Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകന് അഡ്‌മിഷൻ നൽകാൻ വിസമ്മതിച്ച കോളേജിന്റെ കെമിസ്ട്രി ലാബിൽ എക്‌സൈസുകാർ റെയ്ഡ് നടത്തിയ സംഭവം; എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു ; ചേർത്തല സെന്റ് മൈക്കിൾ കോളേജിലെ ലാബിൽ റെയ്ഡ് നടത്തിയ സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

മകന് അഡ്‌മിഷൻ നൽകാൻ വിസമ്മതിച്ച കോളേജിന്റെ കെമിസ്ട്രി ലാബിൽ എക്‌സൈസുകാർ റെയ്ഡ് നടത്തിയ സംഭവം; എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു ; ചേർത്തല സെന്റ് മൈക്കിൾ കോളേജിലെ ലാബിൽ റെയ്ഡ് നടത്തിയ സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ചേർത്തല: മകന് അഡ്‌മിഷൻ ലഭിക്കാത്തതിന്റെ വൈരാഗ്യത്തിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ റെയ്ഡ് നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ചേർത്തല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ടി ജയിംസ്, സിവിൽ എക്‌സൈസ് ഓഫിസർ എ. തോമസ് എന്നിവരെയാണ് എക്‌സൈസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച ചേർത്തല എക്‌സൈസ് സിഐ കെ.ടി.ജയിംസിന്റെ നേതൃത്വത്തിൽ നാല് ഉദ്യോഗസ്ഥരാണു കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. കോളേജിലെ കെമിസ്ട്രി ലാബിൽ പഠനാവശ്യത്തിനായി സൂക്ഷിച്ചിരുന്ന 150 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. ലാബിൽ സ്പിരിറ്റ് ഉപയോഗിക്കാൻ ലൈസൻസ് പുതുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു റെയ്ഡ്.

സ്പിരിറ്റ് പിടിച്ചെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥൻ കേസാക്കിയില്ല. മകന് അഡ്‌മിഷൻ നൽകിയാൽ കേസ് ഒത്തു തീർപ്പാക്കാമെന്നും അറിയിച്ചു. തുടർന്നു കോളജ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ മുഖ്യമന്ത്രിയെയും എക്‌സൈസ് കമ്മിഷണറെയും നേരിട്ടുകണ്ടു പരാതി നൽകി.

പള്ളിപ്പുറം സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകനു മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനം ആവശ്യപ്പെട്ടു തന്നെ സമീപിച്ചിരുന്നതായി കോളജ് മാനേജർ പറഞ്ഞു. സാഹചര്യം അനുസരിച്ചു പരിഗണിക്കാമെന്ന് ഉറപ്പുകൊടുത്തിരുന്നെങ്കിലും സീറ്റ് കിട്ടില്ലെന്ന ധാരണയിൽ ഭീഷണിപ്പെടുത്താനാണു ശ്രമിച്ചതെന്നു മാനേജർ പറഞ്ഞു. റെയ്ഡിനു മുൻപു പ്രിൻസിപ്പലിനെ ഉദ്യോഗസ്ഥൻ ഫോണിൽ വിളിക്കുകയും സീറ്റ് തന്നില്ലെങ്കിൽ റെയ്ഡ് ചെയ്യുമെന്നു പറയുകയും ചെയ്തതായി മാനേജർ വ്യക്തമാക്കി.

റെയ്ഡിന് ശേഷം കോളേജിൽ വിളിച്ച ഉദ്യോഗസ്ഥൻ പത്ത് വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ഉദ്യോഗസ്ഥന്റെ മകന് അഡ്‌മിഷൻ നൽകിയാൽ കേസ് ഒത്തുതീർപ്പാക്കാമെന്നും അറിയിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് കോളേജ് മാനേജ്മെന്റും പ്രിൻസിപ്പലും മുഖ്യമന്ത്രിക്കും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിനും പരാതി നൽകി. സംഭവത്തിൽ ഋഷിരാജ് സിങ്ങ് ആലപ്പുഴ ഡപ്യൂട്ടി കമ്മീഷണറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ കോളജിലെത്തി മാനേജർ, പ്രിൻസിപ്പൽ, കെമിസ്ട്രി വിഭാഗം മേധാവി എന്നിവരിൽനിന്നു മൊഴിയെടുത്തു. റെയ്ഡിനു നേതൃത്വം നൽകിയ എക്‌സൈസ് സിഐ, സിവിൽ ഓഫിസർമാർ എന്നിവരുടെ മൊഴിയും എടുത്തു.

അതേസമയം, കോളജിലെ പരിശോധനയും പ്രവേശനവുമായി ബന്ധമില്ലെന്ന് സിഐ കെ.ടി.ജയിംസ് പറഞ്ഞു. ലാബിൽ സ്പിരിറ്റ് സൂക്ഷിക്കാനുള്ള ലൈസൻസ് കോളജ് പുതുക്കിയിരുന്നില്ല. നിയമപരമായ നടപടി മാത്രമാണു സ്വീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനമായതിനാലാണു കേസെടുക്കാതിരുന്നതെന്നും സിഐ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP