Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരിൽ മനോരമയും മംഗളവും ജയ്ഹിന്ദും; കിഴക്കമ്പലത്ത് അഴിമതിരഹിത ഭരണത്തിന് അധികാരം പിടിച്ച ട്വന്റി-ട്വന്റിയുടെ ഉടമസ്ഥരായ കിറ്റെക്‌സ് അടയ്ക്കാനുള്ളത് ആറു കോടി രൂപ; കെൽട്രോൺ അടക്കമുള്ള സ്ഥാപനങ്ങളും തൊഴിലാളി ദ്രോഹത്തിൽ പിന്നിലല്ല

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരിൽ മനോരമയും മംഗളവും ജയ്ഹിന്ദും; കിഴക്കമ്പലത്ത് അഴിമതിരഹിത ഭരണത്തിന് അധികാരം പിടിച്ച ട്വന്റി-ട്വന്റിയുടെ ഉടമസ്ഥരായ കിറ്റെക്‌സ് അടയ്ക്കാനുള്ളത് ആറു കോടി രൂപ; കെൽട്രോൺ അടക്കമുള്ള സ്ഥാപനങ്ങളും തൊഴിലാളി ദ്രോഹത്തിൽ പിന്നിലല്ല

തിരുവനന്തപുരം: നാടൊട്ടുക്കുള്ള അനീതിയും അക്രമവും റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാദ്ധ്യമങ്ങളടക്കം തങ്ങളുടെ ജീവനക്കാരുടെ പ്രൊവിഡന്റ് അടയ്ക്കാതെ തൊഴിലാളി ദ്രോഹം നടത്തുന്നതിന്റെ തെളിവുകൾ പുറത്തുവന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുക അടക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെ പട്ടികയിൽ മലയാള മനോരമയും മംഗളവും എല്ലാം ഉൾപ്പെടുന്നു. പത്തുലക്ഷത്തിലേറെ രൂപയുടെ കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ പട്ടിക എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ-കേരള പുറത്തുവിട്ടു.

ജയ്ഹിന്ദ് ടിവി, ഇന്ത്യാവിഷൻ തുടങ്ങിയ മാദ്ധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ 396 സ്ഥാപനങ്ങളുടെ വിവരങ്ങളടങ്ങിയ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. അഴിമതിരഹിത ഭരണത്തിന് മാതൃക കാണിക്കാൻ കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി-ട്വന്റി എന്ന സംഘടനയിലൂടെ പഞ്ചായത്ത് ഭരണത്തിന് പിന്തുണ നൽകുന്ന കിറ്റെക്സ് മൂന്നു സ്ഥാപനങ്ങളിലായി 6 കോടിയിലേറെ രൂപയാണ് പ്രൊവിഡന്റ് ഫണ്ട് ഇനത്തിൽ നൽകാനുള്ളത്.

കിറ്റെക്സ് എറണാകുളം എന്ന പേരിൽ 1,84,71,000 രൂപയും കിറ്റെക്സ് ഗാർമെന്റ്സ് 77.01 ലക്ഷം രൂപയുമാണ് പ്രൊവിഡന്റ് ഫണ്ട് ഇനത്തിൽ നൽകാനുള്ള കുടിശിക. കിറ്റെക്സ് ചിൽഡ്രൻ വെയർ ലിമിറ്റഡ് 3.42, 09,000 രൂപ നൽകണം.

മലയാള മനോരമയുടെ ഉടമസ്ഥരായ എം.എം. പബ്ലിക്കേഷൻസ് 15 ലക്ഷം രൂപ നൽകാനുണ്ട്. മംഗളം പബ്ലിക്കേഷൻസ് നൽകാനുള്ളത് 1,05,85,000 രൂപയാണ്. ഇപ്പോൾ പ്രവർത്തനം നിലച്ചിരിക്കുന്ന ഇന്ത്യാവിഷൻ 2014 വരെ 1,34,53,000 രൂപ കുടിശികയിനത്തിൽ നൽകാനുണ്ടെന്ന് കണക്കുകൾ പറയുന്നു.

കെപിസിസി ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവിയും തൊഴിലാളി ദ്രോഹത്തിൽ മോശമല്ല. 29,53,000 രൂപയാണ് ജയ്ഹിന്ദിന്റെ കുടിശിക. ഇന്ത്യൻ എക്സ്പ്രസ് 45,80,000 രൂപ കുടിശിഖ വരുത്തിയിട്ടുണ്ട്. ഭാരത് ടിവി 21,23,000 രൂപ നൽകണം. 29 കോടി എട്ടു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ കുടിശിക വരുത്തിയ ആലപ്പുഴ ജില്ലാ സഹകരണ ബാങ്കാണ് പട്ടികയിലെ കേമൻ. തൊട്ടു പിന്നാലെ 20 കോടിയിലേറെ കുടിശികയുമായി മലപ്പുറം ജില്ലാ സഹകരണ ബാങ്കുമുണ്ട്.

സംസ്ഥാനത്തെ വൻകിട ആശുപത്രികളും സ്വകാര്യ സ്‌കൂളുകളും തദ്ദേശസ്ഥാപനങ്ങളും വരെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ലേക്ക്ഷോർ ആശുപത്രി, തിരുവല്ല പുഷ്പഗിരി ആശുപത്രി, മിംസ്, തിരുവനന്തപുരം കിംസ്, മലബാർ ജൂവലേഴ്സ്, ദേവസ്വം ബോർഡ് കോളേജ്, കൊച്ചി കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, പ്ലാന്റേഷൻ കോർപറേഷൻ, സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ തുടങ്ങിയവ പട്ടികയിലെ ചില പ്രമുഖർ മാത്രമാണ്.

കണ്ണൂരിലെ കെൽട്രോൺ ക്രിസ്റ്റൽസ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള, മലബാർ സ്പിന്നിങ്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ്, തിരുവനന്തപുരത്തെ കെൽട്രോൺ പ്രൊജക്ട്‌സ്, കെൽട്രോൺ ഡിജിറ്റൽ ട്രാൻസ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള, ശ്രീചിത്തിര തിരുനാൾ റിസേർച്ച് സെന്റർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും പ്രൊവിഡന്റ് ഫണ്ട് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നു.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമമനുസരിച്ച് തൊഴിലാളികൾക്ക് നൽകുന്ന ശമ്പളത്തിൽ നിന്ന് നിശ്ചിത ശതമാനം തുകയും തൊഴിലുടമ സമാനമായ തുകയും ചേർത്താണ് അടക്കേണ്ടത്. തൊഴിലാളികളുടെ വിഹിതം ശമ്പളത്തിൽ നിന്ന് പിടിച്ച ശേഷമാണ് എല്ലായിടത്തും ശമ്പളം നൽകാറുള്ളത്. ജീവനക്കാരുടെ വേതനത്തിന്റെ ഒരംശം അനധികൃതമായി തടഞ്ഞുവെക്കപ്പെടുകയാണ് പ്രൊവിഡന്റ് ഫണ്ട് തുക സ്ഥാപനങ്ങൾ അടക്കാതെ വരുമ്പോൾ നടക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ട മാദ്ധ്യമങ്ങളിലെ ജീവനക്കാർ പോലും തൊഴിൽ ചൂഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ കണക്കുകൾ നൽകുന്ന സൂചന.

പട്ടിക കാണാൻ ലിങ്ക് സന്ദർശിക്കാം
http://www.epfkerala.in/majdef08.html

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP