Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസിന്റെ വാദം ഇനി കേൾക്കുന്നത് മൂന്നാമത്തെ ജഡ്ജി; ജസ്റ്റിസ് അബ്രഹാം മാത്യുവും വിരമിക്കാനിരിക്കേ കേസ് മൂന്നാഴ്‌ച്ചത്തേക്ക് നീട്ടി വച്ചു; കേസ് നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കഴിയാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസിന്റെ വാദം ഇനി കേൾക്കുന്നത് മൂന്നാമത്തെ ജഡ്ജി; ജസ്റ്റിസ് അബ്രഹാം മാത്യുവും വിരമിക്കാനിരിക്കേ കേസ് മൂന്നാഴ്‌ച്ചത്തേക്ക് നീട്ടി വച്ചു; കേസ് നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കഴിയാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

രഞ്ജിത് ബാബു

കാസർഗോഡ്: കേരള രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കേസിൽ ഇനി വാദം കേൾക്കുക മൂന്നാമത്തെ ജഡ്ജി. കേസിന്റെ തുടക്കത്തിൽ ഹൈക്കോടതി ജസ്റ്റിസ് കെ.രാമകൃഷ്ണനാണ് വാദം കേട്ടിരുന്നത്. അതിനിടെ ജസ്റ്റിസ് രാമകൃഷ്ണൻ വിരമിച്ചതോടെ പുതിയ ജഡ്ജിയായി ജസ്റ്റിസ് അബ്രഹാം മാത്യുവാണ് ഈ തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കാൻ ചുമതലയേറ്റത്. അദ്ദേഹവും വിരമിക്കാനിരിക്കേയാണ് കഴിഞ്ഞ ദിവസം മൂന്നാഴ്‌ച്ചത്തേക്ക് നീട്ടിവെച്ചത്. ഇനി പുതുതായി നിയമിതനാവുന്ന ജഡ്ജി ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചുമതലയേൽക്കും. അതോടെ മൂന്നാമത്തെ ജഡ്ജിയാവും മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിന്റെ വാദം കേൾക്കുക. ഫലത്തിൽ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുകയാണ്.

മഞ്ചേശ്വരം എംഎ‍ൽഎ ആയിരുന്ന മുസ്ലിം ലീഗിലെ പി.ബി. അബ്ദുൾ റസാഖ് തെരഞ്ഞെടുപ്പ് കേസ് നടക്കവേ മരണമടഞ്ഞിരുന്നു. അതേ തുടർന്ന് ഈ തെരഞ്ഞെടുപ്പ് കേസ് ഇനിയും തുടരണമോ എന്ന് എതിർ സ്ഥാനാർത്ഥിയും തെരഞ്ഞെടുപ്പ് കേസിലെ എതിർ കക്ഷിയുമായ ബിജെപി.യിലെ കെ.സുരേന്ദ്രനോട് കോടതി ആരാഞ്ഞിരുന്നു. എന്നാൽ കേസ് തുടരണമെന്നായിരുന്നു സുരേന്ദ്രൻ കോടതിയെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് പി.ബി. അബ്ദുൾ റസാഖിനോട് സുരേന്ദ്രൻ പരാജയപ്പെട്ടത്. അതിനെതിരെ 289 കള്ളവോട്ടുകൾ രേഖപ്പെടുത്തിയെന്നാരോപിച്ചാണ് കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ പരാതി നൽകിയത്. അബ്ദുൾ റസാഖിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രൻ കോടതിയിൽ ബോധിപ്പിച്ചത്.

കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഹർജി പിൻവലിക്കാതെ പെട്ടെന്ന് കേസ് തീർപ്പാക്കാനാണ് കെ.സുരേന്ദ്രൻ കോടതിയിൽ അപേക്ഷിച്ചിട്ടുള്ളത്. സാധാരണ ഗതിയിൽ ഒരു സമാജികൻ മരണമടഞ്ഞാൽ ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എംഎ‍ൽഎ യോ എംപി. യോ മരണമടഞ്ഞാൽ അതാത് സഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് തീരുമാനമെടുക്കാൻ ആവശ്യപ്പെടും. എന്നാൽ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് കോടതിയിൽ തുടരുന്നതിനാൽ അനിശ്ചിതാവസ്ഥയിലാണ്.

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന 45 പേരുടെ വിസ്താരം പൂർത്തിയാക്കേണ്ടതുണ്ട്. ഇവർക്ക് കോടതി സമൻസ് അയച്ചെങ്കിലും മേൽവിലാസക്കാരനെ കണ്ടെത്താൻ കഴിയാത്തതിനാൽ സമൻസ് തിരിച്ച് വരികയായിരുന്നു. അതോടെ ഹർജിക്കാരനായ സുരേന്ദ്രനോട് കോടതി ശരിയായ മേൽ വിലാസം ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കൃത്യമായ മേൽ വിലാസം നൽകി കേസ് മുന്നോട്ട് പോവുന്നത്. അബ്ദുൾ റസാഖ് മരണമടഞ്ഞ് മൂന്ന് മാസങ്ങൾ കഴിഞ്ഞു. മഞ്ചേശ്വരത്ത് ഇപ്പോൾ നിയമ സാമാജികനില്ല. സുരേന്ദ്രൻ തെരഞ്ഞെടുപ്പ് ഹർജി പിൻവലിക്കാത്തതിനാൽ കോടതി നടപടികൾ പൂർത്തിയാക്കപ്പെടുക മാത്രമാണ് മാർഗ്ഗം. ഇക്കാലയളവിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഒന്നും ചെയ്യാനാവില്ല. ജനപ്രാതിനിധ്യ നിയമം 101 ാം വകുപ്പ് പ്രകാരം സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹർജി നിലവിലുള്ളതിനാൽ എതിർ സ്ഥാനാർത്ഥി മരിച്ചാൽ പോലും ഹർജി നിലനിൽക്കും. ഇതാണ് മഞ്ചേശ്വരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP