Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫസലിനെ കൊന്നത് കാരായിമാരല്ലെന്നു സമ്മതിച്ച് ആർഎസ്എസുകാരന്റെ മൊഴി; തീർത്തതുകൊടിമരവും ബോർഡും സ്ഥിരമായി നശിപ്പിച്ച എൻഡിഎഫുകാരനോടുള്ള പക; സുബീഷിന്റെ വെളിപ്പെടുത്തലോടെ താൽക്കാലിക ആശ്വാസമാകുന്നത് സിപിഐഎമ്മിനും കാരായി സഹോദരന്മാർക്കും

ഫസലിനെ കൊന്നത് കാരായിമാരല്ലെന്നു സമ്മതിച്ച് ആർഎസ്എസുകാരന്റെ മൊഴി; തീർത്തതുകൊടിമരവും ബോർഡും സ്ഥിരമായി നശിപ്പിച്ച എൻഡിഎഫുകാരനോടുള്ള പക; സുബീഷിന്റെ വെളിപ്പെടുത്തലോടെ താൽക്കാലിക ആശ്വാസമാകുന്നത് സിപിഐഎമ്മിനും കാരായി സഹോദരന്മാർക്കും

കണ്ണൂർ: കോളിളക്കമുണ്ടാക്കിയ തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസലിന്റെ കൊലപാതകത്തിനു പിന്നിൽ തങ്ങളാണെന്നു വെളിപ്പെടുത്തി ആർഎസ്എസ് പ്രവർത്തകന്റെ മൊഴി. നിരന്തരമായി ആർഎസ്എസിന്റെ കൊടിമരവും ബോർഡും നശിപ്പിച്ചതിലെ പ്രതികാരമാണ് ഫസലിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നും തലശേരി ചെമ്പ്ര സ്വദേശി സുബീഷ് മൊഴി നൽകി. മൊഴിയുടെ വീഡിയോ പകർപ്പു പുറത്തുവന്നു. താനടക്കം നാലുപേർ ചേർന്നാണ് ഫസലിനെ കൊന്നതെന്നും സുബീഷ് പൊലീസിനോടു വെളിപ്പെടുത്തി.

സുബീഷിന്റെ മൊഴി ഫസലിന്റെ സഹോദരൻ അബ്ദുൾ റഹ്മാൻ സിബിഐ കോടതിയിൽ സമർപ്പിച്ചു. ആദ്യം ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന സംശയത്തിലായിരുന്നു അന്വേഷണം. എന്നാൽ, പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു നടത്തിയ അന്വേഷണത്തിൽ കൊലയ്ക്കു പിന്നിൽ സിപിഐഎം ആണെന്ന നിഗമനത്തിലാണെത്തിയത്. കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരെ പ്രതികളായി കണ്ടെത്തി സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുബീഷിന്റെ മൊഴി പുറത്തുവരുന്നതോടെ സിപിഐഎമ്മിനും കാരായി സഹോദരന്മാർക്കുമാണു താൽകാലികാശ്വാസമാകുന്നത്.

കൊലപാതകത്തിന് ശേഷം കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ വാങ്ങിവച്ചത് മാഹിയിലെ തിലകൻ ചേട്ടനാണെന്നാണു സുബീഷ് പൊലീസിനോടു പറഞ്ഞത്. അതിനു ശേഷം ആർഎസ്എസിന്റെ തലശേരിയിലെ കാര്യാലയത്തിലെത്തി കാര്യം അറിയിച്ചു. ഷിനോജ്, പ്രമീഷ്, പ്രഭീഷ് എന്നിവരായിരുന്നു ഫസലിനെ വകവരുത്തിയ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെന്നും സുബീഷ് പറഞ്ഞു. രണ്ടു വർഷം മുമ്പു പൊലീസിനെ ബോംബെറിഞ്ഞ കേസിൽ തടവുശിക്ഷ അനുഭവിച്ചയാളാണു ഷിനോജ്.

ഷിനോജടക്കമുള്ളവരാണ് കൊലപാതകത്തിനുള്ള ആയുധങ്ങൾ കൊണ്ടുവന്നത്. മറ്റൊരു കേസിൽ അറസ്റ്റിലായപ്പോഴാണ് സുബീഷ് ഫസൽ കേസിലെ നിർണായകമായ മൊഴി പുറത്തുവന്നത്. കുപ്പി സുബീഷ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. നേരത്തേ കേസിൽ അറസ്റ്റിലായ രാജനും ചന്ദ്രശേഖരനും തങ്ങൾക്കും പാർട്ടിക്കും ബന്ധമില്ലെന്ന നിലപാടാണ് ആവർത്തിച്ചിരുന്നത്. കാരായി രാജനെയും ചന്ദ്രശേഖരനെയും കേസിൽ നുണപരിശോധനയ്ക്കു വരെ വിധേയമാക്കിയിരുന്നു.

ഷിനോജും പ്രമീഷും പ്രബീഷും ചേർന്നാണു ഫസലിനെ വധിക്കാനുള്ള പദ്ധതി തയാറാക്കിയത്. അതിനുശേഷം തന്നെ വീട്ടിൽ വന്നു കണ്ടെന്നും കാര്യം അറിയിച്ചെന്നുമാണു സുബീഷ് നൽകിയിരിക്കുന്ന മൊഴി. ഒരു ബൈക്കിലാണ് നാലു പേരും ചേർന്നു ഫസലിനെ വധിക്കാൻ പോയത്. തേജസ് പത്രത്തിന്റെ ഏജന്റ് കൂടിയായ ഫസൽ പുലർച്ചെ പത്രവിതരണത്തിനു പോകുന്ന സമയത്ത് വഴിയിൽ കാത്തുനിന്നു. സൈക്കിളിൽ ഫസൽ വന്നപ്പോൾ താൻ ഒഴികെയുള്ള മൂന്നു പേരും ചേർന്നു വെട്ടി. പിടഞ്ഞുവീണ ഫസലിന് താൻ കാവൽ നിന്നു.

മറ്റു മൂന്നുപേരും ബൈക്കിൽ പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകനായ തിലകന്റെ വീട്ടിൽ പോയി. അവിടെയാണ് ആയുധങ്ങൾ ഉപേക്ഷിച്ചത്. ആരോടും കാര്യം പറയേണ്ടെന്നും തിലകൻ പറഞ്ഞു. പിറ്റേന്ന് ആർഎസ്എസ് കാര്യാലയത്തിലെത്തി വിവരം നൽകിയിരുന്നെന്നും സുബീഷ് നൽകിയ മൊഴിയിൽ പറയുന്നു. നാലുപേർ രണ്ടു വാളുകൾ അടക്കമുള്ള മൂന്ന് ആയുധങ്ങളുമായാണ് പോയത്. വെട്ടേറ്റു സൈക്കിളിൽനിന്നു വീണ ഫസൽ എണീക്കും മുമ്പ് പലതവണ വെട്ടുകയായിരുന്നു.

2014ൽ ചിറ്റാരിപ്പറമ്പിൽ പവിത്രനെ കൊലചെയ്ത കേസിലും തങ്ങൾക്കു പങ്കുണ്ടെന്നു സുബീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്നും സംഘത്തിനു വ്യക്തമായ പങ്കുണ്ടെന്നു കാണിക്കുന്ന നിരവധി ഫോൺകോളുകളുടെ രേഖകൾ നേരത്തേ ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോഴാണ് കൂടുതൽ ശക്തമായ മൊഴി പുറത്തുവരുന്നത്. കേസിൽ, സിപിഐഎമ്മിനാണു പങ്കെന്ന സിബിഐ കണ്ടെത്തൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസും ബിജെപിയും പ്രചാരണായുധമാക്കിയിരുന്നു.

സിപിഐഎം പ്രവർത്തകരാണു കൊലപാതകത്തിനു പിന്നിലെന്ന സിബിഐയുടെ കണ്ടെത്തലിനെതിരേ മുമ്പു തന്നെ ഫസലിന്റെ സഹോദരൻ അബ്ദുൾ റഹ്മാൻ രംഗത്തെത്തിയിരുന്നു. എന്നാൽ, സിപിഐഎം തന്നെയാണെന്ന വാദത്തിൽ സിബിഐ ഉറച്ചുനിൽക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ കാരായി സഹോദരന്മാർക്കു കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇപ്പോഴും നിലനിൽക്കുകയാണ്. കാരായിമാരെ കേസിൽ ബന്ധിപ്പിക്കാൻ യാതൊരു തെളിവും ലഭിച്ചിരുന്നില്ല.

അതേസമയം, രക്തം പുരണ്ട ഫസലിന്റെ വസ്ത്രം ആർഎസ്എസ് കാര്യാലയ വളപ്പിൽനിന്നു കിട്ടിയത് സിബിഐ തെളിവായി സ്വീകരിക്കുകയും ചെയ്തില്ല. അന്നു സിപിഐഎം ഏരിയാ സെക്രട്ടറിയായിരുന്നു കാരായി രാജൻ. ചന്ദ്രശേഖരൻ തിരുവങ്ങാട് ലോക്കൽ സെക്രട്ടറിയും. ആർഎസ്എസാണ് കൊലപാതകത്തിനു പിന്നിൽ എന്നു സംശയിക്കുന്നതായി കാരായി രാജൻ നൽകിയ അഭിമുഖം അദ്ദേഹത്തിലേക്കു തന്നെ തിരിയുകയായിരുന്നു. സംഘർഷമുണ്ടാക്കി നാട്ടിൽ വർഗീയ കലാപത്തിനു ശ്രമിക്കുകയാണെന്നായിരുന്നു സിബിഐയുടെ നിലപാട്.

ഏറെക്കാലം ഇരുവരും ജയിലിലായിരുന്നു. കണ്ണൂരിൽ പ്രവേശിക്കാൻ വിലക്കുള്ളതിനാൽ എറണാകുളത്തായിരുന്നു താമസം. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിച്ചിരുന്നു. തലശേരി നഗരസഭയിലേക്കു ചന്ദ്രശേഖരനും കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കു രാജനും ജയിച്ചു. കണ്ണൂരിൽ പ്രവേശിക്കാനാകാത്തതിനാൽ ഇരുവരും പിന്നീട് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. നിലവിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് രാജൻ. ചന്ദ്രശേഖരൻ തലശേരി ഏരിയാക്കമ്മിറ്റി അംഗവും.

സിപിഎമ്മിന്റെ തലയിൽ ചുമത്തിയിരുന്ന വലിയൊരു രക്തക്കറയാണ് സുബീഷിന്റെ വെളിപ്പെടുത്തലോടെ മാറുന്നത്. കേരള രാഷ്ട്രീയത്തിൽതന്നെ നിർണായകമാകുന്നതാണ് വെളിപ്പെടുത്തൽ. കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കും സ്വാധീനത്തിനും വഴിവച്ച ഫസൽ വധക്കേസിൽ ആസൂത്രണത്തിൽ ആർഎസ്എസിന് എന്തു പങ്കാണുള്ളതെന്നും നേതാക്കൾക്കു പങ്കുണ്ടോ എന്നുമാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP