Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫൈസൽ വധത്തിലെ പ്രശ്‌നങ്ങൾക്ക് അവസാനമില്ല; സിപിഐ(എം) നേതാവിന്റെ വാഹനങ്ങൾക്ക് തീയിട്ടവരെ തേടി പൊലീസ്

ഫൈസൽ വധത്തിലെ പ്രശ്‌നങ്ങൾക്ക് അവസാനമില്ല; സിപിഐ(എം) നേതാവിന്റെ വാഹനങ്ങൾക്ക് തീയിട്ടവരെ തേടി പൊലീസ്

എംപി റാഫി

മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ ഒന്നാം പ്രതി പ്രജീഷിന്റെ വീട്ടിൽ തെളിവെടുപ്പ് പകർത്താനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കു നേരെ ആർ.എസ്.എസിന്റെ അക്രമമുണ്ടായതിനു പിന്നാലെ പ്രദേശത്ത് സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെ വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച നിലയിൽ.

കഴിഞ്ഞ ദിവസം നടന്ന ആർഎസ്എസ് നേതാവിന്റെ കിഡ്നാപ്പിംങും സമീപ പ്രദേശത്തായിരുന്നു നടന്നത്. കൂടാതെ ഫൈസൽ വധക്കേസിലെ പ്രതികളെ സംരക്ഷിച്ച ആർഎസ്എസ് ആസ്ഥാനം സംഘമന്ദിരം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ഘടകങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഫൈസൽ വധക്കേസിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പ്രതിഷേധങ്ങളും അതീവ ഗൗരവത്തോടെയാണ് പൊലീസും രഹസ്യാന്വേഷണ വിഭാഗവും കാണുന്നത്.

ഫൈസൽ വധക്കേസിലെ ഒന്നാം പ്രതിയായ പ്രജീഷിന്റെ വീട് സ്ഥിതി ചെയ്യുന്ന മംഗലം പുല്ലുണിയിലാണ് സിപിഐ(എം) നേതാവിന്റെ വാഹനങ്ങൾ കഴിഞ്ഞ ദിവസം തീയിട്ട് നശിപ്പിച്ചത്. ഫൈസൽ വധവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതികളുടെ പ്രദേശങ്ങളിൽ സംഘർഷം പടരുന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഫൈസൽ വധക്കേസിലെ മുഖ്യ പ്രതികൾ ആരൊക്കെയാണെന്ന വിവരം പുറത്തറിയുകയും പ്രതികൾ കൃത്യം നടത്തിയ ശേഷം തിരൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നതായുമുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. ഇവിടങ്ങളിലെല്ലാം പൊലീസ് തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു. എന്നൽ തുടരെയുണ്ടാകുന്ന പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളുമെല്ലാം പടരുന്ന സാഹചര്യം അതീവ ഗൗരവമായാണ് രഹസ്യാന്വേഷണ വിഭാഗവും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ സിപിഐ(എം), ആർഎസ്എസ് സംഘർഷം നടന്നിരുന്ന പ്രദേശമായിരുന്നു മംഗലം പുല്ലുണി. ഇവിടെ സിപിഐ(എം) നേതാക്കളെ ആക്രമിച്ച കേസിൽ പ്രതിയായിരുന്നു ഫൈസൽ വധക്കേസിലെ പ്രതി പ്രജീഷ് എന്ന ബാബു. മംഗലം പുല്ലുണിയിൽ ശനിയാഴ്ച പുലർച്ചെയാണ് സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ തീയിട്ടത്. പുല്ലുണി കനവിൽ ശ്രീകുമാറിന്റെ ഭാര്യ ഡോ.നളിനിയുടെ ആൾട്ടോ കാറും മകന്റെ സ്‌കൂട്ടറുമാണ് കത്തിയ നിലയിൽ കണ്ടത്. കാറിന്റെ മുൻഭാഗവും സ്‌കൂട്ടർ പൂർണമായും കത്തി നശിച്ച നിലയിലായിരുന്നു.

വെള്ളിയാഴ്ച രാത്രി 2.30ഓടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ തീ പടരുന്നതാണ് കണ്ടത്. തുടർന്ന് ഓടിക്കൂടിയവർ ചേർന്ന് തീ അണക്കുകയായിരുന്നു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. സംഭവത്തിനു പിന്നിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണെന്ന് സിപിഐ(എം) ആരോപിച്ചു. സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇതനുസരിച്ച് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി തിരൂർ സി.ഐ എം.കെ ഷാജി പറഞ്ഞു. എന്നാൽ ഫൈസൽ വധത്തെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പ്രതിഷേധങ്ങളും പടരുന്നത് പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പ്രതികളെ സംരക്ഷിച്ച ആർഎസ്എസ് ആസ്ഥാനമായ സംഘമന്ദിരം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിംയൂത്ത് ലീഗ് ഇന്നലെ പ്രകടനം നടത്തി.

അതേസമയം ഫൈസൽ വധക്കേസിൽ ഇപ്പോൾ പൊലീസിന്റെ തിരക്കഥയാണ് നടക്കുന്നതെന്നും പിടികൂടിയവർ പ്രതികളല്ലെന്നുമുള്ള വാദവുമായി ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്തെത്തി. കേസിലെ തെളിവുകൾ നിലനിൽക്കില്ലെന്നും ഭരണ സ്വാധീനമുപയോഗിച്ച് ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കുടുക്കുകയായിരുന്നുവെന്നുമുള്ള ന്യായീകരണവുമായാണ് നേതാക്കളെത്തിയത്. ഫൈസൽ വധം കുടുംബ പ്രശ്നമാക്കി വളച്ചൊടിക്കാനുള്ള ബിജെപി ശ്രമത്തെ പ്രതിരോധിക്കാനാണ് സിപിഐ(എം), ലീഗ് അടക്കമുള്ള പാർട്ടികളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP