Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാത്തിരിപ്പിന് ശേഷം വിമാനത്താവളം സഫലമായെങ്കിലും കണ്ണൂരിന്റെ കൈത്തറി തകർച്ചയിലേക്ക് കൂപ്പു കുത്തുന്നു; വിദേശികളെ ആകർഷിക്കാൻ കൈത്തറിയുടെ ഗുണമേന്മയോടെ നെയ്യുന്ന യന്ത്രതറിക്കാരെ പ്രോത്സാഹിപ്പിക്കണം; അതുവഴി കണ്ണൂരിന്റെ പഴയ മാഞ്ചസ്റ്റർ പദവി നിലനിർത്താം

കാത്തിരിപ്പിന് ശേഷം വിമാനത്താവളം സഫലമായെങ്കിലും കണ്ണൂരിന്റെ കൈത്തറി തകർച്ചയിലേക്ക് കൂപ്പു കുത്തുന്നു; വിദേശികളെ ആകർഷിക്കാൻ കൈത്തറിയുടെ ഗുണമേന്മയോടെ നെയ്യുന്ന യന്ത്രതറിക്കാരെ പ്രോത്സാഹിപ്പിക്കണം; അതുവഴി കണ്ണൂരിന്റെ പഴയ മാഞ്ചസ്റ്റർ പദവി നിലനിർത്താം

രഞ്ജിത് ബാബു

കണ്ണൂർ: വിമാനത്താവളം പൂർത്തിയാകുമ്പോഴേക്കും കൈത്തറി നാമാവശേഷമാവുകയാണ്. 25 ഓളം കൈത്തറി കയറ്റുമതിക്കാരുള്ള കണ്ണൂർ ജില്ലയിൽ ഇന്നത് വിരലിലെണ്ണാവുന്നവരായി അവശേഷിക്കുകയാണ്.കൈത്തറിയുമായി ബന്ധപ്പെടുത്തിയായിരുന്നു കണ്ണൂർ വിമാനത്താവളമെന്ന ആശയത്തിന് തുടക്കമിട്ടത്. മൂന്ന് പതിറ്റാണ്ട് മുമ്പ് കണ്ണൂരിലെ കൈത്തറി വ്യവസായികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും കൈകോർത്തു കൊണ്ട് ഉന്നയിച്ച ആവശ്യത്തിന് സാക്ഷാത്ക്കാരമാവുമ്പോഴേക്കും കൈത്തറി തന്നെ ഇല്ലാതാവുകയാണ്. ഇരുനൂറ്റമ്പത് കോടിയോളം രൂപയുടെ കൈത്തറി തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന കേരളത്തിലെ ഏക കേന്ദ്രമായിരുന്നു കണ്ണൂർ.

കേരളത്തിലെ മഞ്ചസ്റ്റർ എന്ന് കീർത്തിയുള്ള കൈത്തറി വാങ്ങാൻ യൂറോപ്യന്മാരും അമേരിക്കക്കാരും കാനഡക്കാരും എത്താൻ വിമാനത്താവളവും ആധുനിക ഹോട്ടലുകളും വേണമെന്ന ആവശ്യത്തിന് മുപ്പതാണ്ടിന്റെ പഴക്കമുണ്ട്. കൈത്തറി ഉടമകൾതന്നെ കണ്ണൂരിൽ ഹോട്ടലുകൾ പണിതപ്പോൾ സായിപ്പന്മാർ തുണികൾ തേടി എത്തി. അങ്ങനെ ലോകത്ത് ആദ്യമായി കണ്ണൂർ ക്രെയിപ്പ് എന്ന തുണി രൂപപ്പെട്ടു. ദിനം പ്രതി കണ്ണൂരിൽ നിന്നും വിവിധ വർണ്ണത്തിലുള്ള ക്രെയിപ്പ് തുണികൾ കടൽ കടന്നു. കൈത്തറിതൊഴിലാളികൾ മുതൽ ഉടമകൾ വരെ സാമ്പത്തിക ഭദ്രതയിലുമായി. എന്നാൽ ഇക്കാലത്ത് ഗതാഗതക്കുരുക്ക് മറുനാട്ടുകാരുടെ കണ്ണൂരിലെ വരവിനെ സാരമായി ബാധിച്ചു.

കോഴിക്കോട് വിമാനമിറങ്ങുന്ന വിദേശികൾക്ക് റോഡുമാർഗ്ഗം കണ്ണൂർ വരെയുള്ള യാത്ര ദുസ്സഹമായി. ഇഷ്ടമുള്ള തുണിക്ക് ഓഡർ കൊടുത്ത് അവർക്ക് യഥാസമയം തിരിച്ച് പോകാൻ വയ്യാതായി. ഓഡറുകൾ യഥാസമയം അയക്കാൻ കഴിയാതെ കൈത്തറി മേഖല ബുദ്ധിമുട്ടി. വിമാനത്താവളത്തിന്റെ മുറവിളി അപ്പോഴും മുഴങ്ങി. ഒരു തലമുറ മുഴുവൻ കൈത്തറി നെയ്ത്തിൽ നിന്നും വിരമിച്ചു. ക്രെയിപ്പ് നെയ്യാവുന്നവർ ഇന്ന് വിരലിലെണ്ണാവുന്നവർ. അമ്പത് വയസ്സ് കഴിഞ്ഞവരുടെ ലോകമാണ് ഇന്ന് കണ്ണൂർ കൈത്തറിയുടേത്. . കൈത്തറി ്ന്വേഷിച്ച് വിദേശികൾ വന്നാലും അവർ ഉദ്ദേശിക്കുന്ന കൈത്തറി യഥാസമയം നൽകാൻ ഇന്ന് കണ്ണൂരിലാവില്ല.

കണ്ണൂർ കൈത്തറി എന്ന മറവിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്ക, കാനഡ, ന്നെിവിടങ്ങളിലേക്കും കയറ്റി അയക്കുന്നത് തമിഴ് നാട്ടിലെ ഈറോഡ് കരൂർ എന്നിവിടങ്ങളിൽ നിന്നും ഉത്പ്പാദിപ്പിക്കുന്ന പവർലൂം തുണികളാണ്. വിദേശ ഓർഡറുകൾ നിലക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. കൈത്തറിയുടെ മറവിൽ കണ്ണൂരിൽ നിന്നും കയറ്റി അയച്ചത് പവർലൂം തുണികളുമായി. കൈത്തറി നെയ്യാൻ മീറ്റിന് 100 രൂപ വേണ്ടുന്ന സ്ഥാനത്ത് അമ്പത് രൂപക്ക് പവർ ലൂം മിൽ നിന്നും ലഭിച്ചു. കണ്ണൂർ കൈത്തറി എന്ന പേരിൽ വ്യാജൻ കടന്നതോടെ കൈത്തറി എന്ന നിഷ്‌ക്കർഷിച്ച് വാങ്ങാൻ തയ്യാറുള്ള വിദേശങ്ങളിലെ വ്യക്തികളും സ്ഥാപനങ്ങളും കണ്ണൂർ കൈത്തറിയെ കയ്യൊഴിഞ്ഞു. മാത്രമല്ല കൈത്തറിയിലുണ്ടാക്കുന്ന വില കാരണം പല വിദേശികളും കൈത്തറിയുടെ ഗുണവും സൗന്ദര്യവും പാലിക്കുന്ന പവർ ലൂമിൽ നിന്നും തുണികൾ വാങ്ങാൻ തയ്യാറായി.

അതോടെ കണ്ണൂർ മുദ്ര ഉപയോഗിച്ച് ഏർജെറ്റ് , റാപ്പിയർ ലൂം എന്നിവയിൽ നെയ്ത തുണികളാണ് അവർ കയറ്റുന്നത്. കണ്ണൂരിലെ കൈത്തറി ഉടമകളും തമിഴ് നാട്ടിൽ നിന്ന് കൈത്തറി ഉത്പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. 250 കോടി രൂപയുടെ കണ്ണൂർ കൈത്തറിയുടെ മാർക്കറ്റ് ഇന്നും നിലനിൽക്കുന്നുണ്ട്. അത് കേരളത്തിൽ ഉത്പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യാൻ നിലവിൽ ഒരു സാഹചര്യവുമില്ല.25 സഹകരണ സംഘങ്ങളും 50 സ്വകാര്യ സംരഭകരുമായി കണ്ണൂർ കൈത്തറി മേഖലയിൽ ഇപ്പോൾ അവശേഷിക്കുന്നത്. നിലവിൽ ഉള്ളവർ കൊഴിഞ്ഞു പോകുവുകയല്ലാതെ ഒരു ഒററയാളും കൈത്തറിയിലേക്ക് കടന്നു വരുന്നില്ല. പത്ത് വർഷം മുമ്പ് 60,000 പേർ ജോലി ചെയ്ത കണ്ണൂർ കൈത്തറിയിൽ ഇന്ന് അവശേഷിക്കുന്നത് ഇരുപത്തി അയ്യാരത്തിൽ താഴെയാണ്. നിലവിലുള്ളവർ പോലും ഈ മേഖല കൈവെടിഞ്ഞു കൊണ്ടിരിക്കുന്നു. എന്തിന്റെ പേരിലായിരുന്നോ വിമാനത്താവളം കൊണ്ടു വന്നത് ആ ഉദ്ദേശം സമസ്‌ക്കരിക്കപ്പെട്ടു കഴിഞ്ഞു.

അവരിൽ ചിലർ പവർലൂമിലേക്ക് മാറി കഴിഞ്ഞു. കൈത്തറിയുടെ ഗുണമേന്മ നിഷ്‌ക്കർഷിച്ച് ഉണ്ടാക്കുന്നതിനാൽ അവർക്കിപ്പോൾ വിദേശ ഓർഡറുകൾ ലഭിക്കാനുള്ള സാഹചര്യവുമുണ്ട്. എന്നാൽ സംസ്ഥാന സർക്കാറിൽ നിന്നും മതിയായ സംരക്ഷണം ഇവർക്ക് ലഭിക്കുന്നില്ല. കൈത്തറി എന്ന പേരിൽ വ്യാജൻ ഉത്പ്പാദിപ്പിക്കാൻ ഇവർ തയ്യാറുമല്ല. നിലവിൽ വിദേശത്ത് കടക്കുന്ന 90 ശതമാനവും കൈത്തറി തുണി യന്ത്രത്തറിയിൽ നെയ്യുന്നതാണ് എന്ന സത്യം എല്ലാവർക്കുമറിയാം. കണ്ണൂർ കൈത്തറി എന്നതിന് പകരം കണ്ണൂർ തുണി എന്ന പരിഗണനയാണ് നിലവിൽ വേണ്ടത്.

പഴയ മഗ്ഗത്തിൽ ഒരാൾ മാത്രം നെയ്യുന്ന രീതിയിൽ നിന്ന് നാല് പേർ നെയ്യാവുന്ന സാധാരണ യന്ത്രത്തറിയാണ് കണ്ണൂരിൽ പ്രവർത്തിക്കുന്നത്. അതിന്റെ ഗുണമെന്മയും കൈത്തറിക്കൊപ്പം നിൽക്കുന്നവയാണ്. കണ്ണൂരിന്റെ തുണിപ്പെരുമയിൽ പവർലൂമിനെ കൂടി പരിഗണിച്ചാൽ അന്യ സംസ്ഥാനത്തുകൊണ്ട് പോയി നെയ്ത് കണ്ണൂരിന്റെ പേരിൽ കയറ്റി അയക്കുന്നത് നിർത്താൻ സഹായിക്കും. പകരം കണ്ണൂരുകാർക്ക് യന്ത്രത്തറിയിൽ തൊഴിൽ സാധ്യത വർദ്ധിക്കുകയും അതുവഴി കയറ്റുമതിക്ക് സാഹചര്യമൊരുങ്ങുകയും ചെയ്യും. എങ്കിൽ മാത്രമേ വിമാനത്താവളത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ പൂർത്തിയാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP