Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മികച്ച തദ്ദേശസ്വയംഭരണ സ്ഥാനങ്ങൾക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു; പാപ്പിനിശ്ശേരി മികച്ച ഗ്രാമപഞ്ചായത്ത്; നെടുമങ്ങാട് മികച്ച ബ്ലോക്ക് പഞ്ചായത്ത്; തിരുവനന്തപുരം മികച്ച ജില്ലാ പഞ്ചായത്ത്

മികച്ച തദ്ദേശസ്വയംഭരണ സ്ഥാനങ്ങൾക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു; പാപ്പിനിശ്ശേരി മികച്ച ഗ്രാമപഞ്ചായത്ത്; നെടുമങ്ങാട് മികച്ച ബ്ലോക്ക് പഞ്ചായത്ത്; തിരുവനന്തപുരം മികച്ച ജില്ലാ പഞ്ചായത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : 2018-19 ൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് സ്വരാജ് ട്രോഫിക്കും പ്രത്യേക ധനസഹായത്തിനും അർഹത നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് അനക്‌സ് 1 ൽ നടന്ന വാർത്താ സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി. എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് രണ്ടും ആലപ്പുഴ ജില്ലയിലെ വീയപുരം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്തു. തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിനെ മികച്ച രണ്ടാമത്തെ ബ്ലോക്കായും കോട്ടയം ജില്ലയിലെ ളാലം ബ്ലോക്ക് പഞ്ചായത്തിനെ മികച്ച മൂന്നാമത്തെ ബ്ലോക്ക് പഞ്ചായത്തായും തെരഞ്ഞെടുത്തു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി. കൊല്ലം ജില്ലാ പഞ്ചായത്തും എറണാകുളം ജില്ലാ പഞ്ചായത്തും മൂന്നാം സ്ഥാനത്തെത്തി.

സംസ്ഥാന തലത്തിൽ മൂന്നു വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനം നേടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 25 ലക്ഷം രൂപ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരമായി നൽകുക. രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും മൂന്നാം സ്ഥാനത്തിന് 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമപഞ്ചായത്തുകളെയും പ്രഖ്യാപിച്ചു. ജില്ല, ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകൾ എന്ന ക്രമത്തിൽ:

തിരുവനന്തപുരം - ചെമ്മരുതി ഗ്രാമപഞ്ചായത്ത്, മംഗലപുരം ഗ്രാമപഞ്ചായത്ത്
കൊല്ലം- പൂതക്കുളം ഗ്രാമപഞ്ചായത്ത്, നെടുമ്പന ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട- തുമ്പമൺ ഗ്രാമപഞ്ചായത്ത്, മെഴുവേലി ഗ്രാമപഞ്ചായത്ത്
ആലപ്പുഴ- കുമാരപുരം ഗ്രാമപഞ്ചായത്ത്, മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത്
കോട്ടയം- വെളിയന്നൂർ ഗ്രാമപഞ്ചായത്ത്, അയ്മനം ഗ്രാമപഞ്ചായത്ത്
ഇടുക്കി- വട്ടവട ഗ്രാമപഞ്ചായത്ത്, മണക്കാട് ഗ്രാമപഞ്ചായത്ത്
എറണാകുളം- രായമംഗലം ഗ്രാമപഞ്ചായത്ത്, മാറാടി ഗ്രാമപഞ്ചായത്ത്, പാലക്കുഴ ഗ്രാമപഞ്ചായത്ത്
തൃശ്ശൂർ- പൂമംഗലം ഗ്രാമപഞ്ചായത്ത്, അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത്
പാലക്കാട്- ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്, വെള്ളിനേഴി ഗ്രാമപഞ്ചായത്ത്
മലപ്പുറം- പുലാമന്തോൾ ഗ്രാമപഞ്ചായത്ത്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് - ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, പനങ്ങാട് ഗ്രാമപഞ്ചായത്ത്
വയനാട്- മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, കോട്ടത്തറ ഗ്രാമപഞ്ചായത്ത്
കണ്ണൂർ- കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത്, പരിയാരം ഗ്രാമപഞ്ചായത്ത്
കാസർഗോഡ്- ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത്

ജില്ലാ തലത്തിൽ അവാർഡ് നേടിയ ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം പത്ത് ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം പ്രത്യേകം ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. പുരസ്‌കാരം ഈ മാസം 18 നും 19 നും വയനാട് വൈത്തിരിയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ വിതരണം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗത്തിൽ റെക്കോഡ് നേട്ടമാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായും സംസ്ഥാന ആസൂത്രണ ബോർഡ് അംഗം (വികേന്ദ്രീകൃത ആസൂത്രണം),

നഗരകാര്യ ഡയറക്ടർ, ഗ്രാമവികസന കമ്മീഷണർ, ഇൻഫർമേഷൻ കേരള മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കില ഡയറക്ടർ, സംസ്ഥാന ആസൂത്രണ ബോർഡ് ഡി.പി. ഡിവിഷൻ ചീഫ്, സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ് കൺവീനർ എന്നിവർ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടർ കൺവീനറുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, ഗ്രാമവികസന കമ്മീഷണർ പത്മകുമാർ, പഞ്ചായത്ത് വകുപ്പ് അഡീ.ഡയറക്ടർ അജിത്കുമാർ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP