Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ പാലത്തിനു മുകളിൽ 25 കിലോമീറ്റർ ദേശീയപാതനിർമ്മിക്കാൻ പഠനം; ഫ്‌ളൈഓവറായി നാലു വരിപ്പാത വരുമ്പോൾ ഭൂമി ഏറ്റെടുക്കൽ പ്രശ്‌നം ഒഴിവാക്കാം; ആറു മാസത്തിനുള്ളിൽ ലാഭമേതാണെന്നു പഠിക്കാനും സ്വകാര്യ ഏജൻസിക്കു നിർദ്ദേശം

ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ പാലത്തിനു മുകളിൽ 25 കിലോമീറ്റർ ദേശീയപാതനിർമ്മിക്കാൻ പഠനം; ഫ്‌ളൈഓവറായി നാലു വരിപ്പാത വരുമ്പോൾ ഭൂമി ഏറ്റെടുക്കൽ പ്രശ്‌നം ഒഴിവാക്കാം; ആറു മാസത്തിനുള്ളിൽ ലാഭമേതാണെന്നു പഠിക്കാനും സ്വകാര്യ ഏജൻസിക്കു നിർദ്ദേശം

അർജുൻ സി വനജ്

കൊച്ചി: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ഏറ്റവും വലിയ എതിർപ്പുയരുന്ന ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ഫ്‌ളൈഓവർ നിർമ്മിച്ച് നാലു വരിയിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാൻ സാധ്യത പരിശോധിക്കുന്നു. ഇരുപത്തഞ്ചു കിലോമീറ്റർ ദൂരത്തിൽ ഭൂമി ഏറ്റെടുക്കാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ നിലവിൽ ദേശീയപാത കടന്നുപോകുന്ന മുപ്പതു മീറ്ററിൽ മുകൡലായി ഫ്‌ളൈഓവറിൽ നാലുവരിപ്പാത കൂടി നിർമ്മിക്കാനാണ് സാധ്യതാ പഠനം നടത്തുന്നത്. 45 മീറ്ററിൽ ദേശീയപാത നിർമ്മിക്കണമെങ്കിൽ പതിനഞ്ചു മീറ്റർ കൂടി ഏറ്റെടുക്കേണ്ടിവരും. ഇതാണോ എലിവേറ്റഡ് ഹൈവേയാണോ ലാഭമെന്നും പരിശോധിക്കാൻ ഹൈദ്രാബാദ് ആസ്ഥാനമായുള്ള സീഡ് ബാക്ക് കൺസൽറ്റന്റ് കമ്പനിയോടു നിർദ്ദേശിച്ചിട്ടുണ്ട്.

ദേശീയപാതാ സംയുക്ത സമര സമിതി ആദ്യം മുതൽ ചൂണ്ടിക്കാണിക്കുന്ന പരിഹാരമാണ് എലിവേറ്റഡ് ഹൈവേ. എന്നാൽ ഭൂമി ഏറ്റെടുത്തു നിലവിലുള്ള ഹൈവേയുടെ വീതി കൂട്ടി നാലുവരി നിർമ്മിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. 45 മീറ്ററിൽ പാത നിർമ്മിക്കുകയാണ് നയമെന്നു പിണറായി സർക്കാരും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ഇതും സാധ്യമല്ലാത്ത സാഹചര്യത്തിലാണ് എലിവേറ്റഡ് ഹൈവേയെന്ന ആലോചന ഉണ്ടായത്.

സീഡ് ബാക്ക് കൺസൾട്ടന്റ് നിലവിൽ ഇടപ്പള്ളി മുതൽ കോഴിക്കോട് വെങ്ങളം വരെ 45 മീറ്റർ വീതിയിൽ ദേശീയപാത വികസിപ്പിക്കുന്നതിനെക്കുറിച്ചു പഠിക്കുന്ന ഏജൻസിയാണ്. ചേർത്തല മുതൽ കഴക്കൂട്ടം വരെ എസ്.എം.ഇ.സി എന്ന ഏജൻസിയാണ് പഠനം നടത്തുന്നത്. ആറ് മാസം കൊണ്ട് പഠന റിപ്പോർട്ട് തയ്യാറാക്കാനാണ് ദേശീയ പാത അഥോറിറ്റിയുടെ നിർദ്ദേശം. രണ്ടു മാസമെങ്കിലും വേണ്ട പഠനം ആറുമാസത്തിനുള്ളിൽ തീർക്കാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കൽ 90 ശതമാനം കുറയ്ക്കാം

45 മീറ്ററിൽ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള പഠനം അവസാനഘട്ടത്തിലെത്തി നിൽക്കേയാണ് എലിവേറ്റഡ് ഹൈവേയ്ക്കുകൂടിയുള്ള പഠനം നടത്താൻ നിർദ്ദേശം വന്നിരിക്കുന്നത്. ദേശീയ പാതയ്ക്കായി നിലവിൽ ഏറ്റെടുത്ത 30 മീറ്ററിന് മുകളിലായി നാല് വരി എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിലൂടെ, ഭൂമി ഏറ്റെടുക്കലും കുടിയൊഴുപ്പിക്കലും 90 ശതമാനം വരെ കുറയ്ക്കാമെന്ന ദേശീയപാതാ സമരസമിതി നേതാവ് ഷാഷീം ചേന്ദമ്പള്ളി മറുനാടൻ മലയാളിയോട് പറഞ്ഞു.

200607 ൽ വിൽബർസ്മിത്ത് ഇന്ത്യ അസോസിയേറ്റാണ് 45 മീറ്റർ പാതയ്ക്കുള്ള പഠനം നടത്തിയത്. അന്ന് 5000 മുതൽ 50000 രൂപ വരെയാണ് ഭൂമി വില വില നിശ്ചയിച്ചാണ് പഠന റിപ്പോർട്ട് നൽകിയത്. പൊളിക്കേണ്ട കെട്ടിടങ്ങളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും എണ്ണത്തിലും ഭീമമായ കുറവാണ് റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. ഇത് അനുസരിച്ചാണ് ദേശീയപാതയ്ക്കുള്ള അനുമതി നൽകിയത്. തുടർന്ന് 2014 ലാണ് ദേശീയ പാത സംയുക്ത സമരസമിതി, കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയോട് സുതാര്യമായ പഠനം ആവശ്യപ്പെട്ട് നിവേദനം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും പഠനം നടക്കുന്നത്. ഇന്റർകോണ്ടിനന്റൽ കൺസൽറ്റന്റ് ആൻഡ് ടെക്‌നോക്രാറ്റ് കമ്പനിയാണ് ആദ്യം പഠനം നടത്തിയത്.

കഴിഞ്ഞ മാസം ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ജില്ലയിലെ എംഎൽ.എ മാരും എംപി മാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. എലിവേറ്റഡ് ഹൈവേയോട് ജനപ്രതിനിധികൾക്ക് 100 ശതമാനവും യോജിപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം എലിവേറ്റഡ് ഹൈവേയ്ക്കുള്ള സാധ്യതാ പഠനം നടത്താൻ ശുപാർശ ചെയ്തത്. ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള 25 കിലോമീറ്ററിൽ 30 മീറ്റർ വീതിയിൽ 10 വർഷം മുമ്പ് സ്ഥലം ഏറ്റെടുത്തതാണ്. ഇതിനായി നൂറുകണക്കിന് കുടുംബങ്ങൾക്ക് അവരുടെ വീടും സ്ഥലവും വിട്ട് നൽകേണ്ടി വന്നിരുന്നു. പലരും ഉള്ള സ്ഥലത്ത്, റോഡിൽ നിന്ന് പിന്നോട്ട് മാറി വീടുവെച്ചു. പലരുടേയും വീട് നിർമ്മാണം 10 വർഷമായിട്ടും പൂർത്തിയായിട്ടില്ല. അപ്പോഴാണ് 15 മീറ്റർ വീണ്ടും സ്ഥലം ഏറ്റെടുക്കാൻ പഠനം ആരംഭിച്ചത്. ഇതാണ് വിവാദത്തിന് വഴിവച്ചതും.

നിലവിൽ ഏറ്റെടുത്ത 30 മീറ്ററിൽ നാലുവരി എലിവേറ്റഡ് പാത നിർമ്മിക്കുന്നതാണോ, അതോ 15 മീറ്റർ സ്ഥലം ഏറ്റെടുക്കുന്നതാണോ, സാമ്പത്തികമായി ഉചിതം എന്നും വിശദമായി പഠനം നടത്തി റിപ്പോർട്ട് നടത്താനാണ് സ്വകാര്യ ഏജൻസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പഠനത്തിന് ആവശ്യമായ സമയം കൃത്യമായി കിട്ടിയില്ലെങ്കിൽ, വീണ്ടും സ്ഥലം ഏറ്റെടുക്കുന്നതാണ് ഉചിതം എന്ന റിപ്പോർട്ട് സമർപ്പിക്കുമോ എന്ന ആശങ്ക സംയുക്ത സമരസമിതിക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP