Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

ആനക്കൂട്ടങ്ങൾ തമ്മിൽ ഏറ്റുമുട്ടി; പിടിയാന കുത്തേറ്റ് അവശനിലയിൽ; കാട്ടിലേക്ക് തിരിച്ചുകയറിയെങ്കിലും ജനവാസ മേഖലയിലേക്ക് തിരിച്ചുവരുമോയെന്ന ആശങ്കയിൽ ഇടമലയാർ നിവാസികൾ

ആനക്കൂട്ടങ്ങൾ തമ്മിൽ ഏറ്റുമുട്ടി; പിടിയാന കുത്തേറ്റ് അവശനിലയിൽ; കാട്ടിലേക്ക് തിരിച്ചുകയറിയെങ്കിലും ജനവാസ മേഖലയിലേക്ക് തിരിച്ചുവരുമോയെന്ന ആശങ്കയിൽ ഇടമലയാർ നിവാസികൾ

പ്രകാശ് ചന്ദ്രശേഖർ

 കോതമംഗലം: ഇടമലയാർ അണക്കെട്ട് പ്രദേശത്ത് വൈദ്യുത വകുപ്പ് ക്വാർട്ടേഴ്‌സിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയിൽ ആനയെ കണ്ടെത്തി. മസ്തകത്തിലും കീഴ്താടിയിലും, കുത്തേറ്റ് തീറ്റയെടുക്കാനോ, നടക്കാനോ കഴിയാത്ത നിലയിൽ ഇന്ന് പുലർച്ചെ മുതലാണ് ഇവിടെ 20 വയസോളം തോന്നിക്കുന്ന പിടിയാനയെ കണ്ടെത്തിയത്.

പുലർച്ചെ ഇടമലയാർ പവ്വർ ഹൗസ് ജീവനക്കാരാണ് ഗുരുതരമായി പരിക്കേറ്റ കാട്ടാനയെ ക്വാർട്ടേഴ്‌സുകൾക്ക് സമീപം കണ്ടത്. ഇവർ വിവരം വനപാലകരെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് തുണ്ടം റേഞ്ച് ഓഫീസർ സിജോ സാജന്റെ നേതൃത്വത്തിലുള്ള വനപാലസംഘം സ്ഥലത്തെത്തി. മസ്തകത്തിലും കീഴ്‌ത്താടിക്ക് മുകളിലുമാണ് കുത്തേറ്റതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. കാട്ടാനക്കൂട്ടങ്ങൾ തമ്മിൽ കുത്തു കൂടിയുണ്ടായതാകാം പിടിയാനയ്ക്ക് പരിക്കേൽക്കാൻ കാരണമെന്നാണ് വനം വകുപ്പധികൃതരുടെ നിഗമനം.

ആനയ്്ക്ക് ചികിത്സ ലഭ്യമാക്കുന്നതിനെ കുറിച്ച് വനപാലകർ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ രാവിലെ തന്നെ നീക്കം ആരംഭിച്ചിരുന്നു. ജില്ലാ വെറ്റിനറി ഓഫീസർ സ്ഥലത്തെത്തി പരിക്കുകൾ വിലയിരുത്തി. പൈനാപ്പിളിനുള്ളിൽ മരുന്ന് നിറച്ച് നൽകാൻ ഒരുക്കങ്ങളും പൂർത്തിയാക്കി.വൈകിട്ട് 4 മണിയോടെ മരുന്ന് നിറച്ച പൈനാപ്പിളുമായി ജീവനക്കാർ സമീപത്തേയ്ക്ക് എത്തിയതോടെ ആന സമീപത്തെകാട്ടിലേക്ക് കയറി.

മരുന്നു കൊടുക്കാനിറങ്ങിയ ജീവനക്കാർക്കു നേരെ ആന ചിഹ്നം വിളിച്ചെത്തിയത് കാഴ്ചക്കാരെ ഭീതിയിലാഴ്‌ത്തി. ആന ആക്രമണകാരിയായത് കണ്ട് മരുന്നു കൊടുക്കുന്നതിനുള്ള നീക്കം നിർത്തി അധികൃതർ പിൻ വാങ്ങി. ആന നിന്നിരുന്നതിന് സമീപമാണ് ഇടമലയാർ ട്രൈബൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. വൈദ്യുതി വകുപ്പ് ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ നിന്നും നൂറ് മീറ്റർ ദൂരത്തിലാണ് രാവിലെ മുതൽ വൈകിട്ട് 4 മണി വരെ ആന നിന്നിരുന്നത്. ആന കാട്ടിലേക്ക് കയറിയെങ്കിലും ഏതു നിമിഷവും തിരിച്ചു വരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കാട്ടാന കൂട്ടങ്ങൾ തമ്പടിച്ച് പരസ്പരം കൊമ്പുകോർത്തത് ഇക്കൂട്ടരുടെ ഭീതി ഇരട്ടിയാക്കിയിട്ടുണ്ട്. നാളെ രാവിലെ പ്രദേശത്ത് വീണ്ടും നിരീക്ഷണം നടത്തുമെന്നും കണ്ടെത്തിയാൽ ചികിത്സ നൽകുമെന്നും റെയിഞ്ചാഫീസർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP