Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ പൂങ്കാവനത്തിൽ ജാറിൽ നിറച്ച സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; 360 കിലോ സ്‌ഫോടവസ്തുക്കൾ കണ്ടെടുത്തത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള തിരച്ചിലിൽ; ബാബ്‌റി ദിനത്തിന് മുന്നോടിയായി ഹെലികോപ്റ്റർ, ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ സുരക്ഷ ശക്തമാക്കി

ശബരിമലയിൽ പൂങ്കാവനത്തിൽ ജാറിൽ നിറച്ച സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; 360 കിലോ സ്‌ഫോടവസ്തുക്കൾ കണ്ടെടുത്തത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള തിരച്ചിലിൽ; ബാബ്‌റി ദിനത്തിന് മുന്നോടിയായി ഹെലികോപ്റ്റർ, ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ സുരക്ഷ ശക്തമാക്കി

ശബരിമല: ശബരിമല പൂങ്കാവനത്തിൽ നിന്നും 360 കിലോ സ്‌ഫോടക വസ്തു കണ്ടെടുത്തതായി റിപ്പോർട്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിലാണ് ജാറിൽ നിറച്ച നിലയിൽ വെടിമരുന്ന് കണ്ടെത്തിയത്. ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ആറ് വിഭാഗങ്ങളായി തിരിഞ്ഞ് ശബരിമലയിലെ കാട്ടിനുള്ളിൽ തിരച്ചിൽ നടത്തിയപ്പോഴാണ് വെടിമരുന്ന് കണ്ടെത്തിയസംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച ഉച്ചയോടെ ശബരിപീഠത്തിൽ നിന്നു 150 മീറ്റർ അകലെ പരിശോധന നടത്തിയപ്പോഴാണ് കൂറ്റൻ മരത്തിനടിയിൽ പടുതയിട്ടു മൂടിയ നിലയിൽ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. ശബരിപീഠത്തിൽ വിഷു ഉൽസവം വരെ വെടി വഴിപാട് നടന്നിരുന്നു. പിന്നീടിത് വനം വകുപ്പ് തടഞ്ഞു. അന്നു സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കാനുകളുടെ പുറത്ത് നിറഞ്ഞിരിക്കുന്ന ചെളിയും മണ്ണുമാണ് ഇത്തരത്തിൽ വിലയിരുത്താൻ കാരണം. സ്‌ഫോടക വസ്തു ശേഖരം ട്രാക്ടറിൽ പൊലീസ് സന്നിധാനത്തേക്കു നീക്കി. സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്ന ദേവസ്വം ബോർഡിന്റെ മാഗസിനിലേക്ക് ഇതു മാറ്റി.

കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്‌സ്‌പ്ലോസീവ് കൺട്രോളറെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കൺട്രോളർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം വെടിമരുന്ന് എന്തു ചെയ്യണമെന്ന് തീരുമാനിക്കും. ബോംബ് സ്‌ക്വാഡിലെ സിഐ സത്യദാസ്, സന്നിധാനം എസ്‌ഐ അശ്വിത് എം. കാരായ്മയിൽ, സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ സദാശവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌ഫോടകവസ്തു പിടിച്ചത്. സന്നിധാനം പൊലീസ് കേസെടുത്തു. അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിനമായതിനാൽ എല്ലാവർഷത്തേയും പോലെ ഇക്കുറിയും സുരക്ഷാ സന്നാഹങ്ങൾ ശബരിമലയിലും പരിസര പ്രദേശങ്ങളിലും ശക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ അയ്യപ്പന്മാരെ കടത്തിവിടുന്നതും കർശന പരിശോധനകൾക്കു ശേഷമാകും. സന്നിധാനത്തും പമ്പയിലുമുൾപ്പെടെ സൂക്ഷമ നിരീക്ഷണത്തിനും സുരക്ഷാ നടപടികൾ ശക്തമാക്കാനും കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ നിർദ്ദേശം നൽകിയിരുന്നു.

ഇതിന്റെ ഭാഗമായാണ് ക്ഷേത്രത്തിന്റെ പ്രദേശമായി അറിയപ്പെടുന്ന പൂങ്കാവനത്തിൽ കാട്ടിനുള്ളിലും പരമ്പരാഗത കാനനപാതയിലും പുൽമേട്ടിലൂടെയുള്ള വഴിയിലും ഉൾപ്പെടെ സുരക്ഷ ശക്തമാക്കുകയും പരിശോധനകൾ നടത്തുകയും ചെയ്യുന്നത്. ഇക്കുറി ചരിത്രത്തിലാദ്യമായി ശബരിമലയും പരിസര പ്രദേശങ്ങളിലും ഹെലികോപ്റ്റർ വഴിയുള്ള നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിന് ചെറു ഡ്രോണുകളും ഉപയോഗിക്കും. നിലമ്പൂരിൽ മാവോയിസ്റ്റ്‌പൊലീസ് വെടിവയ്‌പ്പുണ്ടായ സാഹചര്യത്തിലും ഇക്കുറി പ്രത്യേകം സുരക്ഷയ്ക്ക് നിർദ്ദേശമുണ്ട്.

വരുംദിവസങ്ങളിൽ കൂടുതൽ ഫോഴ്‌സിനെ സുരക്ഷയ്ക്കായി നിയോഗിക്കും. കേന്ദ്രസേനയും സംസ്ഥാന പൊലീസും സംയുക്തമായി നേതൃത്വം നൽകും. ഇതിന്റെ ഭാഗമായി നടത്തിയ കോമ്പിങ് ഓപ്പറേഷനിലാണ് ഇന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്ന സൂചനകളാണ് ലഭിക്കുന്നത്. സന്നിധാനം, മരക്കൂട്ടം, ഉപ്പുപാറ, പുൽമേട് തുടങ്ങിയ സ്ഥലങ്ങളിലും മലമേടുകളിലും പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയേയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

ക്ഷേത്രത്തിന് തൊട്ടുള്ള പ്രധാന സ്ഥലങ്ങളിലും വാച്ച് ടവറുകളിലും ഉൾപ്പെടെ സായുധ കമാൻഡോകളെയും ദ്രുതകർമ്മ സേനയേയും വിന്യസിച്ചിട്ടുണ്ട്. അത്താഴ പൂജ കഴിഞ്ഞ് നടയടച്ചാലുടൻ പ്രത്യേകം പരിശീലനം ലഭിച്ച വിദഗ്ധ സംഘം സന്നിധാനത്തും പരിസരത്തും പ്രത്യേകമായി സൂക്ഷമപരിശോധന നടത്തും.ഭക്തർക്ക് നിയന്ത്രണങ്ങളും ഉണ്ടാകും.

മാളികപ്പുറം ക്ഷേത്രവും ഗണപതി ക്ഷേത്രം കോംപ്ലെക്‌സും പമ്പയിലെ കേന്ദ്രങ്ങളും കർശന നിരീക്ഷണത്തിലായിരിക്കും. ഇതോടൊപ്പം പമ്പയിലും സന്നിധാനത്തുമുൾപ്പെടെ ജലവിതരണം നടത്തുന്ന ടാങ്കുകൾക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് വെള്ളമെത്തുന്ന കുന്നാർ ഡാം പരിസരവും കനത്ത സുരക്ഷയിലാണ്.

ക്ഷേത്രം അടച്ചുകഴിഞ്ഞാൽ പതിനെട്ടാം പടിക്കുമുകളിലേക്ക് ആർക്കും പ്രവേശനം അനുവദിക്കില്ല. ശ്രീകോവിലിന് അടുത്തേക്ക് വടക്കേ ഗേറ്റ് വഴിയും ആരെയും കയറാൻ അനുവദിക്കില്ല. ഡിസംബർ  അഞ്ച്, ആറ്, ഏഴ് തീയതികളിലായിരിക്കും ഭക്്തർക്ക് കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP