Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഫ്.എ.സി.റ്റി.യിൽ ജോലി വാഗ്ദാനം ചെയ്ത് 1.16 ലക്ഷം രൂപ തട്ടിപ്പ്; കോടതിയിൽ ഹാജരാകാത്ത സാക്ഷികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; പ്രതികൾ തമിഴ്‌നാട് ഡി.എം.കെയുടെ കേരള ഘടകം ചെയർമാനും വനിതാ സെക്രട്ടറിയും

എഫ്.എ.സി.റ്റി.യിൽ ജോലി വാഗ്ദാനം ചെയ്ത് 1.16 ലക്ഷം രൂപ തട്ടിപ്പ്; കോടതിയിൽ ഹാജരാകാത്ത സാക്ഷികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; പ്രതികൾ തമിഴ്‌നാട് ഡി.എം.കെയുടെ കേരള ഘടകം ചെയർമാനും വനിതാ സെക്രട്ടറിയും

പി നാഗരാജ്‌

തിരുവനന്തപുരം: എഫ്.എ.സി.റ്റി.യിൽ ജോലി വാഗ്ദാനം ചെയ്ത് 1,16,000 രൂപ തട്ടിയെടുത്ത കേസിൽ സാക്ഷി മൊഴി നൽകാൻ ഹാജരാകാത്തതിന് സാക്ഷികൾക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എ.എസ്.മല്ലികയാണ് 3 സാക്ഷികളെയും നവംബർ 30 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകിയത്.

തമിഴ്‌നാട് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പാർട്ടിയുടെ കേരള ഘടകം വനിതാ വിഭാഗം സെക്രട്ടറി കുന്നുകുഴി ശ്രീപത്മം വീട്ടിൽ കുമാരി. എസ്.നായർ (50), കേരള ഘടകം ചെയർമാനും വഴുതക്കാട് ആൾ ഇന്ത്യ റേഡിയോയിലെ (എ.ഐ.ആർ) പ്രോഗ്രാം പ്രൊഡ്യൂസറുമായ രാധാകൃഷ്ണൻ (52) എന്നിവരാണ് ജോലി തട്ടിപ്പ് കേസിലെ പ്രതികൾ. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന എറണാകുളം കണയന്നൂർ താലൂക്കിൽ ഇ.ആർ.ജി.റോഡിൽ മണപ്പുറത്ത് വീട്ടിൽ ഇബ്രാഹിം (53) ആണ് പരാതിക്കാരൻ. 2009 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതികൾക്ക് വാദിയെ പറഞ്ഞ് വിശ്വസിപ്പിച്ച് ചതിക്കണമെന്ന ഉദ്ദേശത്തോടെ വാദിയുടെ അനുജന് എഫ്എസിറ്റി യിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മെയ് 25 ന് കുമാരിക്ക് അക്കൗണ്ടുള്ള ഐസിഐസിഐ ബാങ്കിന്റെ തിരുവനന്തപുരം മെയിൻ ബ്രാഞ്ച് അക്കൗണ്ടിലേക്ക് 90,000 രൂപ നിക്ഷേപിച്ചും മെയ് 28ന് 26,000 രൂപ മദ്രാസിലെ ന്യൂ വെങ്കിടേശ്വര ഹോട്ടലിൽ വച്ച് കൈപ്പറ്റിയും വാദിയുടെ അനുജന് ജോലി വാങ്ങി കൊടുക്കാത്തതിനാൽ പണം തിര്യെ ചോദിച്ച വാദിയെ ഫോണിൽ കൂടി ഭീഷണിപ്പെടുത്തിയും വാദിയിൽ നിന്നും 1,16,000 രൂപ കൈപ്പറ്റിയ ശേഷം ജോലി വാങ്ങിക്കൊടുക്കുയോ പണം തിര്യെക്കൊടുക്കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് കേസ്.

എറണാകുളത്ത് ബിസിനസ്സുകാരനായ സജി എന്ന സജീവൻ മുഖേനയാണ് ഇബ്രാഹിം തിരുവനന്തപുരത്തുള്ള കുമാരിയെ പരിചയപ്പെട്ടത്.തന്റെ ഇളയ അനുജൻ ജോലിയൊന്നും ഇല്ലാതെ നിൽക്കുന്ന കാര്യം പറഞ്ഞപ്പോൾ എഫ്എസിറ്റി യിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് കുമാരി പറഞ്ഞു.2009 മെയ് 21ന് കുമാരി ഇബ്രാഹിമിനെ ഫോണിൽ വിളിച്ചിട്ട് ജോലിക്കാര്യം ശരിയായിട്ടുണ്ടെന്നും ഉടൻ തിരുവനന്തപുരത്ത് വരാനാവശ്യപ്പെടുകയും ചെയ്തു. പിറ്റേന്ന് ഇബ്രാഹിം തിരുവനന്തപുരത്ത് വന്ന് കുമാരി പറഞ്ഞ പ്രകാരം സൗത്ത് പാർക്ക് ഹോട്ടലിൽ ചെന്നു. രാവിലെ 11.30 മണിയോടെ കുമാരി ഹോട്ടലിൽ വന്ന് അദ്ദേഹത്തെയും കൂട്ടി ഒരാളെ പരിചയപ്പെടുത്താമെന്നും പറഞ്ഞ് വഴുതക്കാട് എ ഐ ആർ ഓഫീസിലെത്തി രാധാകൃഷ്ണനെ പരിചയപ്പെടുത്തി.

തന്റെ അനുജന് ജോലി കിട്ടണമെങ്കിൽ 3 ലക്ഷം രൂപ കൊടുക്കണമെന്നും അതിൽ 1.5 ലക്ഷം രൂപ മുൻകൂറായി കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അവരുടെ സംസാരത്തിൽ വിശ്വാസം തോന്നിയതിനാൽ രൂപ കൊടുക്കാമെന്നേറ്റു. അപ്പോൾ കുമാരിയുടെ ബാങ്ക് അക്കൗണ്ടിൽ രൂപ ഇട്ടാൽ മതിയെന്ന് പറഞ്ഞ് അക്കൗണ്ട് നമ്പർ കൊടുത്തു. അപ്രകാരം അദ്ദേഹംതിര്യെ നാട്ടിൽ പോയിട്ട് 25 ന് കുമാരിയുടെ തിരുവനന്തപുരം ഐ സി ഐ സി ബാങ്കിലെ അക്കൗണ്ടിലേക്ക് 90,000 രൂപ നിക്ഷേപിച്ചു. ബാക്കി രൂപയുമായി 28 ന് മദ്രാസിൽ എത്തണമെന്ന് പറഞ്ഞതനുസരിച്ച് അദ്ദേഹം മദ്രാസിലെത്തി. അവിടത്തെ ന്യൂ വെങ്കിടേശ്വര ഹോട്ടലിൽ വച്ച് 26,000 രൂപ പ്രതികളെ ഏൽപ്പിച്ചു. അവർ രൂപ വാങ്ങിയിട്ട് ജോലി ഉടനെ ശരിയാകുമെന്നും വിവരമറിയിക്കാമെന്നും പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചു.

പറഞ്ഞ അവധി കഴിഞ്ഞിട്ടും വിളിക്കാത്തതിനാൽ സംശയം തോന്നി കുമാരിയെ വിളിച്ച് കാര്യം തിരക്കി. ഉടനെ ശരിയാകുമെന്ന് പറഞ്ഞ് നാൾ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് പല പ്രാവശ്യം വിളിച്ചപ്പോഴൊക്കെ പല ഒഴിവു കഴിവുകൾ പറഞ്ഞതിനാൽ ജോലി വേണ്ട, പണം തിര്യെ തന്നാൽ മതിയെന്നും ആവശ്യപ്പെട്ടു. ആദ്യമൊക്കെ രൂപ തരാം എന്നു പറഞ്ഞ കുമാരി പിന്നീട് രൂപ തരില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി. തുടർന്നാണ് വാദി മ്യൂസിയം പൊലീസിൽ 2010 മാർച്ച് 9 ന് പരാതിപ്പെട്ടത്.വിവരത്തിന് മൊഴി വാങ്ങി കേസെടുത്ത മ്യൂസിയം പൊലീസ് 2011 ജൂലൈ 5 ന് അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം സമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP