Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊതു വാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി; അപകടങ്ങളുടെ കാരണം കണ്ടെത്താൻ സഹായമാകുമെന്ന് നിരീക്ഷണം; പ്രതികൾ രക്ഷപ്പെടുന്നത് സ്ഥിരമാകുന്നതിൽ വിമർശനവും; ഡാഷ് ക്യാം സ്ഥാപിക്കുന്നതു സ്വാഗതാർഹമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറും ഡിജിപിയും

പൊതു വാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി; അപകടങ്ങളുടെ കാരണം കണ്ടെത്താൻ സഹായമാകുമെന്ന് നിരീക്ഷണം; പ്രതികൾ രക്ഷപ്പെടുന്നത് സ്ഥിരമാകുന്നതിൽ വിമർശനവും; ഡാഷ് ക്യാം സ്ഥാപിക്കുന്നതു സ്വാഗതാർഹമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറും ഡിജിപിയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; അപകടങ്ങളുടെ കാരണം കണ്ടെത്താൻ പൊതു ഗതാഗത വാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചതായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കാത്തതും പഴഞ്ചൻ അന്വേഷണ രീതികളും സാക്ഷികളുടെ നിസ്സഹകരണവും മൂലം മിക്ക വാഹനാപകട കേസുകളിലും പ്രതികൾ രക്ഷപ്പെടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതു വാഹനങ്ങളിൽ ഡാഷ് ക്യാം ഉപയോഗിച്ചാൽ അപകടത്തിന്റെ കൃത്യമായ കാരണവും ഉത്തരവാദിത്തം ആർക്കെന്നും അറിയാം. ഈ സാഹചര്യത്തിലാണ് കോടതി സർക്കാരിന്റെ അഭിപ്രായം തേടിയത്.

ഡാഷ് ക്യാം ഉണ്ടെങ്കിൽ വാഹനാപകടങ്ങളുടെ ഉത്തരവാദികൾക്കു രക്ഷപ്പെടാനാകില്ല. പൊതു ഗതാഗത വാഹനങ്ങൾ ഓടിക്കുന്നവരെ ശരിയായി നിരീക്ഷിക്കാനുള്ള സംവിധാനം നിലവിലില്ല. വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ശീലങ്ങളും മറ്റും നിരീക്ഷിക്കാനും അശ്രദ്ധമായ ഡ്രൈവിങ് തടയാനുമുള്ള സംവിധാനം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.

5,000 രൂപയിൽ താഴെ വിലയുള്ള ക്യാമറയിൽ ആഴ്ചകളോളം ദൃശ്യങ്ങൾ സൂക്ഷിക്കാനാകും. പൊതു ഗതാഗത വാഹനങ്ങളിലെങ്കിലും ഡാഷ് ക്യാം സ്ഥാപിക്കുന്നതു സ്വാഗതാർഹമാണെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറും ഡിജിപിയും അറിയിച്ചു. ഇക്കാര്യത്തിൽ രേഖാമൂലം വിശദീകരണത്തിനായി കേസ് മാറ്റി.

കോഴിക്കോട് പേരാമ്പ്രയിൽ കഴിഞ്ഞ സെപ്റ്റംബർ 25നു ബസ് ഇടിച്ച് യുവതി മരിച്ച കേസിൽ ബസ് ഡ്രൈവർ സുനീഷിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ ഈ വിഷയത്തിലേക്കു കടന്നത്. കാൽനടക്കാരിയുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് ഹർജിക്കാരൻ വാദിച്ചു. ഹർജിക്കാരനു കോടതി സോപാധിക ജാമ്യം അനുവദിച്ചിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലും റഷ്യയിലും ഡാഷ് ക്യാം നിർബന്ധമാണ്, ഇൻഷുറൻസ് ക്ലെയിം പോലും തീർപ്പാക്കാൻ ഈ ദൃശ്യങ്ങൾ ഉപയോഗിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വാഹനം ഓടിച്ചത് ആരാണെന്നും അപകട കാരണമായ അനാസ്ഥ ആരുടെ ഭാഗത്താണെന്നും കൃത്യമായി അറിയാം. കുടുതൽ ശ്രദ്ധിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുക വഴി അപകടം കുറയും. തെറ്റായി പ്രതി ചേർക്കപ്പെടുന്നവർക്കു ദൃശ്യങ്ങൾ നോക്കി നിരപരാധിത്വം അറിയിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP