Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളം തീരം വിട്ട് ലക്ഷദ്വീപ് ഭാഗത്തെത്തിയ ഗജ വീണ്ടും ചുഴലിക്കാറ്റായി മാറുന്നു; കേരളത്തിൽ പല ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക സാധ്യത; കേരള തീരത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റുവീശാൻ സാധ്യത: മൽസ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്: ആലപ്പുഴയിലും ഗജ താണ്ഡവം

കേരളം തീരം വിട്ട് ലക്ഷദ്വീപ് ഭാഗത്തെത്തിയ ഗജ വീണ്ടും ചുഴലിക്കാറ്റായി മാറുന്നു; കേരളത്തിൽ പല ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക സാധ്യത; കേരള തീരത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റുവീശാൻ സാധ്യത: മൽസ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്: ആലപ്പുഴയിലും ഗജ താണ്ഡവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള തീരം വിട്ട് ലക്ഷദ്വീപ് ഭാഗത്തെക്ക് നീങ്ങിയ ഗജ ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബക്കടലിലൂടെ ലക്ഷദ്വീപ് ഭാഗത്തെക്ക് നീങ്ങിയ ഗജ വീണ്ടും ചുഴലിക്കാറ്റായി മാറുന്നുവെന്നാണ് റിപ്പോർട്ട്. കൊച്ചി തീരത്ത് നിന്ന് ഏഖദേശം 400 കിലോമീറ്റർ മാറി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടും ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. അങ്ങനെ എങ്കിൽ കേരളത്തിൽ കനത്ത മഴയും കാറ്റും വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തു പല ഭാഗങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ, വൈദ്യുത തൂണുകൾ, ടവറുകൾ എന്നിവയ്ക്കു സമീപം അധികസമയം ചെലവഴിക്കുകയോ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യരുതെന്നു ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം. ശക്തമായ കാറ്റുവീശാം എന്നതിനാൽ വരുന്ന 20 വരെ മൽസ്യതൊഴിലാളികൾ കടലിൽ പോകരുതെന്നു ചീഫ് സെക്രട്ടറി ടോം ജോസ് കർശന മുന്നറിയിപ്പു നൽകി. നാളെ മുതൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ഒമാൻ ഭാഗത്തേക്കു ന്യൂനമർദമായി നീങ്ങുമെന്നാണു സൂചന.

ലക്ഷദ്വീപിൽ കർശന ജാഗ്രതാനിർദ്ദേശം നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ നിന്ന് പശ്ചിമഘട്ടം കടന്ന് അറബിക്കടലിലെത്തി വീണ്ടും ശക്തി പ്രാപിക്കുന്നത് അപൂർവ പ്രതിഭാസമാണെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കരയിൽ പ്രവേശിക്കുമ്പോൾ ഈർപ്പം കുറയുന്നതിനാലും തടസങ്ങളുള്ളതിനാലും ശക്തി കുറയുകയാണു പതിവ്. എന്നാൽ കരവിട്ടു കടലിലെത്തിയിട്ടും വീണ്ടും ശക്തി പ്രാപിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിയത്.

അതേസമയം ആലപ്പുഴയിലും ഗജ താണ്ഡവമാടി. ആലപ്പുഴയുടെ വടക്കൻ മേഖലയെയും വിറപ്പിച്ച ചുഴലിക്കാറ്റിൽ ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി, പാണാവള്ളി, പട്ടണക്കാട്, വയലാർ, എഴുപുന്ന, മാരാരിക്കുളം വില്ലേജുകളിൽ കനത്ത നാശനഷ്ടം ഉണ്ടായി. 156 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണമായും തകർന്നു. കോടികളുടെ നഷ്ടമുണ്ടായി. ഒട്ടേറെ വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നു. വീടുകളിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

തൈക്കാട്ടുശ്ശേരി വില്ലേജിലെ പൂച്ചാക്കൽ തേവർവട്ടം ഭാഗങ്ങളിലാണ് കൂടുതൽ നാശം. ഇവിടെ മാത്രം 144 വീടുകൾ തകർന്നു. കാർഷികമേഖലയിൽ കനത്തനാശമുണ്ടായി. മരങ്ങൾവീണ് 200 പോസ്റ്റുകൾ ഒടിഞ്ഞു. അരക്കോടി രൂപയുടെ നഷ്ടം വൈദ്യുതി വകുപ്പിന് മാത്രമുണ്ടായി. വെള്ളിയാഴ്ച വൈകീട്ട് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ ഇരുട്ടിലായ പല പ്രദേശങ്ങളിലും ശനിയാഴ്ച വൈകീട്ടും വെളിച്ചമെത്തിയിട്ടില്ല.

സ്‌കൂൾ കെട്ടിടങ്ങൾ, മതിലുകൾ, പള്ളികൾ എന്നിവയ്ക്കു കേടുപാടുണ്ടായി. ചേർത്തല-അരൂക്കുറ്റി റൂട്ടിൽ മരം വീണ് മുടങ്ങിയ ഗതാഗതം പുനഃസ്ഥാപിച്ചു. ഇടറോഡുകളിൽ ഇതുവരെ തടസ്സം നീക്കിയിട്ടില്ല. ഗജ ന്യൂനമർദ്ദമായി രൂപപ്പെട്ട് കേരളതീരത്ത് തന്നെയുണ്ട്. അതിനാൽ ആലപ്പുഴയുടെ തീരമേഖലയിലുള്ളവർ ഇപ്പോഴും ആശങ്കയിലാണ്. ഈ മാസം 20 വരെ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് ജില്ലാഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ കനത്ത നാശം വിതച്ചു. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് ഇതുവരെ 35 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. നാഗപട്ടണം, വേളാങ്കണ്ണി, പുതുക്കോട്ടെ, തഞ്ചാവൂർ, കടലൂർ തുടങ്ങിയ മേഖലകളിലാണ് ചുഴലിക്കാറ്റ് കനത്തനാശം വിതച്ചത്. ഈ മേഖലകളിൽ അടുത്ത 24 മണിക്കൂർ കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങൾക്ക് പുറമേ കൊടൈക്കനാൽ ഉൾപ്പെടെയുള്ള മലയോരമേഖലകളിലും കനത്തമഴയിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൊടൈക്കനാലിൽ മണ്ണിടിഞ്ഞ് വീണ് നാലുപേർ മരിച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീണു. ചുഴലിക്കാറ്റ് നാശംവിതച്ച മേഖലകളിൽ ദേശീയ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം നാവികസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി നാവികസേനയുടെ രണ്ട് കപ്പലുകൾ ശനിയാഴ്ച കാരയ്ക്കൽ തീരത്തെത്തി. ചെത്‌ലത്ത്, ചെറിയാം കപ്പലുകളാണ് ഭക്ഷണസാധനങ്ങളുമായി കാരയ്ക്കലിൽ എത്തിയത്. പ്രകൃതിക്ഷോഭത്തിൽ മരണപ്പെട്ടവർക്ക് തമിഴ്‌നാട് സർക്കാർ പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP