Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണിയുടെ മുന്നേറ്റം തുടരുന്നു; ഇന്നലെ എൽഡിഎഫും യുഡിഎഫും ആറു വീതം നേടിയപ്പോൾ ഒന്നും നഷ്ടമായത് യുഡിഎഫിന് തന്നെ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണിയുടെ മുന്നേറ്റം തുടരുന്നു; ഇന്നലെ എൽഡിഎഫും യുഡിഎഫും ആറു വീതം നേടിയപ്പോൾ ഒന്നും നഷ്ടമായത് യുഡിഎഫിന് തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡടക്കം രണ്ടിടത്ത് യുഡിഎഫ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ചെങ്ങന്നൂർ ബ്‌ളോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ് വാർഡും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മാനിടുംകുഴി വാർഡുമാണ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത് . ഉമ്മൻ ചാണ്ടിയുടെ നിയമസഭാമണ്ഡലമായ പുതുപ്പള്ളിയിലും എൽഡിഎഫ് വിജയം നേടി.ഉപതെരഞ്ഞെടുപ്പു നടന്ന 12 തദ്ദേശ വാർഡുകളിൽ എൽഡിഎഫിനും യുഡിഎഫിനും ആറു വീതം സീറ്റുകളിൽ വിജയം. രണ്ടു സീറ്റുകൾ യുഡിഎഫിൽനിന്ന് എൽഡിഎഫും ഒരു സീറ്റ് എൽഡിഎഫിൽനിന്ന് യുഡിഎഫും പിടിച്ചെടുക്കുകയായിരുന്നു. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന എല്ലാ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിനായിരുന്നു നേട്ടം. അത് തുടരുകയാണ്.

വെണ്മണി വെസ്റ്റ് വാർഡിൽ സിപിഐ എമ്മിലെ ശ്യാം കുമാർ 1003 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ കോൺഗ്രസ് ജയിച്ച വാർഡ് പിടിച്ചെടുത്തത്. ആകെ പോൾ ചെയ്ത 5967 വോട്ടിൽ 2707 വോട്ട് എൽഡിഎഫിനും 1704 വോട്ട് കോൺഗ്രസിലെ സക്കറിയ പുത്തനെത്തിക്കും ലഭിച്ചു. ബിജെപിയുടെ ശിവൻ പിള്ളയ്ക്ക് 1556 വോട്ടാണ് കിട്ടിയത്. കഴിഞ്ഞതവണ വിജയിച്ച കോൺഗ്രസ്സിലെ വെണ്മണി സുധാകരന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരെഞ്ഞെടുപ്പ്. കോട്ടയം ജില്ലയിൽ പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി പഞ്ചായത്തിൽ കാരിക്കാമറ്റം വാർഡിൽ സിപിഐഎമ്മിലെ കെ എസ് മധുകുമാർ നേരിട്ടുള്ള മത്സരത്തിൽ കോൺഗ്രസിലെ ഡെൽജിത് സിങ്ങിനെയാണ് തോൽപ്പിച്ചത്. സിപിഐ എമ്മിലെ പി കെ മണി മരിച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. ഒരുമാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഒരു പഞ്ചായത്ത് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തിരുന്നു.

കോട്ടയം ജില്ലയിൽ തന്നെ കാഞ്ഞിരപ്പള്ളി മാനിടുംകുഴി വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.എൽഡിഎഫ് സ്വതന്ത്ര കുഞ്ഞുമോൾ ജോസാണ് 145 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറി വിജയം നേടിയത് . യുഡിഎഫിലെ സുധാകുമാരിയെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസിലെ കൃഷ്ണകുമാരി മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വാർഡിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഔദ്യോഗിക വാഹനത്തിൽ സന്ദർശനം നടത്തിയത് വിവാദമായിരുന്നു. ഒരു ബ്‌ളോക്ക് പഞ്ചായത്ത് വാർഡും ഒരു നഗരസഭാ വാർഡും അടക്കം ഏഴ് ജില്ലയിലെ 12 തദ്ദേശ വാർഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച വാർഡുകളായിരുന്നു ഇതിൽ എട്ടെണ്ണം. ഇതിൽ രണ്ടെണ്ണം എൽഡിഎഫ് പിടിച്ചെടുത്തു. ആകെ ആറിടത്ത് എൽഡിഎഫും ആറിടത്ത് യുഡിഎഫും വിജയിച്ചു.

കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എൽഡിഎഫ് വിജയിച്ചു. ആദിച്ചനല്ലൂർ തഴുത്തല തെക്ക് വാർഡിൽ സിപിഐ എമ്മിലെ ഹരിലാൽ (വാവ) വിജയിയായി.. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ എംവിജയിച്ച വാർഡാണിത്.തേവലക്കര കോയിവിള പടിഞ്ഞാറ് വാർഡിൽ സിപിഐ യിലെ പി ഓമനക്കുട്ടനാണ് വിജയം. കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ച വാർഡ് നിലനിർത്തുകയായിരുന്നു.

വയനാട് കൽപ്പറ്റ നഗരസഭയിലെ മുണ്ടേരി വാർഡിൽ സിപിഐ എമ്മിലെ ബിന്ദു വിജയിച്ചു. 92 വോട്ടാണ് ഭൂരിപക്ഷം. ബിന്ദുവിന് 404 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 312 വോട്ടും ബിജെപിക്ക് 22 വോട്ടും കിട്ടി. ആലപ്പുഴ ജില്ലയിൽ ചേർത്തല തെക്ക് കളരിക്കൽ വാർഡിൽ യുഡിഎഫ് വിജയിച്ചു. മിനി കുഞ്ഞപ്പനാണ് വിജയി. എൽഡിഎഫിലെ റീന ഫ്രാൻസിസിനെയാണ് തോൽപ്പിച്ചത്. യുഡിഎഫ് വാർഡ് നിലനിർത്തി.

മലപ്പുറം ജില്ലയിലെ തിരൂർ നഗരസഭയിലെ തുമരക്കാവ് വാർഡ് യുഡിഎഫ് രണ്ടു വോട്ടിന് വിജയിച്ചു. ലീഗിലെ നെടിയിൽ മുസ്തഫയാണ് വിജയി. സിപിഐ എമ്മിലെ സി കുഞ്ഞുമൊയ്തീനെയാണ് പരാജയപ്പെടുത്തിയത്. മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിലെ കൊല്ലംചിന വാർഡിൽ മുസ്‌ളീംലീഗിലെ കെ ടി ഖദീജ വിജയിച്ചു വാർഡ് യുഡിഎഫ് നിലനിർത്തി.

കോഴിക്കോട് തിക്കൊടി പഞ്ചായത്തിലെ പുറക്കാട് വാർഡിൽ കോൺഗ്രസിലെ നിട്ടോടി രാഘവൻ വിജയിച്ചു. കഴിഞ്ഞ തവണയും കോൺഗ്രസ് ജയിച്ച വാർഡാണ്. സിപിഐ എമ്മിലെ അഡ്വ. കെ സുഭാഷിനെയാണ് പരാജയപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ രാമന്തളി പഞ്ചായത്തിൽ രാമന്തളി സെൻട്രൽ വാർഡ് കോൺഗ്രസ് നിലനിർത്തി. യുഡിഎഫ് സ്വതന്ത്രൻ കെ പി രാജേന്ദ്രകുമാർ വിജയിച്ചു. സിപിഐ എമ്മിലെ കെ പി ദിനേശനെയാണ് പരാജയപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP