Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമ്പൂർണ സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങൾ ഘാനയിലും; പദ്ധതി വികസനത്തിനായി സിയാലുമായി ധാരണാപത്രം ഒപ്പിട്ടു

സമ്പൂർണ സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങൾ ഘാനയിലും; പദ്ധതി വികസനത്തിനായി സിയാലുമായി ധാരണാപത്രം ഒപ്പിട്ടു

പ്രകാശ് ചന്ദ്രശേഖരൻ

കൊച്ചി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ മൂന്ന് വിമാനത്താവളങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കായി ഘാന എയർപോർട്ട് അഥോറിറ്റിയുടെ കൺസൾട്ടന്റും കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. കൊച്ചി വിമാനത്താവളം പോലെ സമ്പൂർണ സൗരോർജത്താൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങൾ ഘാനയിൽ വികസിപ്പിക്കുകയാണ് ലക്ഷ്യം.

സിയാലിന്റെ സാങ്കേതിക സഹകരണം ആവശ്യപ്പെട്ടുകൊണ്ട് ഘാനയുടെ ഇന്ത്യൻ ഹൈക്കമ്മിഷണർ മൈക്കേൽ ആരൺ നോർട്ടൻ ഒഖാന ജൂനിയർ സിയാലിലെത്തി മാനേജിങ് ഡയറക്ടർ വി.ജെ.കുര്യനുമായി ചർച്ച നടത്തിയിരുന്നു. ഇതനുസരിച്ച്, ഘാനയുടെ തലസ്ഥാനമായ അക്രയിലെ കൊട്ടോക ഇന്റർനാഷണൽ എയർപോർട്ട്, കുമാസി ഇന്റർനാഷണൽ എയർപോർട്ട്, നവ്‌രോംഗോ ഡൊമസ്റ്റിക് എയർപോർട്ട് എന്നിവിടങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാൻ സിയാൽ സാങ്കേതിക സഹകരണം നൽകും. കൊട്ടോക വിമാനത്താവളത്തിലെ സൗരോർജ പദ്ധതി ഉടൻ തുടങ്ങും. ആറ് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റുകളാണ് ഇവിടെ സ്ഥാപിക്കുക. ഇതിൽ ഒന്നര മെഗാവാട്ടോളം കാർപാർക്കിന്റെ മുകളിലുള്ള പാനലുകളിൽ നിന്ന് ലഭിക്കത്തക്കവിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

2015 ഓഗസ്റ്റ് 18 മുതൽ സമ്പൂർണമായും സൗരോർജത്താലാണ് കൊച്ചി വിമാനത്താവളം പ്രവർത്തിക്കുന്നത്. പരിസ്ഥിതി സൗഹാർദവും പാരമ്പ്യരേതരവുമായ ഊർജ ഉത്പാദന രീതികൾക്ക് ലോകമാകെ പ്രചാരം സിദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ രംഗത്ത് കൺസൾട്ടൻസി സേവനത്തിലേയ്ക്ക് സിയാൽ കാൽവയ്ക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പറഞ്ഞു. ' വിമാനത്താവളം പോലെ, വൻതോതിൽ ഊർജോപയോഗം ആവശ്യമുള്ള സ്ഥാപനങ്ങൾക്കുപോലും കാര്യക്ഷമമായി പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ ആശ്രയിക്കാനാകുമെന്ന ആശയമാണ് സിയാൽ മുന്നോട്ടുവച്ചത്. അത് ലോകശ്രദ്ധയാകർഷിച്ചു.

ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായതോടെ നിരവധി രാജ്യങ്ങളിൽ നിന്നും വിമാനത്താവളങ്ങളിൽ നിന്നും സിയാലിന്റെ സാങ്കേതിക സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് അന്വേഷണങ്ങളുണ്ടായി. ഡീസൽ നിലയങ്ങളെ ആശ്രയിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലൈബീരിയ പോലുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ സിയാൽ സന്ദർശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ സിയാൽ ആർജിച്ച സാങ്കേതിക വൈദഗ്ധ്യം മറ്റുള്ളവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ കൺസൾട്ടൻസി സേവനമാരംഭിക്കാൻ സിയാൽ തീരുമാനിച്ചത് ' -കുര്യൻ പറഞ്ഞു.

മേൽക്കൂരയിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചിട്ടുള്ള കാർപോർട്ട് ഉൾപ്പെടെ എട്ട് പ്ലാന്റുകളാണ് സിയാലിൽ ഇപ്പോഴുള്ളത്. 30 മെഗാവാട്ടാണ് മൊത്തം സ്ഥാപിതശേഷി. മെയ് മാസത്തോടെ ഇത് 40 മെഗാവാട്ടായി ഉയരും. രാജ്യാന്തര ടെർമിനലിന് മുന്നിലുള്ള കാർപോർട്ടിന്റെ സ്ഥാപിതശേഷി 2.7 മെഗാവാട്ടാണ്. ഇതേ മാതൃകയിൽ ആഭ്യന്തര ടെർമിനലിന് മുന്നിലും 2.4 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കാർപോർട്ട് നിർമ്മിച്ചുവരുന്നു. ഇത് പൂർത്തിയാകുമ്പോൾ ലോകത്തിലെ വിമാനത്താവളങ്ങളിലെ ഏറ്റവും വലിയ കാർപോർട്ട് സിയാലിലേതാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP