Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും വ്യാജ ദിനേശ് ബീഡി നിർമ്മിച്ച് വിതരണം ചെയ്ത് കോടികൾ സമ്പാദിച്ച പ്രതിയുടെ പ്രധാന കൂട്ടാളിയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയത് 18,000 കെട്ട് വ്യാജ ദിനേശ് ബീഡി; പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപെട്ട് മുഹമ്മദ് കോയ

കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും വ്യാജ ദിനേശ് ബീഡി നിർമ്മിച്ച് വിതരണം ചെയ്ത് കോടികൾ സമ്പാദിച്ച പ്രതിയുടെ പ്രധാന കൂട്ടാളിയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയത് 18,000 കെട്ട് വ്യാജ ദിനേശ് ബീഡി; പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപെട്ട് മുഹമ്മദ് കോയ

രഞ്ജിത്ത് ബാബു

കണ്ണൂർ: കേരളത്തിനകത്തും കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും വ്യാജ ദിനേശ് ബീഡി നിർമ്മിച്ച് വിതരണം ചെയ്ത് കോടികൾ സമ്പാദിച്ച പ്രതിയുടെ പ്രധാന കൂട്ടാളിയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ 18,000 കെട്ട് വ്യാജ ദിനേശ് ബീഡി. കോഴിക്കോട് താമരശ്ശേരി തച്ചൻപൊയിലിലെ പുതിയാറമ്പത്ത് ഒ.പി. മുഹമ്മദ് കോയയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പരിശോധനക്കെത്തിയ പൊലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

18,000 കെട്ട് വ്യാജ ദിനേശ് ബീഡിക്ക് പുറമേ നിരവധി ലേബലുകളും പിടിച്ചെടുത്തു. ഈ മാസം 16 ന് ഈ കേസിലെ പ്രധാന പ്രതി കണ്ണൂർ രാമന്തളിയിലെ വി. രാജീവനെ പൊലീസ് പിടികൂടിയിരുന്നു. മൂവാറ്റുപുഴയിലെ ഇയാളുടെ ഗോഡൗണിൽ നിന്നും വ്യാജ ദിനേശ് ബീഡിയുടെ ലക്ഷക്കണക്കിന് കെട്ടുകളും ലേബലുകളും പിടിച്ചെടുത്തിരുന്നു. ഈ കേസിൽ ജയിലിൽ കഴിയുന്ന രാജീവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഈ കേസിൽ മുഹമ്മദ് കോയയുടെ കൂടി പങ്കിനെക്കൂറിച്ച് വിവരം ലഭിച്ചത്.

തളിപ്പറമ്പ് ഡി.വൈ. എസ്. പി. ടി.കെ. രത്നകുമാറിന്റെ നിർദേശ പ്രകാരം എസ്‌ഐ. കെ.പി. ഷൈൻ, എഎസ്ഐ. വി.എ. മാത്യു, ക്രൈം സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ.വി. രമേശൻ എന്നിവർ സർച്ച് വാറണ്ടുമായെത്തി താമരശ്ശേരി പൊലീസിന്റെ സഹായത്തോടെ മുഹമ്മദ് കോയയെ പിടികൂടാൻ ശ്രമം നടത്തവേയാണ് അയാൾ രക്ഷപ്പെട്ടത്. മുഹമ്മദ് കോയയുടെ വീടിന്റെ മുകളിൽ ഉണക്കാൻ അട്ടിയിട്ട കൊപ്ര ചാക്കിനിടയിലാണ് വ്യാജ ദിനേശ് ബീഡിയും ലേബലുകളും കണ്ടത്. കഴിഞ്ഞ 17 വർഷമായി വ്യാജ ബീഡി വിൽപ്പന നടത്തി വരികയാണ് മുഹമ്മദ് കോയ. ഇത്രയും കാലം കൊണ്ട് ലക്ഷക്കണക്കിന് രൂപ ഇയാൾ ഇതുവഴി സമ്പാദിച്ചു.

നേരത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം നേരിട്ട് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. താമരശ്ശേരിയിലെ പ്രമുഖ കുടുംബത്തിൽപെട്ടയാളാണ് മുഹമ്മദ് കോയ. ഇയാളുടെ മകൻ കോളേജ് അദ്ധ്യാപകനാണ്. മരുമകൾ ഡോക്ടറുമാണ്. രക്ഷപ്പെട്ട മുഹമ്മദ് കോയക്കു വേണ്ടി കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വ്യാജ ബീഡി കേസിൽ ശിവകാശിയിലെ മുരുകൻ, തിരുച്ചിറപ്പള്ളിയിൽ നിന്നും ബീഡി നിർമ്മിച്ച് കേരളത്തിലെത്തിക്കുന്ന ജോൺസൺ എന്നിവരെക്കൂടി പിടികിട്ടാനുണ്ട്.

കേരളത്തിൽ ദിനേശ് ബീഡിയെ പോലെ തമിഴ്‌നാട്ടിലെ പ്രമുഖ ബീഡി കമ്പനിയായ കാജാ ബീഡിയും തകർച്ചയിലേക്ക് കൂപ്പുകുത്തിയത് ഇതേ സംഘത്തിന്റെ വ്യാജബീഡി നിർമ്മാണം കൊണ്ടാണ്. സർക്കാറിലേക്ക് ഒരു വിധത്തിലുള്ള നികുതികളും അടക്കാതെയാണ് ഇത്രയും സാമ്പത്തിക ലാഭം ഇവർ ഉണ്ടാക്കിയത്. വ്യാജ ബില്ലുകൾ നിർമ്മിച്ചാണ് മുഴുവൻ വിൽപ്പനയും. ഇടനിലക്കാരായ ഏജന്റുമാരും നിർമ്മാതാക്കളും വ്യാജ ബീഡികൊണ്ട് സമ്പന്നരായി മാറിയിട്ടുണ്ട്. വ്യാപാരികളിലെ ഒരു വിഭാഗവും അറിഞ്ഞുകൊണ്ടു തന്നെ ഇതിന് കൂട്ടു നിന്നിരുന്നു.

രാജീവനെ അറസ്റ്റ് ചെയ്തതോടെ വ്യാജ ബീഡി മാഫിയക്കാർ ഒന്നടക്കം ഒളിവിൽ പോയിരിക്കയാണെന്ന് പൊലീസ് പറയുന്നു. 5 ലക്ഷം കെട്ടു ബീഡിക്ക് ആവശ്യമായ വ്യാജ ദിനേശ് ലേബലിലാണ് പെരുമ്പാവൂർ കെ.എസ്. ആർ.ടി.സി. സ്റ്റാൻിന് സമീപത്തെ ഗോഡൗണിൽ നിന്നും കണ്ടെത്തിയത് രാജീവൻ വാടകക്കെടുത്ത പെരുമ്പാവൂരിലെ ഒരു വീട്ടിലും ബീഡി നിർമ്മാണം നടക്കുന്നുണ്ട്. പാക്കിങിനു മാത്രം 400 ഓളം സ്ത്രീ തൊഴിലാളികളെ രാജീവൻ നിയോഗിച്ചിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിലും തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും ബീഡി വിൽപ്പന നടത്താൻ ഏജന്റുമാരുടെ ശ്രൃംഖല തന്നെയുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP