Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജന്മനാൽ ഹൃദ്രോഗമുള്ള 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; റോട്ടറി-അമൃത സൗജന്യ പീഡിയാട്രിക് കാർഡിയോളജി ക്യാമ്പ് സെപ്റ്റംബർ 29ന്

ജന്മനാൽ ഹൃദ്രോഗമുള്ള 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; റോട്ടറി-അമൃത സൗജന്യ പീഡിയാട്രിക് കാർഡിയോളജി ക്യാമ്പ് സെപ്റ്റംബർ 29ന്

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ കോസ്മോസിന്റെ ആഭിമുഖ്യത്തിൽ ജന്മനാൽ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കാനായി അമൃത ആശുപത്രിയുമായി സഹകരിച്ച് ലോക ഹൃദയദിനമായ സെപ്റ്റംബർ 29-ന് സൗജന്യ പീഡിയാട്രിക് കാർഡിയോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു. റോട്ടറി ഡിസ്ട്രിക്റ്റ് 3201-ന്റെ ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പ് ദർബാർ ഹാൾ ഗ്രൗണ്ടിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് നടക്കുകയെന്ന് റോട്ടറി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 18 വയസിന് താഴെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് പ്രധാനമായും സംഘടിപ്പിക്കുന്നതെങ്കിലും പുറത്ത് നിന്നുള്ള കുട്ടികൾക്കും ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് റോട്ടറി കൊച്ചിൻ കോസ്മോസ് പ്രസിഡന്റ് കെ.ജി. ശ്രീജിത് പണിക്കർ പറഞ്ഞു. അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ ഡോ. കൃഷ്ണകുമാർ ക്യാമ്പിന് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിൽ പ്രതിവർഷം ജനിക്കുന്ന കുട്ടികളിൽ 2,50,000 കുട്ടികൾക്ക് ഹൃദ്രോഗമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 95% പേർക്കും സമയോചിതമായ പരിചരണം ലഭിക്കുന്നില്ല. സാമ്പത്തിക പരാധീനതയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നതെന്ന് ഗിഫ്റ്റ് ഓഫ് ലൈഫ് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ദാമോദരൻ വി പറഞ്ഞു. മിക്ക മെഡിക്കൽ ഇൻഷൂറൻസ് കമ്പനികളും ജന്മനാലുള്ള ഹൃദ്രോഗങ്ങളെ ഇൻഷൂറൻസ് പരിരക്ഷയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. കേരളത്തിൽ ശിശു മരണത്തിന്റെ പ്രധാന കാരണം ജന്മനാലുള്ള ഹൃദ്രോഗമാണെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റോട്ടറി ക്ലബും അമൃത ആശുപത്രിയും ഇത്തരമൊരു സംരംഭവുമായി മുന്നോട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കോകാർഡിയോഗ്രഫി ഉൾപ്പെടെയുള്ള പരിശോധനകൾ ക്യാമ്പിൽ സൗജന്യമായി നൽകും. തുടർന്ന് ശസ്ത്രക്രിയ ആവശ്യമുള്ളവരെ അമൃത ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ലഭ്യമാക്കാനായി ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിക്ക് കീഴിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ക്യാമ്പാണ് ഇത്.

മുൻകൂർ രജിസ്ട്രേഷനിലൂടെയാണ് ക്യാമ്പിൽ പങ്കെടുക്കാനാവുക. രജിസ്ട്രേഷനായി 96058 55517, 96058 50094 എന്നീ നമ്പറുകളിൽ രാവിലെ 9-നും വൈകീട്ട് 6-നുമിടയ്ക്ക് ബന്ധപ്പെടേണ്ടതാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP