Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാല് ആശുപത്രികളുടെ വികസനത്തിന് 41 കോടിയുടെ ഭരണാനുമതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ പഴയങ്ങാടി താലൂക്ക് ആശുപത്രി, തൃശൂർ കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി, കണ്ണൂർ പെരിങ്ങോം താലൂക്ക് ആശുപത്രി, തിരുവനന്തപുരം പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ വികസന പ്രവർത്തനങ്ങൾക്കായി 41 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രിക്കായി 6 കോടി രൂപയും കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിക്ക് 17 കോടി രൂപയും പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് 12 കോടി രൂപയും പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന് 6 കോടി രൂപയുമാണ് അനുവദിച്ചത്. പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്. നബാർഡിന്റെ വിഹിതമായി 34.85 കോടി രൂപയും സംസ്ഥാന വിഹിതമായി 6.15 കോടി രൂപയുമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

പഴയങ്ങാടി താലൂക്ക് ആശുപത്രി മെറ്റേണിറ്റി ബ്ലോക്കിന്റെ ഒന്നും രണ്ടും നിലകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. ഈ ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്ളോറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള സാങ്കേതിക അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു. കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയുടെ വികസനത്തിലൂടെ പഴയങ്ങാടി പ്രദേശത്തെ വളരെയധികം ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാണ്. സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നൽകാനാണ് മെറ്റേണിറ്റി ബ്ലോക്ക് നിർമ്മിക്കാൻ തീരുമാനിച്ചത്. റിസപ്ഷൻ, ഒ.പി., ഫാർമസി, കൺസൾട്ടിങ് റൂം, ഒബ്സർവേഷൻ റൂം, വാർഡുകൾ, എമർജൻസി ഓപ്പറേഷൻ തീയറ്റർ, മൈനർ ഓപ്പറേഷൻ തീയറ്റർ, മേജർ ഓപ്പറേഷൻ തീയറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ന്യൂബോൺ സ്‌റ്റൈബിലൈസേഷൻ യൂണിറ്റ്, നഴ്സിങ് സ്റ്റേഷൻ, ലാബ്, ലേബർ റൂം, വാർഡുകൾ, കോൺഫറൻസ് ഹാൾ എന്നിവയാണ് സജ്ജമാക്കുന്നത്.

കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും വാർഡുകളുടെ നിർമ്മാണത്തിനായാണ് തുക അനുവദിച്ചത്. കുഷ്ഠരോഗികളുടെ പുനരധിവാസത്തിനും മികച്ച ചികിത്സാ സൗകര്യങ്ങൾക്കുമായാണ് ഈ വാർഡുകൾ നിർമ്മിക്കുന്നത്. ഹൗസ് വാർഡ്, സിക്ക് വാർഡ്, ഹോസ്പിറ്റർ വാർഡ്, സ്റ്റാഫ്, നഴ്സ് എന്നിവർക്കുള്ള മുറികൾ, ഒ.പി. റൂം, ഡയറ്റ് ഹാൾ, റിക്രിയേഷൻ ഏരിയ, കോൺഫറൻസ് ഹാൾ, കിച്ചൻ എന്നീ സൗകര്യങ്ങൾ ഉണ്ടാകും.

പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ഒ.പി. ബ്ലോക്ക്, വാർഡുകൾ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, ജനറേറ്ററോടു കൂടിയ എച്ച്.ടി. ഇന്റേണൽ സബ് സ്റ്റേഷൻ എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ജനറൽ ഒ.പി. റൂം, സർജറി ഒ.പി. റൂം, ഇ.എൻ.ടി. ബ്ലോക്ക്, ലബോറട്ടറി, ഡെന്റൽ ബ്ലോക്ക്, സ്‌കിൻ ഒ.പി., പി.എം.ആർ. ബ്ലോക്ക്, ക്യാഷ്വാലിറ്റി, ഒബ്സർവേഷൻ എന്നിവ ഒ.പി. ബ്ലോക്കിൽ ഉണ്ടാകും.

പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 20 കിടക്കകളുള്ള വാർഡുകൾ. നിർമ്മിക്കുന്നതിനാണ് രണ്ടാം ഘട്ടമായി തുക അനുവദിച്ചത്. വളരെയേറെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ പള്ളിക്കൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ വാർഡുകൾ നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP