാറെടുക്കുമ്പോഴാണ് കോടതി വിധി എന്നതാണ് യാഥാർത്ഥ്യം. നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയരുന്നു. ഇഎഫ്എൽ നിയമം റദ്ദാക്കണമെന്ന് വിദഗ്ധ സമിതി ശുപാർശയും ചെയ്തിരുന്നു. ഇത് പൂർണ്ണമായും അംഗീകരിക്കാതെയാണ് കർഷകർക്ക് നഷ്ടപരിഹാരമെന്ന നിലപാട് മുഖ്യമന്ത്രി എടുത്തത്.

ഇഎഫ്എൽ നിയമം കാലോചിതമായി പരിഷ്‌കരിക്കുകയോ റദ്ദ് ചെയ്യുകയോ വേണമെന്നായിരുന്നു ഉമ്മൻ വി ഉമ്മൻ അധ്യക്ഷനായ വിദഗ്ധ സമിതി ശുപാർശ ചെയ്തത്. നിയമം അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നേരത്തെ നേടിയതാണെന്നാണ് ഇതിന് വിദീകരണമായി സമിതി പറഞ്ഞിരുന്നത്. ഇതിനെതിരെ ഭരണ, പ്രതിപക്ഷ എംഎൽഎമാർ രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഉമ്മൻ വി ഉമ്മൻ സമിതിയെ തള്ളി കരുതലോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ.

തുടർന്നാണ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇഎഫ്എൽ നിയമം അധാർമികമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിശദീകരിച്ചത്. ഇക്കാര്യത്തിൽ സർക്കാർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ചെറുകിട കർഷകരുടെ താത്പര്യം സംരക്ഷിച്ചുകൊണ്ട് സർക്കാർ മുന്നോട്ട് പോകുമെന്നും എന്നാൽ പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചിരുന്നു.

കർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്ന വിഷയത്തിൽ രാഷ്ട്രീയമില്ല. ജനങ്ങളുടെ ആവശ്യമാണിത്. വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളുടെ നിലപാട് കേരളത്തിന് അറിയേണ്ട കാര്യമില്ല. നഷ്ടപരിഹാരം നൽകാതെ ഭൂമിയേറ്റെടുക്കൽ അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കോടതിവിധി നിർണ്ണായകമാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിയമഭേദഗതിയെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുമോ എന്നതാണ് പ്രധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP