Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അച്ഛൻ എല്ലാ മാസവും ഗുരുവായൂരിൽ പോകുന്ന കൃഷ്ണഭക്തൻ എന്ന് ഇ പി ജയരാജൻ; ബന്ധുക്കളെല്ലാം ഗുരുവായൂരും ശബരിമലയും പോകുന്നവർ; അങ്ങനെയുള്ള ഞങ്ങളെയല്ലേ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതെന്നും മന്ത്രിയുടെ പരിഭവം; ഭക്തിയാകാം എന്ന പുത്തൻ നിലപാടിന് പിന്നാലെ തലയിലെ തോർത്തുമാറ്റി കമ്മ്യൂണിസ്റ്റ് വ്യവസായ മന്ത്രിയും

അച്ഛൻ എല്ലാ മാസവും ഗുരുവായൂരിൽ പോകുന്ന കൃഷ്ണഭക്തൻ എന്ന് ഇ പി ജയരാജൻ; ബന്ധുക്കളെല്ലാം ഗുരുവായൂരും ശബരിമലയും പോകുന്നവർ; അങ്ങനെയുള്ള ഞങ്ങളെയല്ലേ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതെന്നും മന്ത്രിയുടെ പരിഭവം; ഭക്തിയാകാം എന്ന പുത്തൻ നിലപാടിന് പിന്നാലെ തലയിലെ തോർത്തുമാറ്റി കമ്മ്യൂണിസ്റ്റ് വ്യവസായ മന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തന്റെ അച്ഛൻ എല്ലാമാസവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു എന്ന് മന്ത്രി ഇ പി ജയരാജൻ. തന്റെ ബന്ധുക്കൾ പലരും ശബരിമലയിലും ഗുരുവായൂരിലും പോകുന്നവരാണ് എന്നും അങ്ങനെയുള്ള പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന താൻ ഒരിക്കലും ഒരാളുടെയും വിശ്വാസത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം ധനസമാഹരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയുടെ പേരിൽ എത്രമാത്രം കുറ്റം കേൾക്കേണ്ടി വന്നു. എന്തു തെറ്റാണു തങ്ങൾ ചെയ്തത്. സുപ്രീം കോടതി വിധി ലംഘിക്കാൻ ആർക്കും കഴിയില്ല. തങ്ങൾക്കും അതേ ചെയ്യാൻ സാധിക്കൂ. ഒരുപാട് തെറി കേട്ടു. തിരഞ്ഞെടുപ്പിൽ തോൽപിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങളുടെ സംരക്ഷണത്തിനു വേണ്ടി കഴിയുന്നതെല്ലാം ചെയ്തു കൊടുക്കുന്നവരാണ് സിപിഎമ്മെന്നും ജയരാജൻ പറഞ്ഞു.  സിപിഎം വിശ്വാസികൾക്കൊപ്പമാണെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിലും പുറത്തു മാധ്യമങ്ങളോടും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

'ശബരിമലയിൽ യുവതികളെ കയറ്റാൻ പാർട്ടിയോ സർക്കാരോ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. എന്നാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിൽ ശത്രുവർഗം വിജയിച്ചു. സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. കോടതി മറിച്ചൊരു നിലപാടെടുത്താൽ അതും സർക്കാർ നടപ്പിൽ വരുത്തും എന്നായിരുന്നു കോടിയേരി കമ്മിറ്റിയിൽ പറഞ്ഞത്. ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തില്ല. വിശ്വാസികൾക്കൊപ്പം പ്രവർത്തിച്ചു തെറ്റിദ്ധാരണ നീക്കാൻ പാർട്ടിയിലാകെ റിപ്പോർട്ട് ചെയ്യും.

വിശ്വാസവുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ രേഖയിൽ വിശദമാക്കി. ക്ഷേത്രങ്ങളും കാവുകളും അടക്കം എല്ലാ ആരാധാനാലയങ്ങളുമായും പാർട്ടിക്കാർ ബന്ധപ്പെട്ടു പ്രവർത്തിക്കണം. ആരാധനാലയങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനു സൗകര്യമൊരുക്കണം. മതകാര്യങ്ങളിൽ പങ്കെടുക്കുന്നതിനു പാർട്ടി വിലക്കില്ല. വിശ്വാസികൾക്കു പാർട്ടി അംഗമാകാം. അംഗത്തിനു വിശ്വാസവും അവലംബിക്കാം. അതേസമയം നേതൃതലത്തിൽ പ്രവർത്തിക്കുന്നവർ പാർട്ടി സമീപനം ഉയർത്തിപ്പിടിക്കണം.
സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ കൈക്കൊണ്ട നടപടികൾ ഇടതുപക്ഷത്തിനു തിരഞ്ഞെടുപ്പിൽ ദോഷം ചെയ്‌തെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ആ വിഭാഗങ്ങൾ ഇപ്പോഴും ശത്രുപക്ഷത്താണ്. തിരിച്ചുകൊണ്ടുവരിക ശ്രമകരമായ ജോലിയാണ്. നേരത്തെ യുഡിഎഫിനെ നേരിട്ടിരുന്ന സ്ഥാനത്ത് ആർഎസ്എസിന്റെയും കേന്ദ്രഭരണത്തിന്റെയും സ്വാധീനവും പിൻബലവുമുള്ള ബിജെപി കടന്നുവന്നെന്ന രാഷ്ട്രീയമാറ്റം ഉൾക്കൊള്ളണം. ഹിന്ദു വർഗീയതയും മുസ്‌ലിം വർഗീയതയും വേരു പടർത്തുകയാണ്. കേരളത്തെ പൂർണമായി തഴയുന്ന കേന്ദ്രസർക്കാരിനെ തുറന്നുകാണിക്കുന്ന പ്രചാരണത്തിനും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

അതേസമയം, താൻ വിശ്വാസിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ മകൻ ബിനോയ് മുമ്പും ശബരിമലയിൽ പോയിട്ടുണ്ട്. ആരാധനാലയങ്ങളിൽ പോകുന്നതിനോ വിശ്വാസം അവലംബിക്കുന്നതിനോ കുടുംബാംഗങ്ങൾക്കു നേരത്തെയും വിലക്കില്ല. അതു മനസ്സിലാക്കാതെയാണു പലരും വാർത്തയാക്കുന്നത്. പാർട്ടിക്കാർ ക്ഷേത്രത്തിൽ പോയെന്നു കേട്ടാലുടനെ നടപടിയെടുക്കാറില്ല. എന്നു കരുതി സിപിഎമ്മുകാരെല്ലാം ക്ഷേത്രകാര്യങ്ങൾക്കു പോകണമെന്നു പറയാൻ തന്നെ കിട്ടില്ല. സംസ്ഥാന സെക്രട്ടറിയായ താൻ അമ്പലത്തിൽ പോയിരുന്നാൽ പാർട്ടിയുടെ കാര്യം ആരു നോക്കുമെന്നും കോടിയേരി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തന്റെ ഭക്തി പാരമ്പര്യം വ്യക്തമാക്കി മന്ത്രി ഇ പി ജയരാജനും രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP