Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഘർ വാപ്പസി: ഇപ്പോൾ ദേശീയ മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത് കേരളത്തെ കുറിച്ച്; കോട്ടയത്ത് അനേകം ക്രസ്ത്യാനികളേയും മുസ്ലീമുകളേയും മതം മാറ്റി; കൂടുതൽ ഹിന്ദു സംഘടനകൾ രംഗത്ത്

ഘർ വാപ്പസി: ഇപ്പോൾ ദേശീയ മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത് കേരളത്തെ കുറിച്ച്; കോട്ടയത്ത് അനേകം ക്രസ്ത്യാനികളേയും മുസ്ലീമുകളേയും മതം മാറ്റി; കൂടുതൽ ഹിന്ദു സംഘടനകൾ രംഗത്ത്

കൊച്ചി: സംഘപരിവാർ ദേശീയ തലത്തിലാണ് ഘർ വാപ്പസിക്ക് തുടക്കമിട്ടത്. എന്നാൽ ഉത്തരേന്ത്യയിലെ മതപരിവർത്തന ചടങ്ങുകൾ വിവാദമായതോടെ പരിവാർ സംഘടനകൾ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി. ഇതിനിടെയിൽ മതപരിവർത്തന നിരോധന നിയമം എന്ന ആശയം ബിജെപി ഉയർത്തുകയും ചെയ്തു. പാർലമെന്റ് അവസാനിച്ചെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല.

എന്നാൽ ഘർ വാപ്പസിയിൽ നിലവിലെ ചർച്ചാ കേന്ദ്രം ഉത്തരേന്ത്യയല്ല. മറിച്ച് കേരളത്തിലെ ഹിന്ദുമതത്തിലേക്കുള്ള പരിവർത്തനമാണ് ചർച്ചാ വിഷയം. കേരളത്തിൽ വിഎച്ച്പിയുടെ നേതൃത്വത്തിൽ ഹിന്ദു ഹെൽപ്പ് ലൈനിന്റെ മേൽനോട്ടത്തിൽ നടക്കുന്ന മതപരിവർത്തനമാണ് ദേശീയ മാദ്ധ്യങ്ങൾ ഇപ്പോൾ പ്രധാനമായും ചർച്ചയാക്കുന്നത്. ഘർവാപ്പസി കേരളത്തിൽ തുടരാനാണ് സംഘപരിവാറിന്റെ തീരുമാനം. അതിനിടെ ശിവസേന പോലുള്ള ആർഎസ്എസിന് പുറത്തുള്ള ഹൈന്ദവ സംഘടനകളും മതപരിവർത്തനം ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ്.

അതിനിടെ സംസ്ഥാനത്ത് നിർബന്ധിത പരിവർത്തനമില്ലെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി ചോദ്യം ചെയ്തു കഴിഞ്ഞു. സർക്കാരും ആർഎസ്എസും തമ്മിലെ ഒത്തുകളിയാണ് ഇതെന്ന് പിണറായി ആരോപിച്ചു. ക്രിസ്മസ് ദിനത്തിൽ കോട്ടയത്തും ഘർ വാപ്പസി ചടങ്ങുകൾ നടന്നു. കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലുമാണ് വിഎച്ച്പിയുടെ നേതൃത്വത്തിൽ മതപരിവർത്തന ചടങ്ങുകൾ നടന്നത്.മതപരിവർത്തനം നടത്തിയ 59 പേരിൽ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇതിൽ ഒരാൾ മാത്രമാണ് ഇസ്ലാമിൽ നിന്നുള്ളത്. മതപരിവർത്തനത്തിന് ആരിൽ നിന്നും നിർബന്ധമില്ലായിരുന്നുവെന്ന് മതംമാറിയവർ വ്യക്തമാക്കിയിട്ടുണ്ട്. പ്രായോഗികത മുൻനിർത്തിയാണ് പലരും മതം മാറിയിരിക്കുന്നത്.

കോട്ടയത്ത് 11 കുടുംബങ്ങളിലെ 17 പേരും പൊൻകുന്നത്ത് 20 കുടുംബങ്ങളിൽ നിന്നുള്ള 42 പേരുമാണ് മതപരിവർത്തനം നടത്തിയത്. കഴിഞ്ഞ ദിവസം ആലപ്പുഴ കായംകുളത്ത് മൂന്ന് മുസ്ലിംകുടുംബങ്ങളിൽ നിന്നുള്ള 11 പേരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. സംസ്ഥാനമൊട്ടാകെ ക്രിസ്മസ് ദിനത്തിൽ 200 പേർ തിരികെ ഹിന്ദുമതത്തിലേക്ക് എത്തിയെന്നാണ് ഹിന്ദു ഹെൽപ്പ്‌ലൈന്റെ അവകാശവാദം. വരും ദിവസങ്ങളിലും കൂടുതൽ പേർ ഹിന്ദുമതത്തിലേക്ക് എത്തുമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ രഹസ്യ സ്വഭാവം സൂക്ഷിക്കും. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് കോട്ടയത്തും പൊൻകുന്നത്തും ഘർ വാപസി സംഘടിപ്പിച്ചത്.

ആലപ്പുഴ ജില്ലയിൽ ചേപ്പാടിനു പിന്നാലെയാണ് കായംകുളത്ത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ മതപരിവർത്തനം നടന്നത്. ഇസ്‌ലാം മത വിശ്വാസികളായ മൂന്നു കുടുംബങ്ങളെയാണ് മതപരിവർത്തനം നടത്തിയത്. ആറാട്ടുപുഴ, കായംകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. മൂന്നു കുടുംബങ്ങളിലെ 11 പേരെയാണ് മതപരിവർത്തനം നടത്തിയത്. ഇതിൽ ഒരു കുടുംബം പരമ്പരാഗത ഇസ്‌ലാം മത വിശ്വാസികളാണ്. മറ്റുള്ളവർ വർഷങ്ങൾക്കു മുമ്പ് ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാംമതത്തിലേക്കു പരിവർത്തനം ചെയ്തവരാണ്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് മതം മാറിയവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

അതിനിടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പുനർ പരിവർത്തന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ശിവസേനയും അറിയിച്ചു. മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ഹിന്ദുമത വിശ്വാസികൾക്ക് സ്വന്തം മതത്തിലേക്ക് തിരിച്ചു വരാനുള്ള സൗകര്യവും അവരുടെ സംരക്ഷണവും ഒരുക്കും. കൂട്ടായ്മയുടെ തീയതി പിന്നീട് അറിയിക്കും. ന്യൂനപക്ഷ, മുന്നാക്ക, പിന്നാക്ക കമ്മിഷനുകൾ പിരിച്ചു വിടണമെന്നും ശിവസേന സംസ്ഥാന രാഷ്ട്രീയ കാര്യസമിതി ചെയർമാൻ ടി.ആർ. ദേവൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP