Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി ബ്രോഡ്‌വേയിലെ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത് മൂന്നു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ; എത്തിയത് പതിനഞ്ച് ഫയർ എൻജിൻ യൂണിറ്റുകൾ; കേരളാ ഫയർ ഫോഴ്‌സിനൊപ്പം തീയണയ്ക്കാൻ നേവിയുടെ ഫയർ ഫോഴ്‌സ് സംഘവും; കനത്ത നാശനഷ്ടമുണ്ടായെങ്കിലും സമയത്തിന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ലെന്ന് അധികൃതർ

കൊച്ചി ബ്രോഡ്‌വേയിലെ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത് മൂന്നു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ; എത്തിയത് പതിനഞ്ച് ഫയർ എൻജിൻ യൂണിറ്റുകൾ; കേരളാ ഫയർ ഫോഴ്‌സിനൊപ്പം തീയണയ്ക്കാൻ നേവിയുടെ ഫയർ ഫോഴ്‌സ് സംഘവും; കനത്ത നാശനഷ്ടമുണ്ടായെങ്കിലും സമയത്തിന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ലെന്ന് അധികൃതർ

ആർ പീയൂഷ്

കൊച്ചി: ബ്രോഡ്‌വേയിലെ തീ അണയ്ക്കാനായി ഫയർഫോഴ്സ് സേനാംഗങ്ങൾ പരിശ്രമിച്ചത് മൂന്ന് മണിക്കൂറോളം. തുടർച്ചയായി പതിനഞ്ചോളം ഫയർ എഞ്ചിനുകൾ വെള്ളം ചീറ്റിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയതും ഒടുവിൽ പൂർണ്ണമായും കെടുത്താൻ സാധിച്ചതും. ഇന്ത്യൻ നേവിയുടെ ഫയർ ഫോഴ്സ് സംഘം ഫോം ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്തതാണ് തീ വേഗം നിയണ്ര വിധേയമാക്കാൻ കഴിഞ്ഞത്. എന്നാൽ കേരളാ ഫയർഫോഴ്സ് സംഘമാണ് ആദ്യം സ്ഥലത്തെത്തി തീ പടരാതിരിക്കാനുള്ള സംവിധാനങ്ങൾ ചെയ്തത്. അതോടൊപ്പം തന്നെ ആധുനിക സജ്ജീകരണങ്ങളോടെ ബിപിസിഎല്ലിൽ നിന്നുള്ള ഫയർ എഞ്ചിനും ഫോഴ്സും എത്തിയിരുന്നു. പത്ത് യൂണിറ്റുകളിൽ നിന്നും വെള്ളം തുടർച്ചയായി പമ്പ് ചെയ്തതും തീ പടർന്ന് പിടിക്കാതിരിക്കാനായി. എല്ലാ ആധുനിക സജ്ജീകരണങ്ങളുമായിട്ടാണ് ഫോഴ്സ് അംഗങ്ങൾ എത്തിയത്.

രാവിലെ പത്ത് മണിയോടെ ക്ലോത്ത് ബസാറിലെ സികെ ശങ്കുണി നായർ ഹാർഡ് വേഴ്സ്, കെസി അപ്പു ആൻഡ് സൺസ് എന്നീ സ്ഥാപനങ്ങളിലാണ് തീ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വൈകാതെ തന്നെ ഭദ്ര ടെക്സ്റ്റൈൽസ് എന്ന ഓൾസെയിൽ തുണിക്കടയിലേക്കും തീ പടർന്നു. ഇതോടെ ഈ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടമാകെ കത്താൻ ആരംഭിച്ചു. വൈകാതെ തന്നെ ഭദ്ര ടെക്സ്റ്റൈൽസ് എന്ന മൂന്ന് നില കെട്ടിട്ടം തീയിൽ അമർന്നു. ഇതിനിടയിൽ തന്നെ സമീപത്ത് തുറന്ന പ്രവർത്തിച്ചു കൊണ്ടിരുന്ന മുഴുവൻ സ്ഥാപനങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും തീ പടരാതിരിക്കുവാനുള്ള മുൻകരുതലുകൾ പൊലീസ് എടുക്കുകയും ചെയ്തു. തീ പടരുന്നതിനിടയിൽ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഉൽപ്പന്നങ്ങൾക്ക് തീ പിടിച്ചു ഇതോടെ കനത്ത പുകയും ഉയർന്ന് തുടങ്ങി. പുക ഉയർന്നതോടെ ശ്വാസം മുട്ടൽ പലർക്കും അനുഭവപ്പെടാൻ തുടങ്ങി. എന്നാൽ കാറ്റ് ആഞ്ഞു വീശിയതോടെ പുകപടലങ്ങൾ ദൂരേക്ക് പോയതോടെ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെയുണ്ടായില്ല.

സംഭവം അറിഞ്ഞ ഉടനെ തന്നെ ഫയർഫോഴ്സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബ്രോഡ് വേയിലെ വിവിധ സ്ഥാപനങ്ങളിലെ വ്യാപാരികളും തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. കടകളിൽ നിന്നും തീ പിടിക്കാൻ സാധ്യതയുള്ള വസ്തുകൾ ഇവർ ചേർന്ന് പുറത്തേക്ക് മാറ്റി. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിട്ടത്തിൽ സൂക്ഷിച്ച ടൺകണക്കിന് തുണിത്തരങ്ങൾ വളരെ വേഗം കത്തിപ്പടരാൻ ആരംഭിച്ചതോടെ കനത്ത പുകയാണ് ബ്രോഡ് വേയിൽനിന്നും ഉണ്ടായത്. കൊച്ചി നഗരത്തിലെവിടെ നിന്നും പുക ദൃശ്യമായിരുന്നു. തീയണയ്ക്കാനുള്ള ഫയർഫോഴ്സിന്റെ കഠിന പരിശ്രമത്തിനിടയിലും കെട്ടിട്ടത്തിന് പിറകിൽ തുണിത്തരങ്ങൾ സൂക്ഷിച്ച ഗോഡൗണിലേക്കും തീ പടർന്നത് ആശങ്ക സൃഷ്ടിച്ചു.

എങ്കിലും തീ പടർന്ന കെട്ടിട്ടത്തിനകത്ത് കയറി അതിസാഹസികമായി ഫയർഫോഴ്സ് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ആദ്യം തീ പടരുന്നത് നിയന്ത്രിക്കുകയും പിന്നീട് അണയ്ക്കുകയും ചെയ്തു. ബ്രോഡ് വേയിലൂടെ ചെറിയ റോഡിൽ വ്യാപാരികൾ നടത്തിയ അനധികൃത നിർമ്മാണങ്ങൾ കാരണം അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ എത്തുന്നതിനും കാര്യമായ തടസ്സം നേരിട്ടു. ബ്രോഡ് വേയിലെ വിവിധ സ്ഥാപനങ്ങളിലെ വ്യാപാരികളും തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. കടകളിൽ നിന്നും തീ പിടിക്കാൻ സാധ്യതയുള്ള വസ്തുകൾ ഇവർ ചേർന്ന് പുറത്തേക്ക് മാറ്റി. അഗ്നിബാധയിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ഭദ്രടെക്സറ്റൈൽസ് സ്ഥിതി ചെയ്യുന്ന കെട്ടിട്ടം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് പ്രദേശത്തെ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. മൊത്തക്കച്ചവടത്തിനായി വൻതോതിൽ തുണിത്തരങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ വളരെ വേഗതയിലാണ് ഇവിടെ തീപടർന്നത്. കട പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിട്ടം പൂർണമായും കത്തിക്കൊണ്ടിരിക്കുകയാണ്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ, മേയർ സൗമിനി ജെയ്ൻ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ബ്രോഡ് വേയിലൂടെ ചെറിയ റോഡിലൂടെ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ എത്തിക്കുന്നതിന് കാര്യമായ തടസ്സം നേരിട്ടു. ഭദ്ര ടെക്സ്റ്റൈൽസിന് പിന്നിലൂടെ കൂടുതൽ കടകളിലേക്ക് തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചുറ്റുവട്ടത്തുള്ള എല്ലാ കടകളിലും അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്തു.ആറുകടകൾ കടകൾ പൂർണമായും കത്തി നശിച്ചുവെന്നാണ് വിവരം. ബ്രോഡ് വേയിലെ നല്ലൊരു ഭാഗം കടകൾക്കും വളരെ പഴക്കമുള്ളതിനാൽ അഗ്നിബാധ പടരാനും കെട്ടിട്ടങ്ങൾ തകരാനും സാധ്യത കൂടുതലാണ് എന്നതാണ് പ്രധാന വെല്ലുവിളി.

കൊച്ചി നഗരത്തിന്റെ ഏത് ഭാഗത്ത് നിന്നും നോക്കിയാലും ബ്രോഡ് വേയിൽ നിന്നുള്ള പുക കാണുന്ന വിധം ശക്തമായ അഗ്നിബാധയാണ് ബ്രോഡ് വേയിൽ ഉണ്ടായത്. അടുത്ത ആഴ്ച സ്‌കൂളുകൾ തുറക്കാനിരിക്കുന്നതിനാലും ഇന്ന് തിങ്കളാഴ്ച ആയതിനാലും നല്ല തിരക്കാണ് ബ്രോഡ് വേയിൽ അനുഭപ്പെട്ടിരുന്നത്. അഗ്നി ബാധയുണ്ടയതോടെ ബ്രോഡ് വേയിലുണ്ടായിരുന്ന പൊതുജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥന് രക്ഷാപ്രവർത്തനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ഒഴിച്ചു നിർത്തിയാൽ വേറെ ആർക്കും തീപിടുത്തതിൽ പരിക്കേറ്റിട്ടില്ല. മേനകാ ജംഗ്ഷനിലടക്കം ബ്രോഡ് വേയുടെ പരിസര പ്രദേശങ്ങളിലും കൊച്ചി നഗരത്തിലും കനത്ത ട്രാഫിക്ക് ബ്ലോക്കാണ് അനുഭവപ്പെട്ടത്.

ഫയർ ഫോഴ്‌സിന്റെയും നേവിയുടെയുടെയും റിഫൈനറിയുടെയും പതിനഞ്ചോളം യൂണിറ്റുകൾ ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. ബ്രോഡ് വേയ്ക്കുള്ളിലെ 150 വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു. കനത്ത നാശനഷ്ടം ഉണ്ടായെങ്കിലും ആളപായമോ പരിക്കുകളോ ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നത് ആശ്വാസകരമാണ്. കൂടുതൽ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള അഗ്‌നിശമനസേനയുടെയും പൊലീസിന്റെയും ശ്രമം വിജയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP