Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്തെ കുറ്റം പറയുന്ന മൗലികവാദികൾ അറിയുക; സർവ ക്ഷേത്രങ്ങളിലേക്കും പൂക്കൾ എത്തുന്നത് ഈ ഗ്രാമത്തിൽ നിന്നും; എത്തിക്കുന്നതോ മുസ്ലീങ്ങളും

മലപ്പുറത്തെ കുറ്റം പറയുന്ന മൗലികവാദികൾ അറിയുക; സർവ ക്ഷേത്രങ്ങളിലേക്കും പൂക്കൾ എത്തുന്നത് ഈ ഗ്രാമത്തിൽ നിന്നും; എത്തിക്കുന്നതോ മുസ്ലീങ്ങളും

ലപ്പുറം മതമൗലികവാദികളുടെ നാടാണെന്നും അവിടുത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നിയന്ത്രണത്തിലാണവിടെ കാര്യങ്ങൾ നീങ്ങുന്നതെന്നും ചിലർ ആരോപിക്കാറുണ്ട്. അതായത് താരതമ്യേന മതസൗഹാർദം കുറഞ്ഞ നാടാണ് മലപ്പുറമെന്നാണ് ചില വിഭാഗക്കാർ അഭിപ്രായപ്പെടാറുള്ളത്.

എന്നാൽ അവയെല്ലാം പൊള്ളയായ പ്രചാരണമാണെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മിക്ക ക്ഷേത്രങ്ങളിലേക്കുമുള്ള പൂജാപുഷ്പങ്ങൾ വിളയുന്നത് മലപ്പുറത്താണെന്ന് എത്രപേർക്കറിയാം. ഈ പുഷ്പങ്ങളിലധികവും പറിച്ചെടുത്ത് ക്ഷേത്രങ്ങളിൽ എത്തിക്കുന്നത് മുസ്ലിംസമുദായത്തിൽ പെട്ടവരാണ്‌.

തിരുനാവായയിലെ 30 ഓളം മുസ്ലിം കുടുംബങ്ങൾ കാലാകാലങ്ങളായി ക്ഷേത്രങ്ങളിലേക്കുള്ള പൂക്കൾ വളർത്തി വിൽപന നടത്തിയാണ് ജീവിക്കുന്നത്. പ്രധാനമായും താമരപ്പൂക്കളാണ് ഇവർ എത്തിക്കുന്നത്. ഇവിടുത്തെ വലിയപറപ്പൂർ തടാകം ഇത്തരം പൂക്കളുടെ വളർത്തുതൊട്ടിലുകളിലൊന്നാണ്. കേരളത്തിലെ വ്യത്യസ്ത ക്ഷേത്രങ്ങളിലേക്കിവർ പൂജാപുഷ്പങ്ങൾ എത്തിക്കുന്നുണ്ട്. തങ്ങൾക്ക് പ്രമുഖ ക്ഷേത്രങ്ങളിൽ നിന്ന് പ്രസാദമായി ലഭിക്കുന്ന പുഷ്പങ്ങൾ ഈ മുസ്ലിംസഹോദരങ്ങൾ എത്തിക്കുന്നതാണെന്ന് അറിയുന്ന ഭക്തന്മാരുടെ എണ്ണം വളരെക്കുറവാണ്.

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം, ശബരിമല, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, പാറമേക്കാവ് ഭഗവതി ക്ഷേത്രം, തൃപ്രയാർ ശ്രീ രാമസ്വാമി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻക്ഷേത്രം, തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലേക്കെല്ലാം പൂക്കൾ എത്തിക്കുന്നത് ഭാരതപ്പുഴയുടെ തീരത്തുള്ള ഈ ഗ്രാമക്കാരാണ്. നൂറ് വർഷത്തിലധികമായി തങ്ങളുടെ കുടുംബക്കാരാണ് ഈ പ്രവൃത്തി ചെയ്ത് വരുന്നതെന്നാണ് ഇക്കൂട്ടത്തിലൊരാളായ മുസ്തഫ ചക്കാലി പറമ്പിൽ പറഞ്ഞത്.

വലിയ പറപ്പൂർ തടാകത്തിൽ 40 ഏക്കർ ഫാമിൽ ഇദ്ദേഹം പൂക്കൾ വളർത്തി വിൽക്കുന്നുണ്ട്. ഗുരുവായൂരിലും കൊടുങ്ങല്ലൂരിലുമായി ദിനംപ്രതി 7000 താമരപ്പൂക്കൾ താൻ കൊടുക്കാറുണ്ടെന്നാണ് മുസ്തഫ പറയുന്നത്. ഈ ഗ്രാമത്തിലുള്ള പൂ വിൽപനക്കാർ ദിവസത്തിൽ ആകെ 20,000 പൂക്കൾ വിൽക്കുന്നുണ്ടെന്നാണ് കണക്ക്. ക്ഷേത്രങ്ങളിലെ മൂർത്തികളുടെ അനുഗ്രഹവും ക്ഷേത്രങ്ങളിലെ വരുമാനവും വർധിച്ചാൽ മാത്രമെ തങ്ങളുടെ ബിസിനസ് അഭിവയോധികി പ്രാപിക്കുകയുള്ളൂവെന്നാണ് ഗുരുവായൂരിലും പാറമേക്കാവിലും പൂക്കൾ വിതരണം ചെയ്യുന്ന അബ്ദുൾ റഹ്മാൻ കരക്കാടൻ പറയുന്നത്. 85 ഏക്കർ ഫാമാണ് പൂക്കൾ വളർത്താൻ ഇദ്ദേഹത്തിനുള്ളത്.

ഇത്തരത്തിൽ എത്തിക്കുന്ന പൂക്കൾ മുസ്ലിം വിഭാക്കക്കാർ വാരിയർ സമുദായക്കാർക്കാണ് കൈമാറുന്നത്. മിക്കവാറും ക്ഷേത്രങ്ങളിൽ അവരാണ് ഈ പൂക്കൾ ഉപയോഗിച്ച് മാലകെട്ടുന്നത്. പൂക്കൾ കൊണ്ടുവരുന്ന മുസ്ലിം സമുദായാംഗങ്ങൾക്ക് ക്ഷേത്രങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നാണ് ചില ക്ഷേത്രഭാരവാഹികൾ പറയുന്നത്. എന്നാൽ ജലലഭ്യതക്കുറവ് കാരണം താമരപ്പൂക്കൾ വിളയിക്കുക ഇന്ന് പ്രയാസമുള്ള കാര്യമായിത്തീർന്നിരിക്കുന്നുവെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. എന്നിരുന്നാലും പൂജാപുഷ്പങ്ങളുമായി ഈ മുസ്ലിം സഹോദരർ ക്ഷേത്രങ്ങളിലേക്ക് എത്തുന്നത് തുടരുകയാണ്..മതസൗഹാർദത്തിന്റെ വാടാത്ത സുഗന്ധവുമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP