Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാദിയയുടെ കാര്യത്തിൽ സംസ്ഥാന വനിതാ കമ്മീഷന് എന്താണിത്ര താത്പര്യം; ഹാദിയയെ കാണാൻ വൈക്കത്ത് എത്തിയ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയെ പിതാവ് മടക്കി അയച്ചു

ഹാദിയയുടെ കാര്യത്തിൽ സംസ്ഥാന വനിതാ കമ്മീഷന് എന്താണിത്ര താത്പര്യം; ഹാദിയയെ കാണാൻ വൈക്കത്ത് എത്തിയ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയെ പിതാവ് മടക്കി അയച്ചു

വൈക്കം: ഹാദിയയെ കാണാൻ വൈക്കത്ത് എത്തിയ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയെ പിതാവ് അശോകൻ മകളെ കാണാൻ അനുവദിച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അധ്യക്ഷ, അംഗം എം.എസ്.താര, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവരെത്തിയത്. എന്നാൽ ഹാദിയയെ കാണാൻ അനുമതി നൽകാതെ പിതാവ് ഇവരെ മടക്കി അയക്കുക ആയിരുന്നു.

തന്റെ അഭിപ്രായം കേൾക്കാതെ കേസിൽ കേരള വനിതാ കമ്മിഷൻ സുപ്രീംകോടതിയിൽ കക്ഷി ചേർന്നതു ശരിയായില്ലെന്നും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയെ മാത്രമേ മകളെ കാണാൻ അനുവദിച്ചിട്ടുള്ളൂവെന്നും അശോകൻ അധ്യക്ഷയോട് പറഞ്ഞു. ടിവിപുരത്ത് ഹാദിയയുടെ പിതാവ് കെ.യു.അശോകന്റെ സഹോദരി ഗിരിജയുടെ വീട്ടിലെത്തിയാണ് അധ്യക്ഷ അശോകനുമായി സംസാരിച്ചത്. ഹാദിയയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അശോകൻ അനുമതി നൽകിയില്ല.

ഒദ്യോഗിക വാഹനം ഉപേക്ഷിച്ച് മറ്റൊരു കാറിലായിരുന്നു കമ്മീഷൻ അംഗങ്ങൾ എത്തിയത്. വനിതാ കമ്മിഷൻ സുപ്രീംകോടതിയിൽ കക്ഷി ചേർന്നതാണ് അശോകനെ ചൊടിപ്പിച്ചത്. യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അക്കാര്യത്തിൽ ശരിയായ നിലപാട് തന്നെയാണ് കമ്മിഷൻ സ്വീകരിച്ചതെന്നും അധ്യക്ഷ വിശദീകരിച്ചു. ദേശീയ കമ്മിഷൻ അധ്യക്ഷയുടെ സന്ദർശനം കൊണ്ട് യുവതിക്ക് എന്ത് സ്വാതന്ത്ര്യമാണ് ലഭിച്ചതെന്നും എം.സി.ജോസഫൈൻ ചോദിച്ചു.

27ന് സുപ്രീംകോടതിയിൽ ഹാജരാകാൻ ഡൽഹിയിലേക്കുള്ള യാത്ര വിമാനത്തിലാക്കണമെന്നും അതിന്റെ ചെലവ് വഹിക്കാമെന്നും കമ്മിഷൻ അധ്യക്ഷ അശോകനോട് പറഞ്ഞു. അതേസമയം യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കമ്മിഷൻ യാത്രാച്ചെലവ് നൽകേണ്ടതില്ലെന്നുമാണ് അശോകൻ വ്യക്തമാക്കിയത്.

അതേസമയം യുവതിക്ക് നേരിട്ട് സംരക്ഷണം നൽകുന്ന വനിതാ പൊലീസുകാരിൽനിന്നു ചെയർപഴ്സൻ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ഡൽഹിയിലേക്കുള്ള യാത്രയിൽ മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസ് കൈക്കൊണ്ട നടപടികളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയിൽനിന്ന് അടിയന്തരമായി റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ കമ്മിഷൻ ചതിച്ചെന്ന് അശോകൻ
ഹാദിയയുടെ കാര്യത്തിൽ മാത്രം സംസ്ഥാന വനിതാ കമ്മിഷന് എന്താണ് ഇത്ര താൽപര്യമെന്നും എൻഐഎ അന്വേഷണം വനിതാ കമ്മിഷന്റെ ഓഫിസിൽ നിന്നു തുടങ്ങണോ എന്ന സംശയമാണ് ഉള്ളതെന്നും പിതാവ് കെ.യു.അശോകൻ. ഇന്നലെ വനിതാ കമ്മിഷൻ ചതിക്കുകയായിരുന്നു. നേരത്തെ സന്ദർശനാനുമതി ആവശ്യപ്പെട്ടപ്പോൾ നിഷേധിച്ചതാണ്.

എന്നാൽ ഇന്നലെ വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷ് വഴി തന്നെ മാത്രം രഹസ്യമായി കാണാനുള്ള ആവശ്യമാണ് ഉന്നയിച്ചത്. അതിനു സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് എത്തിയത്. ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ ഹാദിയയെ നേരിൽ കണ്ട് വിവരങ്ങൾ മനസിലാക്കിയതിനുശേഷം സംസ്ഥാന വനിതാ കമ്മിഷൻ നടത്തുന്ന സന്ദർശനത്തിനെന്താണ് പ്രസക്തിയെന്നും എന്തു കൊണ്ട് നേരത്തെ ആഗ്രഹിച്ചിരുന്ന സമയത്ത് കമ്മിഷൻ എത്തിയില്ലെന്നും അശോകൻ ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP