Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹാദിയ സെന്റർ ഫോർ സോഷ്യൽ എക്സലൻസ് വെള്ളിയാഴ്ച നാടിന് സമർപിക്കും; വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ നിർവഹിക്കും; ഓഫീസ് ആൻഡ് ഗസ്റ്റ് ലോഞ്ച് ഉദ്ഘാടനം നിർവഹിക്കുക സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും

ഹാദിയ സെന്റർ ഫോർ സോഷ്യൽ എക്സലൻസ് വെള്ളിയാഴ്ച നാടിന് സമർപിക്കും; വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ നിർവഹിക്കും; ഓഫീസ് ആൻഡ് ഗസ്റ്റ് ലോഞ്ച് ഉദ്ഘാടനം നിർവഹിക്കുക സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് സർവകലാശാല പൂർവ്വ വിദ്യാർത്ഥി സംഘടന ഹാദിയയുടെ നേതൃത്വത്തിൽ പാണക്കാട് പണികഴിച്ച ഹാദിയ സെന്റർ ഫോർ സോഷ്യൽ എക്സലൻസ് അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആൻഡ് മൾട്ടി ഫെയ്സ്ഡ് ട്രൈനിങ് സെന്റർ ഉദ്ഘാടനം സപ്തംബർ 20 ന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കും. വിദ്യാഭ്യാസത്തിലൂടെ വളരുകയും അസ്തിത്വ പ്രതിസന്ധി മറികടക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പിനായി പാണക്കാട് ആസ്ഥാനമായി മികവിന്റെ കേന്ദ്രമായാണ് ഹാദിയ സെന്റർ ഫോർ സോഷ്യൽ എക്‌സലൻസ് ആരംഭിച്ചത്.

പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയും പ്രസാധന രംഗത്ത് വേറിട്ട ചുവടുകൾ വെക്കുകയും മീഡിയയിൽ സക്രിയമായി ഇടപെടുകയും സാമൂഹിക ശാക്തീകരണ പദ്ധതികൾ ഏറ്റെടുക്കുകയും ആവശ്യമായ മാനവ വിഭവശേഷി വികസിപ്പിക്കുകയും സമൂഹത്തിന്റെ മാനസികാരോഗ്യം വീണ്ടെടുക്കുകയും ചെയ്യുകയെന്നതാണ് സെന്ററിന്റെ ലക്ഷ്യം. ഇതിനായി ഇൻസ്റ്റിറ്റിയൂഷണൽ എംപവർമെന്റ് ദാറുൽ ഹിക്മ , ബുക്പ്ലസ്, മീഡിയ ലൈൻ, , റിസോഴ്സ് ഹബ്, സൈകോ-സോഷ്യൽ ഹെൽത്ത് ക്ലബ്,യുട്യൂബ് ചാനൽ, മീഡിയ സ്‌കൂൾ, ട്രൈനേഴ്‌സ് പൂൾ തുടങ്ങി നിരവധി വകുപ്പുകൾ സി.എസ്.ഇക്കു കീഴിൽ ഇതിനകം പ്രവർത്തന സജ്ജമായി.

സി.എസ്.ഇയുടെ വിവിധ ട്രൈനിങ് പ്രൊജക്ടുകൾക്ക് വേണ്ട മാനവവിഭവശേഷി വികസിപ്പിക്കുന്നതോടൊപ്പം സാമൂഹിക ഉന്നമനത്തിന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് വിവിധ ഉദ്യോഗ തലങ്ങളിലും അക്കാദമിക, നിയമ രംഗങ്ങളിലും കൂടുതൽ ആളുകളെ എത്തിക്കുന്നതിനുള്ള പദ്ധതികൾ, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് കരിയർ ഓറിയന്റേഷനും മോറൽ ഗ്രൂമിംഗും നൽകുന്ന ആബിൾ പരിശീലന പദ്ധതി, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെകണ്ടറി-ഡിഗ്രി തലങ്ങളിലെ വിദ്യാർത്ഥികൾ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകാനും സാമൂഹിക പ്രതിബദ്ധതയുള്ളവരായിത്തീരാനുമുള്ള  'കോഡ്'പരിശീലന പദ്ധതി, നിരന്തര പരിശീലനം നൽകി പഠന മികവും കരിയർ ഓറിയന്റേഷനും നൽകുന്ന ' മാപ് ഇന്ത്യ' പദ്ധതി, ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, സ്പാനിഷ്, ജർമൻ തുടങ്ങിയ ഭാഷകളിൽ സംസാരിക്കാനും എഴുതാനുമുള്ള പരിശീലനം നൽകുന്ന 'ലീഫ് 'പദ്ധതി, 'ലീഡ്' സ്പോകൺ ഇംഗ്ലീഷ് കോഴ്സ് ഉൾപെടെ വിവിധ പരിപാടികൾക്ക് ഇതിനകം തന്നെ തുടക്കമായി.

വെള്ളിയാഴ്ച വൈകീട്ട് നാലിന് അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളും ഓഫീസ് ആൻഡ് ഗസ്റ്റ് ലോഞ്ച് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും നിർവഹിക്കും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പ്രൊജക്റ്റ് ഓഫീസ്, ഗസ്റ്റ് ലോഞ്ച്, കോൺഫറൻസ് ഹാൾ, ഓൺലൈൻ സ്റ്റുഡിയോ, ഡോർമെറ്ററികൾ, ഡിജിറ്റൽ ക്ലാസ്‌റൂമുകൾ, കൗൺസിലിങ് സെന്റർ, ഓപൺ ഗ്യാലറി ഓഡിറ്റോറിയം എന്നിവയാണ് ഇതോടെ സെന്ററിൽ പ്രവർത്തനക്ഷമമാകുന്നത്.

സംഘടനക്കു കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി 647 പ്രാഥമിക വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മുപ്പത്തിരണ്ടായിരം പഠിതാക്കളും 988 അദ്ധ്യാപകരുമുണ്ട്. കൂടാതെ നിരവധി മോഡൽ വില്ലേജുകളും മഹല്ലുകളും നടത്തുന്നു. രണ്ടു മാസം മുൻപ് ബീഹാറിലെ കിഷൻഗഞ്ജിൽ കൊർദോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസ് എന്ന സ്ഥാപനവും ഹാദിയക്കു കീഴിൽ പ്രവർത്തനമാരംഭിച്ചു.

ഡിജിറ്റൽ ക്ലാസ്സ് റൂം ഉദ്ഘാടനം സമസ്ത ജന. സെക്രട്ടറി, കെ.ആലിക്കുട്ടി മുസ്ലിയാരും, സെമിനാർ ഹാൾ ഉദ്ഘാടനം എം. ടി അബ്ദുള്ള മുസ്ലിയാരും കൗൺസിലിങ് സെന്റർ അബ്ബാസലി ശിഹാബ് തങ്ങളും മീഡിയ സ്റ്റുഡിയോ പി. കെ കുഞ്ഞാലികുട്ടി എംപിയും, ഹോസ്റ്റൽ ഇ. ടി മുഹമ്മദ് ബഷീർ എംപി.യും, ആംഫി തിയേറ്റർ പി. വി അബ്ദുൽ വഹാബ് എംപിയും നിർവ്വഹിക്കും. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ബശീർ അലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസിമാരായ നാസർ ഹയ്യ് തങ്ങൾ, ജമലുല്ലൈലി തങ്ങൾ, പി. ഉബൈദുള്ള, എംഎ‍ൽഎ, കെ. എൻ. എ ഖാദർ എംഎ‍ൽഎ എന്നിവർ പ്രസിദ്ധീകരണ വിഭാഗമായ ബുക് പ്ലസിന്റെ വിവിധ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. കൂടാതെ പ്രമുഖ പണ്ഡിതരും സാദാത്തുക്കളും നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP