Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയം കനത്തപ്പോൾ പുഴകളിലേക്ക് 20 ലക്ഷം 'വിദേശികൾ' ഒഴുകിയെത്തി; ഫാമുകളിൽ നിന്നും ഡാമുകളിൽ നിന്നും പുറത്തേക്കെത്തിയ വിദേശ മീനുകൾ നാടൻ മീനുകൾക്ക് ഭീഷണി; ചാലക്കുടി പുഴയിൽ നിന്നും ലഭിച്ചത് 35 കിലോ തൂക്കം വരുന്ന അരപൈമ എന്ന ഏറ്റവും വലിയ ശുദ്ധജല മത്സ്യം

പ്രളയം കനത്തപ്പോൾ പുഴകളിലേക്ക് 20 ലക്ഷം 'വിദേശികൾ' ഒഴുകിയെത്തി; ഫാമുകളിൽ നിന്നും ഡാമുകളിൽ നിന്നും പുറത്തേക്കെത്തിയ വിദേശ മീനുകൾ നാടൻ മീനുകൾക്ക് ഭീഷണി; ചാലക്കുടി പുഴയിൽ നിന്നും ലഭിച്ചത് 35 കിലോ തൂക്കം വരുന്ന അരപൈമ എന്ന ഏറ്റവും വലിയ ശുദ്ധജല മത്സ്യം

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: സംസ്ഥാനത്ത് പ്രളയം രൂക്ഷമായ സമയം ജലാശയങ്ങളിലേക്ക് ഒഴുകിയെത്തിയത് 20 ലക്ഷം വിദേശ മീനുകൾ. തുറന്ന് വിട്ട ഡാമുകളിൽ നിന്നും പ്രളയക്കെടുതിയിലായ ഫാമുകളിൽ നിന്നമാണ് ഇവ പുഴകളിലേക്ക് ഒഴുകിയെത്തിയത്. വന്നവയിൽ അക്വേറിയങ്ങളിൽ നിന്നുമുള്ള മത്സ്യങ്ങൾ വരെയുണ്ടെന്നാണ് നിഗമനം. എന്നാൽ ഇവ അധികമായി എത്തിയത് ഏറെ ഗുരുതരമായ   പ്രശ്‌നങ്ങൾക്ക്  വഴിവയ്ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിൽ ഒഴുകിയെത്തിയ മത്സ്യങ്ങളുടെ വിശദമായ കാര്യങ്ങൾ ചർച്ച നടത്തുവാനായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് കേരളത്തിലെ എല്ലാ സർവകലാശാലകളുടേയും പ്രതിനിധികളുടെ യോഗവും വിളിച്ചു. സെപ്റ്റംബർ നാലിന് യോഗം ചേരുമെന്നാണ് സൂചന.

ഇത്തരത്തിൽ അധിക അളവിൽ മീനുകൾ ഒഴുകിയെത്തിയിരിക്കുന്നതിനാൽ ഏറെ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എത്രമോശം വെള്ളത്തിലും ജീവിക്കാൻ ശേഷിയുള്ള മീനുകൾ വരെ പുറംലോകത്തേക്ക് എത്തിയിട്ടുണ്ട്. വെള്ളം മലിനമാവുന്ന അവസ്ഥയിൽ അതിജീവനത്തിനുള്ള മത്സരത്തിൽ നാടന്മീനുകൾ പിടിച്ചുനിൽക്കില്ല. കിട്ടിയതെന്തും തിന്നുന്ന മത്സ്യങ്ങളാണ് പുറത്തേക്കെത്തിയവയിൽ ഭൂരിഭാഗവും. നാടന്മീനുകളെ വൻതോതിൽ ഇവ തിന്നൊടുക്കും. ഇപ്പോൾ പുഴകളിലുള്ള മീനുകൾക്ക് ഒരു സ്വാഭാവിക ഇരപിടിയൻ ഉണ്ട്. അതിനാൽ അവയുടെ വംശത്തിന്റെ സന്തുലനം നടക്കും. എന്നാൽ, അധിനിവേശ മത്സ്യങ്ങളുടെ കാര്യത്തിൽ ഇവിടത്തെ ആവാസവ്യവസ്ഥയിൽ ഇരപിടിയനില്ല. അതിനാൽ അവ വൻതോതിൽ പെരുകാൻ ഇടയുണ്ട്.

ഏറ്റവും കൂടുതൽ നാട്ടിലേക്കിറങ്ങിയിട്ടുള്ളത് റെഡ്ബെല്ലി എന്ന മീനാണ്. തെക്കേ അമേരിക്കയാണ് ജന്മദേശം. കുട്ടനാട്ടിൽ വൻതോതിൽ ഇത് ഫാമുകളിൽ വളർത്തിയിരുന്നു. നട്ടർ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. മറ്റു മീനുകളും പുഴക്കരയിലെ സസ്യങ്ങളുടെ ഇലകളും ഇവ തിന്നും. നാടന്മീനുകളുടെ മുട്ടകളും വ്യാപകമായി അകത്താക്കും.ആഫ്രിക്കൻ മുഷിയാണ് മറ്റൊരു ഭീഷണി. ഇത് വളർത്തുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, പ്രളയശേഷം പെരിയാർ, ചാലക്കുടിപ്പുഴ എന്നിവിടങ്ങളിൽനിന്ന് ഇവയെ ധാരാളം കിട്ടി. സംസ്ഥാനത്തെ 15 ഡാമുകളിൽ ആഫ്രിക്കന്മുഷിയെ അനധികൃതമായി വളർത്തുന്നുവെന്ന് പ്രളയത്തിനുമുമ്പുതന്നെ കണ്ടെത്തിയിരുന്നു. കോഴിഫാമുകളിലെ മാലിന്യമിട്ടു കൊടുത്ത് ഇവയ്ക്ക് തൂക്കംകൂട്ടുന്ന പ്രവണതയുമുണ്ട്. അന്തരീക്ഷവായു ശ്വസിക്കാൻ ശേഷിയുള്ള ഇവയെ ബംഗ്ളാദേശിൽനിന്ന് കൊൽക്കത്തയിലെത്തിച്ച് തീവണ്ടിമാർഗമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്.

20 കിലോ വരെ വളരുന്ന ഇവ കിട്ടുന്ന ഇറച്ചി എന്തും തിന്നും. തിലോപ്പിയ, മലേഷ്യൻ വാള തുടങ്ങിയ വിദേശ മത്സ്യങ്ങളും നാട്ടിലേക്കിറങ്ങിയിട്ടുണ്ട്. സക്കർ ക്യാറ്റ് ഫിഷ്, ത്രീസ്‌പോട്ട് ഗൗരാമി തുടങ്ങിയ അക്വേറിയം മീനുകളും വ്യാപകമായി ഉണ്ട്. ഇവ നാടന്മീനുകളുടെ മുട്ട തിന്നുന്നവയാണ്. ത്രീ സ്പോട്ട് ഗൗരാമി എന്ന ഇനം മീൻവലകൾ കടിച്ചുമുറിക്കുകയും ചെയ്യും. പ്രളയത്തിനുശേഷമാണ് ചാലക്കുടിപ്പുഴയിൽ 35 കിലോയുള്ള അരപൈമ എന്ന മത്സ്യത്തെ കണ്ടത്. കേരളത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ശുദ്ധജലമീനാണിത്.പുഴകളിൽനിന്ന് കിട്ടുന്ന വിദേശമീനുകളിൽ ഒന്നോ രണ്ടോ എണ്ണത്തിനെ പഠനത്തിന് ഫിഷറീസ് സർവകലാശാലയിൽ എത്തിക്കുന്നത് നന്നായിരിക്കും. ഇവയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ കൂടുതൽ പഠനം ആവശ്യമാണ്-ഡോ. രാജീവ് രാഘവൻ, അസോസിയേറ്റ് പ്രൊഫസർ, കേരള ഫിഷറീസ് സർവകലാശാല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP