Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിസാർ തിരുത്തുന്നു; മദ്യനയമല്ല കേന്ദ്രവിഹിതമാണ് വിനയായത്; വെള്ളക്കരത്തിൽ ആശ്വാസമുണ്ടായേക്കുമെന്ന് ധനമന്ത്രി; വെള്ളക്കരം വീണ്ടും മന്ത്രിസഭയിലേക്ക്; 20000 ലിറ്റർ വരെ ഉപയോഗിക്കുന്നവരുടെ വെള്ളക്കരം കൂട്ടരുതെന്ന് കെപിസിസി

മാണിസാർ തിരുത്തുന്നു; മദ്യനയമല്ല കേന്ദ്രവിഹിതമാണ് വിനയായത്; വെള്ളക്കരത്തിൽ ആശ്വാസമുണ്ടായേക്കുമെന്ന് ധനമന്ത്രി; വെള്ളക്കരം വീണ്ടും മന്ത്രിസഭയിലേക്ക്; 20000 ലിറ്റർ വരെ ഉപയോഗിക്കുന്നവരുടെ വെള്ളക്കരം കൂട്ടരുതെന്ന് കെപിസിസി

തിരുവനന്തപുരം: മദ്യനയമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന സൂചനയാണ് ധനവകുപ്പ് നൽകി വന്നത്. ഈ വരുമാനക്കുറവ് പരിഹരിക്കാനെന്നവണ്ണം വെള്ളക്കരവും ഭൂനികുതിയുമെല്ലാം കുത്തനെ മന്ത്രിസഭാ യോഗം കൂട്ടി. പ്രതിഷേധവും ശക്തമായി. നികുതി ബഹിഷ്‌കരണ സമരത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തു. നികുതി കൂട്ടിയാൽ പിരിക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രഖ്യാപിച്ചു. 7200 കോടി രൂപയുടെ അധിക വിഭവസമാഹരണമാണ് ഇവയിൽ നിന്ന് സർക്കാർ ലക്ഷ്യമിട്ടത്.

എന്നാൽ പാളയത്തിൽ തന്നെ പടയെത്തി. വെള്ളക്കരം കൂട്ടിയത് കടന്നകൈയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തുറന്നടിച്ചു. സമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്നും സുധീരൻ വ്യക്തമാക്കി. പ്രതിസന്ധി മറികടക്കാൻ നിർദ്ദേശങ്ങൾ നൽകുമെന്നും പറഞ്ഞു. ചീഫ് വിപ്പ് പി.സി.ജോർജ്ജ് അടക്കമുള്ള പ്രമുഖരും സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തു. പ്രതിപക്ഷം നികുതികൂട്ടൽ രാഷ്ട്രീയ സമരമാക്കിയാൽ തിരിച്ചടിയുറപ്പെന്നും യുഡിഎഫിൽ വിലയിരുത്തലുയർന്നു.

ഇതിനിടെയിൽ കെപിസിസി ഔദ്യോഗികമായി തന്നെ കാര്യങ്ങൾ അറിയിച്ചു. വെള്ളക്കരം പുനക്രമീകരിച്ചേ മതിയാകൂവെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സ്ലാബുകൾ ശാസ്ത്രീയമായി പരിഷ്‌കരിച്ച് നടപടികളുണ്ടാകണം. സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കരുത്. വിൽപ്പന നികുതി പിരിവ് കാര്യക്ഷമമാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കണമെന്നാണ് കെപിസിസിയുടെ അഭിപ്രായം. 20000 ലിറ്റർ വരെ വെള്ളമുപയോഗിക്കുന്നവർക്ക് നിരക്ക് കൂടുതൽ വേണ്ടെന്നാണ് കെപിസിസി. നിർദ്ദേശം

ഇതോടെ ചെറുതായൊന്നും പിൻവലിയുകയാണ് ധനവകുപ്പ്. വെള്ളക്കരം അറുപത് ശതമാനം വരെ കൂട്ടിയത് കടന്ന കൈയാണെന്ന് ധനമന്ത്രി കെ.എം. മാണി തിരിച്ചറിഞ്ഞു. അടുത്ത മന്ത്രിസഭാ യോഗം തന്നെ ഇക്കാര്യം ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി. ഫലത്തിൽ വെള്ളക്കരത്തിൽ 20000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് നിരക്ക് വർദ്ധനയുണ്ടാകില്ലെന്ന സൂചന തന്നെയാണ് ധനമന്ത്രിയും നൽകുന്നത്.

മദ്യനയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന വാദത്തേയും മാണി തള്ളുകയാണ് ഇപ്പോൾ. കേന്ദ്ര സർക്കാരിനെയാണ് പ്രതിസ്ഥാനത്ത് നിർത്തുന്നത്. 2200 കോടി രൂപയുടെ കേന്ദ്രവിഹിതത്തിലെ കുറവും ചർച്ചയാക്കുന്നു. 1100 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ കുറഞ്ഞു. ഈ ഗണ്യമായ കുറവിന്റെ സാഹചര്യത്തിലാണ് അധിക വിഭവ സമാഹരണമെന്നും ധനമന്ത്രി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP