Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുലാം അലിയെ സ്‌നേഹിച്ചു ശ്വാസം മുട്ടിച്ച് കോഴിക്കോട്ടുകാർ; ചടങ്ങിന് പ്രതിഷേധിക്കാൻ എത്തിയ ശിവസേനക്കാർ പാക് പതാക കത്തിച്ച് നിർവൃതിയടഞ്ഞ് വേഗം സ്ഥലം കാലിയാക്കി

ഗുലാം അലിയെ സ്‌നേഹിച്ചു ശ്വാസം മുട്ടിച്ച് കോഴിക്കോട്ടുകാർ; ചടങ്ങിന് പ്രതിഷേധിക്കാൻ എത്തിയ ശിവസേനക്കാർ പാക് പതാക കത്തിച്ച് നിർവൃതിയടഞ്ഞ് വേഗം സ്ഥലം കാലിയാക്കി

കോഴിക്കോട്: ഗസൽ നിലാവിൽ കോഴിക്കോട് എല്ലാം മറന്നു. സ്വപ്നനഗരിയിൽ ഒരുക്കിയ പ്രത്യേക വേദിയിൽ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ഗായകൻ ഗുലാം അലി ഒരിക്കൽകൂടി പാടിയപ്പോൾ അസഹിഷ്ണുതയുടെ കാർമേഘങ്ങൾ അലിഞ്ഞിറങ്ങി. പ്രണയത്തിന്റെയും വിരഹത്തിന്റെയും ഗൃഹാതുരതയുടെയും പതിവ് ഗസൽ ശൈലിയിൽ ഗുലാം അലി കോഴിക്കോട്ടുകാരുടെ മനസ്സ് കൈയിലെടുത്തു. മതത്തിനും ഭാഷക്കും ദേശത്തിനുമപ്പുറം സദസ്സിലെ ആയിരങ്ങളെ സംഗീതത്തിൽ ഒരുമിപ്പിക്കുകയായിരുന്നു ഗുലാം അലി. സഹഗായകനായി പണ്ഡിറ്റ് വിശ്വനാഥും ഗുലാം അലിയുടെ മകൻ ആമിർ അലിയുമടക്കം വേദിയിലുണ്ടായിരുന്നു.

ഗുലാം അലി ചിട്ടപ്പെടുത്തിയ 'പിയാ ബിൻ ആയാ ചാന്ദ് നിരാദ്...' എന്ന ഗസൽ ആലപിച്ച് പണ്ഡിറ്റ് വിശ്വനാഥാണ് ചാന്ദ്‌നീരാതിന് തുടക്കംകുറിച്ചത്. ഗുലാമിന്റെ സ്വരത്തിനായി കാത്തിരുന്ന നിറഞ്ഞ സദസ്സിനോട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ടായിരുന്നു ഹർഷാരവങ്ങൾക്കായി. 'ദിൽ കി ജോ തുംനെ കഭീ...' എന്ന ഗസലോടെ ആ സ്വരമാധുരി ഉയർന്നപ്പോൾ ഹിന്ദുസ്ഥാനിയുടെ സ്‌നേഹഭൂമിക നെഞ്ചേറ്റി. 'ഹം തേരേ ഷഹർ മേ ആയേ ഹെ, മുസാഫിർ കി തരഹ്...' എന്ന ഗസൽ അതിർത്തികളില്ലാത്ത സംഗീതത്തിന്റെ രാഷ്ട്രീയമായി. 'മെ നസർസേ ബീ തക്...', 'ദിൽ മെ ഏക് ലഹര്‌സെ ഉഠീഹെ അഭീ...' 'കൽ ജോതു വീ കിത്‌നീ...' തുടങ്ങിയ ഗസലുകളും അദ്ദേഹം ആലപിച്ചു. 'ചുപ്‌കെ ചുപ്‌കെ രാത് ദിൻ ആർസു ബഹാനാ യാദ് ഹെ' എന്ന ഗാനം ഗുലാം അലിയും മകനും ചേർന്നാണ് ആലപിച്ചത്.

സ്വരലയയുടെയും ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വൈകീട്ട് ഏഴരയോടെയാണ് ഗുലാം അലി വേദിയിലത്തെിയത്. പ്രമുഖസാഹിത്യകാരൻ എം ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരൻ നമ്പൂതിരി സ്വാഗതഗാനം ആലപിച്ചു. മന്ത്രിമാരായ എം.കെ. മുനീർ, എ.പി. അനിൽകുമാർ, എം.എ. ബേബി എംഎ‍ൽഎ എന്നിവർ ചേർന്ന് ഗുലാം അലിക്ക് ആറന്മുള കണ്ണാടി ഉപഹാരമായി നൽകി. ഗുലാം അലി ചിട്ടപ്പെടുത്തിയ പഴയ ഗ്രാമഫോൺ റെക്കോഡ് മേയർ വി.കെ.സി. മമ്മത്‌കോയ കോഴിക്കോടിന്റെ ഉപഹാരമായി നൽകി.

നേരത്തെ ഗുലാം അലിയുടെ ചാന്ദ്‌നി രാത് ഗസൽ പരിപാടിയോട് പ്രതിഷേധം പ്രകടിപ്പിച്ച് ശിവസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വപ്നനഗരിയിലേക്ക് മാർച്ച് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. അരയിടത്തുപാലത്തുനിന്ന് മാർച്ച് ചെയ്തത്തെിയ പ്രവർത്തകരെ സ്വപ്നനഗരിക്ക് സമീപം പൊലീസ് തടഞ്ഞു. ഗോബാക് ഗുലാം അലി വിളിച്ചുള്ള പ്രകടനത്തിൽ പാക് പതാക കത്തിച്ച് പ്രതിഷേധിച്ചു. അതിനപ്പുറത്തേക്ക് ഒന്നും ശിവസേനക്കാർ ചെയ്തില്ല

കലയോടും കലാകാരന്മാരോടുമുള്ള അസഹിഷ്ണുതയല്ല തങ്ങളുടെ പ്രതിഷേധത്തിന് കാരണമെന്നും സംസ്ഥാന സർക്കാറിന്റെ അഴിമതി മറയ്ക്കാനാണ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പരിപാടിയെന്നും ഉദ്ഘാടനംചെയ്ത ജില്ലാ പ്രസിഡന്റ് കെ. തുളസീദാസ് പറഞ്ഞു. വിവിധ പാർട്ടികൾക്കൊപ്പം നരേന്ദ്ര മോദിക്കെതിരെയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരിലും മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. അരയിടത്തുപാലത്തുനിന്ന് ആരംഭിച്ച മാർച്ച് തടയാനായി വൈകീട്ട് ആറോടെ പൊലീസ് റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം വഴിതിരിച്ചുവിട്ടു.

കനത്ത പൊലീസ് കാവലും ജലപീരങ്കിയടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. പ്രകടനം നടത്തിയ 20ഓളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP