Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രക്കാർക്ക് പാരവച്ച് റെയിൽവെ 'സയാമീസ് ട്രെയിൻ' വേർപെടുത്തുന്നു; ഒറ്റ ട്രെയിനായി ഓടിയ മധുര അമൃതയും നിലമ്പൂർ രാജ്യറാണിയും ഇനി രണ്ടു വണ്ടികൾ; രാജ്യറാണിയുടെ പുറപ്പെടൽ ഇനി കൊച്ചുവേളിയിൽ നിന്ന്; ഇരു ട്രെയിനുകളുടെയും സമയക്രമം മാറ്റിയതിലും അമൃതയ്ക്ക് തൃശൂരിൽ നിന്ന് പാലക്കാടെത്താൻ നാലര മണിക്കൂർ നീക്കിവച്ചതിലും വൻ പ്രതിഷേധം

യാത്രക്കാർക്ക് പാരവച്ച് റെയിൽവെ 'സയാമീസ് ട്രെയിൻ' വേർപെടുത്തുന്നു; ഒറ്റ ട്രെയിനായി ഓടിയ മധുര അമൃതയും നിലമ്പൂർ രാജ്യറാണിയും ഇനി രണ്ടു വണ്ടികൾ; രാജ്യറാണിയുടെ പുറപ്പെടൽ ഇനി കൊച്ചുവേളിയിൽ നിന്ന്; ഇരു ട്രെയിനുകളുടെയും സമയക്രമം മാറ്റിയതിലും അമൃതയ്ക്ക് തൃശൂരിൽ നിന്ന് പാലക്കാടെത്താൻ നാലര മണിക്കൂർ നീക്കിവച്ചതിലും വൻ പ്രതിഷേധം

കൊച്ചി: വേർപെടുത്താത്ത സയാമീസ് ഇരട്ടകളെ പോലെ ഓടിയിരുന്ന രണ്ട് ട്രെയിനുകളാണ് പാലക്കാട് വഴി മധുരയ്ക്ക് പോകുന്ന അമൃത എക്സ്‌പ്രസും നിലമ്പൂരിലേക്ക് പോകുന്ന രാജ്യറാണി എക്സ്‌പ്രസും. ഷൊർണൂരിൽ വച്ചാണ് ഓരോ യാത്രയിലും ട്രെയിൻ രണ്ടായി തിരിച്ചുപോകുന്നത്. മടങ്ങുമ്പോൾ ഷൊർണൂരിൽവച്ച് വീണ്ടും ഒന്നാകുകയും ചെയ്യും. എന്നാൽ ഇവയെ വേർപെടുത്തി രണ്ടു ട്രെയിനുകളാക്കാൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവെ.

കേൾക്കുമ്പോൾ ഒന്നിനുപകരം രണ്ടു ട്രെയിനുകളായി എന്ന് ആശ്വസിക്കാൻ വരട്ടെ. ഇതോടൊപ്പം സമയക്രമത്തിലും പുറപ്പെടുന്ന സ്ഥലത്തിന്റെ കാര്യത്തിലുമെല്ലാം മാറ്റംവരുത്തിയാണ് പരിഷ്‌കാരമെന്നതിനാലും അമൃതയ്ക്ക് തൃശൂരിൽ നിന്ന് പാലക്കാട്ടെത്താൻ നാലുമണിക്കൂർ അനുവദിച്ചതിനാലും വലിയ പ്രതിഷേധമാണ് യാത്രക്കാർ ഉയർത്തുന്നത്. മാത്രമല്ല, നിലമ്പൂർ രാജ്യറാണിയുടെ പുറപ്പെടൽ സ്റ്റേഷൻ കൊച്ചുവേളിയായും നിശ്ചയിച്ചിട്ടുണ്ട്.

മെയ് മാസം മുതലാണ് പരിഷ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വലിയ എതിർപ്പാണ് ഇപ്പോഴേ ഉയരുന്നത്. കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി സ്വതന്ത്ര ട്രെയിൻ മെയ്‌ 9ന് സർവീസ് ആരംഭിക്കും. രാത്രി 8.50ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.50ന് നിലമ്പൂരെത്തും.13 കോച്ചുകളാണു ട്രെയിനിലുണ്ടാകുക. തിരുവനന്തപുരം മധുര അമൃത എക്സ്‌പ്രസ് രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 12.15നു മധുരയിലെത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 3.15ന് മധുരയിൽനിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5.50ന് തിരുവനന്തപുരത്ത് എത്തും. ഇങ്ങനെയാണ് പുതുതായി പ്രഖ്യാപിച്ച ഷെഡ്യൂൾ.

അമൃതയ്ക്കു കൊല്ലങ്കോട് സ്റ്റോപ്പും മെയ്‌ 9നു നിലവിൽ വരും. 18 കോച്ചുകളാണു അമൃതയിലുണ്ടാകുക. എന്നാൽ ട്രെയിനുകളുടെ പുതുക്കിയ സമയക്രമം സംബന്ധിച്ചു വ്യാപക പരാതിയാണു ഉയരുന്നത്. വരും ദിവസങ്ങളിൽ റെയിൽവെ കനത്ത പ്രതിഷേധം നേരിടേണ്ടി വരും. അമൃത, ഷൊർണൂർ ഒഴിവാക്കുന്നതോടെ സമയം ലാഭിക്കേണ്ടതിനു പകരം യാത്രാസമയം കൂടുകയാണു ചെയ്തിരിക്കുന്നത്. ബസുകൾ രാത്രിയിൽ ഒന്നര മണിക്കൂർ മാത്രം എടുക്കുന്ന തൃശൂർ പാലക്കാട് റൂട്ടിൽ ഓടാൻ അമൃതയ്ക്കു നൽകിയിരിക്കുന്നതു നാലര മണിക്കൂറോളമാണ്.
മധുരയിൽ നിന്നു പുറപ്പെടുന്ന സമയം ഉച്ചയ്ക്ക് 3.45ൽ നിന്നു വൈകിട്ട് 6.30 ആക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടപ്പോൾ അതു നേരത്തേയാക്കി. 3.15ന് പുറപ്പെടുന്ന രീതിയിലാണു പുനഃക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരെ ദ്രോഹിക്കുന്ന സമീപനമാണു പാലക്കാട് ഡിവിഷനിലെ ഓപ്പറേറ്റിങ് വിഭാഗത്തിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. പൊള്ളാച്ചി മുതൽ ഷൊർണൂർ വരെ 170 മിനിറ്റാണു അമൃത, മധുരയിൽ നിന്നുള്ള മടക്കയാത്രയിൽ വെറുതേ നിർത്തിയിടുന്നത്.

അമൃതയുടെ പുതിയ സമക്രമം അനുസരിച്ചു റണ്ണിങ് ടൈം ഒന്നേ മുക്കാൽ മണിക്കൂറാണു കൂടിയിരിക്കുന്നത്. റെയിൽവേയുടെ തലതിരിഞ്ഞ പരിഷ്‌കാരം മൂലം രാത്രി 8.30 കഴിഞ്ഞാൽ തിരുവനന്തപുരത്തുനിന്നു വടക്കോട്ടു ട്രെയിനുകളില്ലാത്ത സ്ഥിതിയാണ്. ഇപ്പോൾ അമൃത എക്സ്‌പ്രസിന്റെ ശരാശരി വേഗം മണിക്കൂറിൽ 40 കിലോമീറ്ററാണെങ്കിൽ മെയ്‌ 9 മുതൽ 33 കിലോമീറ്ററായി കുറയുമെന്നതാണ് ആക്ഷേപത്തിന് മറ്റൊരു കാരണം. റെയിൽവെ പുതിയതായി അനുവദിക്കുന്ന എല്ലാ ട്രെയിനുകളുടെയും ശരാശരി വേഗം മണിക്കൂറിൽ 60 ഉം 70ഉം ആണെന്നിരിക്കെ കേരളത്തിൽ മാത്രമാണു ഒച്ചുപോലെ ഇഴയുന്നതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

യാത്രക്കാരെ മനഃപൂർവം ബുദ്ധിമുട്ടിക്കാനുള്ള പാലക്കാട് ഡിവിഷനിലെ ചില ഉദ്യോഗസ്ഥരുടെ ശ്രമമാണു രാജ്യറാണിയുടെയും അമൃതയുടെയും പുതിയ ടൈംടേബിളിൽ പ്രതിഫലിക്കുന്നതെന്നാണ് പരാതി ഉയരുന്നത്. കേരളത്തിലെ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെട്ടു ട്രെയിനുകളുടെ വേഗം കൂട്ടിയില്ലെങ്കിൽ ബസിൽ പോകേണ്ടി വരുമെന്നു യാത്രക്കാർ പറയുന്നു. രാജ്യറാണി എക്സ്‌പ്രസിനു തൃശൂർ മുതൽ ഷൊർണൂർ വരെ 33 കിലോമീറ്റർ ഓടാൻ 3 മണിക്കൂറാണു കൊടുത്തിരിക്കുന്നതെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്-തൃശൂർ റൂട്ടിൽ രണ്ടു മണിക്കൂറിനുള്ളിൽ ബസ്സുകൾ ഓടിയെത്തുന്ന സ്ഥാനത്താണ് ഇരട്ടിയിലേറെ സമയം അമൃതയ്ക്ക് നൽകിയതെന്നാണ് ആക്ഷേപം.

അമൃതയിൽ ഒരു സെക്കൻഡ് എ.സി., രണ്ട് തേഡ് എ.സി., 10 സ്ലീപ്പർ, മൂന്ന് ജനറൽ, ഭിന്നശേഷിക്കാർക്കായുള്ള ഒരു കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെ 18 കോച്ചുകളാണുണ്ടാവുക. നിലവിൽ 14 കോച്ചുകളാണുള്ളത്. തേഡ് എ.സി. കോച്ചുകളുണ്ടായിരുന്നില്ല. രാജ്യറാണിയിൽ ഒരു സെക്കൻഡ് എ.സി., ഒരു തേഡ് എ.സി., ഏഴ് സ്ലീപ്പർ, രണ്ട് ജനറൽ, ഭിന്നശേഷിക്കാർക്കുള്ള ഒരു കോച്ച്, ലഗേജ് കം ബ്രേക്ക് വാൻ 1 എന്നിങ്ങനെ 13 കോച്ചുകളാണ് രാജ്യറാണിയിലുണ്ടാവുക. നിലവിൽ ഒമ്പത് കോച്ചുകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP