Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലേക്കെത്തുന്ന മത്സ്യങ്ങൽ കേടാകാതെ ഉപയോഗിക്കുന്നത് മൃതദേഹം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ; കർശന നടപിയുമായി സർക്കാർ രംഗത്തെത്തിയതോടെ ഓപ്പറേഷൻ സാഗർ റാണിയിൽ പിടികൂടിയത് 12,000 കിലോ മത്സ്യം; 6,000 കിലോയിൽ ഫോർമാലിൻ കലർന്നെന്ന കണ്ട് തിരിച്ചയച്ചു

കേരളത്തിലേക്കെത്തുന്ന മത്സ്യങ്ങൽ കേടാകാതെ ഉപയോഗിക്കുന്നത് മൃതദേഹം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ; കർശന നടപിയുമായി സർക്കാർ രംഗത്തെത്തിയതോടെ ഓപ്പറേഷൻ സാഗർ റാണിയിൽ പിടികൂടിയത് 12,000 കിലോ മത്സ്യം; 6,000 കിലോയിൽ ഫോർമാലിൻ കലർന്നെന്ന കണ്ട് തിരിച്ചയച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ സാഗർ റാണിയുടെ മൂന്നാം ഘട്ടത്തിൽ കണ്ടെത്തിയ മാരകമായ ഫോർമാലിൻ കലർന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6,000 കിലോഗ്രാം മൽസ്യത്തിൽ ഫോർമാലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പർ സ്ട്രിപ്പ് ഉയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്.

തുടർന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ലാബിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു കിലോ മത്സ്യത്തിൽ 63 മില്ലിഗ്രാം ഫോർമാലിൻ കണ്ടെത്തിയിരുന്നു. അമരവിളയിൽ നിന്നും പിടിച്ചെടുത്ത മത്സ്യം കൂടുതൽ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച് കളയുന്നതാണ്. പാലക്കാട് വാളയാറിൽ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ തിരിച്ചയച്ചു. കൂടുതൽ പരിശോധനയ്ക്ക് ശേഷം ഇവർക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതാണ്.

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മത്സ്യങ്ങൾ കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സർക്കാർ ഓപ്പറേഷൻ സാഗർറാണി എന്ന പേരിൽ ഒരു പുതിയ പദ്ധതി ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മൂന്ന് ഘട്ടമായാണ് ഓപ്പറേഷൻ സാഗർ റാണി നടപ്പിലാക്കുന്നത്. മത്സ്യബന്ധന തൊഴിലാളികൾ, ഫിഷ് മർച്ചന്റ് അസോസിയേഷൻ അംഗങ്ങൾ എന്നിവർക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ആദ്യഘട്ടത്തിൽ ചെയ്തത്. റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ എന്നിവരുടെ സഹായത്താൽ മത്സ്യ ഉപഭോതാക്കൾക്കും ഇത് സംബന്ധിച്ച് ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

മത്സ്യബന്ധന വിതരണ കേന്ദ്രങ്ങൾ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് അവയുടെ കെമിക്കൽ, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്തത്. ഇതിൽ കണ്ടെത്തിയ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ കർശനമായ നിർദേശത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ റെയ്ഡ് നടത്തി നശിപ്പിക്കുകയും നടപടിയെടുക്കുകയുമാണ് മൂന്നാം ഘട്ടത്തിൽ ചെയ്യുന്നത്. മൂന്നാം ഘട്ടമാണ് ഇപ്പോൾ നടത്തിവരുന്നത്. ഇനിയും വ്യാപകമായ പരിശോധനകൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

എന്താണ് ഫോർമാലിൻ?

ഫോർമിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. മനുഷ്യ ശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ശരീര ഭാഗങ്ങൾ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോർമാലിൻ ലായനിയിലാണ്. ഇത്ര അളവാണെങ്കിൽ പോലും ഇത് കുറേക്കാലം കേടുകൂടാകാതെയിരിക്കും. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോർമാലിൻ ലായനിയിലാണ്. ഈ ലായനിയിൽ ആറുമാസത്തിൽ കൂടുതൽ മൃതദേഹങ്ങൾ കേടുകൂടാകാതെ സൂക്ഷിക്കാൻ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോർമാലിനാണ്.

കഴിക്കുന്ന മീനിനൊപ്പം ഫോർമാലിൻ കൂടി ശരീരത്തിനുള്ളിലെത്തിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ. ശശികല പറഞ്ഞു. ഫോർമാലിൻ കഴിക്കാൻ പാടില്ല. അത് ചെറിയ അളവിലാണെങ്കിൽ കൂടി ശരീരത്തിനുള്ളിലെത്തിയാൽ വിഷമായി പ്രവർത്തിക്കും . തുടർച്ചയായി ഇത്തരത്തിൽ ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ ഉള്ളിൽ ചെന്നാൽ പലതരം അവയവങ്ങളേയും ബാധിക്കുമെന്നും ക്യാൻസർ പോലെയുള്ള മാരകമായ അസുഖങ്ങൾ ഉണ്ടാക്കുമെന്നും ഡോ. കെ. ശശികല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP