കോട്ടയത്ത് എച്ച് വൺ എൻ വൺ പടരുന്നു; രോഗിയെ ചികിത്സിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും പനി; ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു; മൂന്ന് ഡോക്ടർമാർ നിരീക്ഷണത്തിൽ
June 18, 2019 | 09:43 AM IST | Permalink

മറുനാടൻ ഡെസ്‌ക്
കോട്ടയം: കോട്ടയം ജില്ലയെ ഭീതിയിലാഴ്‌ത്തി എച്ച് വൺ എൻ വൺ പടർന്ന് പിടിക്കുന്നു. രോഗിയെ ചികിത്സിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജില്ലയിൽ എച്ച് വൺ എൻ വൺ ബാധിച്ച് ഒരാൾ മരിച്ചിരുന്നു. എച്ച് വൺ എൻ വൺ ബാധിച്ച രോഗിയ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കാണ് പനി ബാധിച്ചത്.
പ്രാഥമിക പരിശോധനയിൽ ഇവർക്ക് എച്ച് വൺ എൻ വൺ ആണെന്ന് സ്ഥിരീകരിച്ചു. മറ്റ് മൂന്ന് ഡോക്ടർമാർ നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ വർഷം ഇതുവരെ 64 പേർക്കാണ് ജില്ലയിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. മൂന്ന് പേർ മരിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയലധികം പേർക്കാണ് ഈ വർഷം രോഗം ബാധിച്ചത്.
ഇതുവരെ 30 പേർക്ക് എലിപ്പനിയും 25 പേർക്ക് ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. ഹെപ്പറ്റൈറ്റിസ് ബി രോഗികളുടെ എണ്ണത്തിലും വർദ്ധനയാണുള്ളത്. 90 പേർക്ക് സാധാരണ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്ച 1796 പേർക്ക് പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ വൈക്കം തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പനി കേസുകളുള്ളത്. പനി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ലയിലെ 80 സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം രോഗബാധയെ തുടർന്ന് ഈമാസം സംസ്ഥാനത്ത് അഞ്ച് പേരാണ് മരിച്ചത്. 52 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം 565 പേർക്ക് രോഗം ബാധിച്ചപ്പോൾ ഇതിൽ 22 പേർ മരണത്തിന് കീഴടങ്ങിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് എച്ച്1 എൻ1 കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മലപ്പുറത്ത് കണ്ണൂരിലെ തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയ നൂറോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞമാസം മണിപ്പാലിൽ നടത്തിയ പരിശോധനയിലാണ് എച്ച്1 എൻ1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിൾ പരിശോധിച്ചപ്പോഴാണ് എട്ട് പേരിൽ എച്ച്1 എൻ1 കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിൽ ജൂൺ ആദ്യം എച്ച്1 എൻ1 പനി ബാധിച്ച് മല്ലപ്പള്ളിയിൽ ഏട്ട് വയസ്സ് പ്രായമുള്ള പെൺകുട്ടി മരിച്ചിരുന്നു. കഴിഞ്ഞ വർഷം 581 പേരിൽ രോഗം കണ്ടെത്തിയതിൽ 26 പേരാണ് മരണത്തിനു കീഴടങ്ങിയത്.
