Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോളേജുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു; യൂണിയൻ പ്രവർത്തനത്തിന് ഉൾപ്പെടെ സ്ഥാപന മേധാവിയുടെ അനുമതി വേണം

കോളേജുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു; യൂണിയൻ പ്രവർത്തനത്തിന് ഉൾപ്പെടെ സ്ഥാപന മേധാവിയുടെ അനുമതി വേണം

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് കാമ്പസുകളുടെയും ഹോസ്റ്റലുകളുടെയും സുഗമമായ പ്രവർത്തനത്തിന് സർക്കാർ മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചു. ഇത് പ്രകാരം യൂണിയൻ പ്രവർത്തനങ്ങൾ ഉൾപ്പെടെ കാമ്പസിലെ എല്ലാ ആഘോഷങ്ങൾക്കും സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി ആവശ്യമാണ്.

പരിപാടിയുടെ വിശദാംശങ്ങൾ, ഫണ്ടിന്റെ സ്രോതസ്, പ്രതീക്ഷിക്കുന്ന ചെലവ്, പങ്കെടുക്കുന്ന അതിഥികൾ തുടങ്ങിയവ പരിപാടിക്ക് അഞ്ച് പ്രവൃത്തിദിവസം മുൻപ് ബന്ധപ്പെട്ട സ്റ്റാഫ് അഡൈ്വസർ മുഖാന്തിരം സ്ഥാപന മേധാവിയെ അറിയിച്ചിരിക്കണം. കോളേജുകളിലെ ആഘോഷങ്ങൾക്ക് അച്ചടക്ക സമിതി മേൽനോട്ടവും നിരീക്ഷണവും നിർവഹിക്കും.

സ്ഥാപന മേധാവി അധ്യക്ഷനായും, സ്റ്റാഫ് അഡൈ്വസർ, വകുപ്പ് അധ്യക്ഷന്മാർ, അച്ചടക്ക സമിതി അംഗങ്ങൾ എന്നിവരും ഉൾപ്പെട്ട സമിതി യൂണിയൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. കോളേജിൽ എല്ലാ വിദ്യാർത്ഥികളും തിരിച്ചറിയൽ കാർഡ് ധരിക്കണം. കോളേജ് യൂണിയൻ ഓഫീസുകളുടെ പ്രവൃത്തി സമയം അധ്യയന ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണിവരെയായി നിജപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും ആഘോഷ ദിവസങ്ങളിൽ പ്രവർത്തനം രാത്രി ഒൻപത് മണിവരെ ദീർഘിപ്പിക്കാൻ സ്ഥാപന മേധാവിക്ക് അധികാരമുണ്ടായിരിക്കും. മധ്യവേനലവധിക്കാലത്ത് യൂണിയൻ ഓഫീസിന്റെ താക്കോൽ സ്ഥാപന മേധാവിയുടെ അധീനതയിൽ സൂക്ഷിക്കണം. സ്ഥാപന മേധാവിയോ, കോളേജ് കൗൺസിൽ നിയോഗിക്കുന്ന സമിതിയോ യൂണിയൻ ഓഫീസ് ഇടയ്ക്കിടെ സന്ദർശിക്കും.

ആഘോഷ സമയത്ത് കോളേജ് കാമ്പസിലും ഹോസ്റ്റലിലും യാതൊരുവിധ വാഹനങ്ങളും ഉപയോഗിക്കാൻ അനുവദിക്കില്ല. വിദ്യാർത്ഥികളുടെ വാഹനങ്ങൾക്ക് പാർക്കിങ് സ്ഥലം വരെ പ്രവേശനം അനുവദിക്കും. അതിനപ്പുറത്തേക്ക് പ്രവേശനം കർശനമായി നിയന്ത്രിക്കും. പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് കോളേജ് അധികൃതർ സുരക്ഷ ഒരുക്കണം. ഇതിനുള്ള ചെലവ് പി.റ്റി.എ. ഫണ്ടിൽ നിന്നോ കോളജ് ഫണ്ടിൽ നിന്നൊ കണ്ടെത്തണം.

കോളജ് ക്യാംപസിന്റെയും, ഹോസ്റ്റലിന്റെയും സുരക്ഷാ ചുമതലയ്ക്ക് കഴിയുന്നത്ര വിമുക്തഭടന്മാരെ ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ നിരീക്ഷിക്കുന്നതിനും, മേൽനോട്ടം വഹിക്കുന്നതിനുമായി അഞ്ച് അംഗങ്ങളുള്ള പ്രത്യേക സമിതികളെ കോളജ് കൗൺസിൽ നിയോഗിക്കണം. ഹോസ്റ്റൽ വാർഡനും ഉൾപ്പെടുന്ന ഈ സമിതിയുടെ അദ്ധ്യക്ഷൻ സ്ഥാപന മേധാവിയായിരിക്കും.

ഹോസ്റ്റലുകളിൽ ആയുധം സൂക്ഷിക്കുക, ഹോസ്റ്റലിലും, കാംപസിലും മദ്യവും, ലഹരി മരുന്നും ഉപയോഗിക്കുക, തുടങ്ങിയ പരാതികൾ അന്തേവാസികളിൽ നിന്നൊ പൊതുജനങ്ങളിൽ നിന്നൊ ലഭിച്ചാൽ നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ഹോസ്റ്റലുകൾക്കായുള്ള സമിതി ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. പ്രവേശന കവാടത്തിന് അടുത്തായി സുരക്ഷാ ജീവനക്കാർക്കുള്ള മുറി ഒരുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കോളജ് ഹോസ്റ്റലിന്റെയും പ്രവേശന കവാടത്തിലും, പുറത്തേക്കുള്ള വഴിയിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. യഥാർത്ഥ ആവശ്യങ്ങൾക്ക് മാത്രമെ പൂർവവിദ്യാർത്ഥികൾ ഉൾപ്പെടെ പൊതുജനങ്ങൾക്ക് കോളജ് കാംപസിൽ പ്രവേശനം അനുവദിക്കൂ. യാതൊരു കാരണവശാലും ഇവരെ ക്ലാസ് മുറികളിലും, ഹോസ്റ്റലിലും കയറാൻ അനുവദിക്കില്ല.

ഡി.ജെ, സംഗീത പരിപാടികൾ തുടങ്ങിയ പുറം ഏജൻസികളുടെയും, പ്രൊഷണൽ സംഘങ്ങളുടെയും പരിപാടികൾ ക്യാംപസിൽ അനുവദിക്കില്ല. ഫണ്ട് ദുർവിനിയോഗത്തിലേക്ക് നയിക്കുമെന്നതിനാൽ ഇത്തരം പരിപാടികൾക്കായി വിദ്യാർത്ഥികളിൽ നിന്ന് ധനസമാഹരണവും അനുവദിക്കില്ല. ടെക്‌നിക്കൽ ഫെസ്റ്റിവലുകൾ സാങ്കേതിക പ്രവർത്തനങ്ങളിൽ ഒതുക്കി നിർത്തണം. വിദ്യാർത്ഥികളുടെ പരിപാടികൾക്ക് നിയന്ത്രണമില്ല. വിദ്യാർത്ഥികളുടെ റേസ്, കാർ റേസ്, ആനയെ ഉപയോഗിച്ച് ഘോഷയാത്ര തുടങ്ങിയവ കാംപസിലും, ഹോസ്റ്റലിലും അനുവദിക്കില്ല. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി എല്ലാ ആഘോഷങ്ങളും മുൻകൂട്ടി പൊലീസിനെ അറിയിക്കണം.

വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹരിക്കാൻ കൗൺസിലിങ്/സോഷ്യൽ വർക്ക് സർവീസ് തുടങ്ങിയവ ഏർപ്പെടുത്തണം. വ്യക്തികൾക്കും സംഘങ്ങൾക്കും കൗൺസിലിങ് സംഘടിപ്പിക്കാം. റാഗിങ് വിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. എൻ.എസ്.എസ്, എൻ.സി.സി, യോഗ, കായികമത്സരങ്ങൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം. കാംപസിൽ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് അദ്ധ്യാപകരുടെ സാന്നിധ്യം നിർബന്ധമാണ്. പരിപാടികൾ രാത്രി ഒമ്പത് മണിക്കപ്പുറം ദീർഘിപ്പിക്കാൻ പാടില്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് മെൻസ് ഹോസ്റ്റലിന്റെ മാതൃകയിൽ മറ്റ് കോളജുകളിലെ ഹോസ്റ്റലുകളുടെ പ്രവർത്തനം പരിഷ്‌കരിക്കാനും മാർഗനിർദ്ദേശമുണ്ട്. ബദൽമാർഗമെന്ന നിലയിൽ ഹോസ്റ്റൽ മെസ് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാം.

എല്ലാ കോളജുകളിലും പരാതിപരിഹാര സെൽ നിർബന്ധമായും രൂപീകരിച്ചിരിക്കണം. കോളജുകളിൽ പരാതിപെട്ടികൾ സ്ഥാപിക്കണം. ഇതിൽ ഒരു പെട്ടി പൊലീസിനുള്ള പരാതികൾ നിക്ഷേപിക്കാനുള്ളതാവണം. ജില്ലാതലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ നമ്പർ ഈ പെട്ടിയിൽ രേഖപ്പെടുത്തിയിരിക്കണം. ഹോസ്റ്റൽ നയം സംബന്ധിച്ച് സർക്കാർ പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിക്കും. ഓണാഘോഷത്തെ തുടർന്ന് ചില കോളേജുകളിലും ഹോസ്റ്റലുകളിലുമുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളെ തുടർന്നാണ് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP