Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്തനംതിട്ടയിൽ മഴയുടെ താണ്ഡവം ശക്തം; ജില്ലാ ആസ്ഥാനത്തുൾപ്പടെ വെള്ളം കയറിയ നിലയിൽ; അച്ചൻകോവിൽ, പമ്പ, മണിമല എന്നിവ കരകവിഞ്ഞ് ഒഴുകുന്നു; ഉൾപ്രദേശങ്ങിൽ പലയിടത്തും രണ്ടാം തവണയും ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിന് തടസമാകും വിധം അതിശക്തമായ ഒഴുക്ക്

പത്തനംതിട്ടയിൽ മഴയുടെ താണ്ഡവം ശക്തം; ജില്ലാ ആസ്ഥാനത്തുൾപ്പടെ വെള്ളം കയറിയ നിലയിൽ; അച്ചൻകോവിൽ, പമ്പ, മണിമല എന്നിവ കരകവിഞ്ഞ് ഒഴുകുന്നു;  ഉൾപ്രദേശങ്ങിൽ പലയിടത്തും രണ്ടാം തവണയും ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിന് തടസമാകും വിധം അതിശക്തമായ ഒഴുക്ക്

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ശക്തമായ മഴ ജില്ലയിൽ താണ്ഡവമാടുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അച്ചൻ കോവിൽ, പമ്പ നദികൾ കര കവിഞ്ഞ് ഒഴു കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ ആസ്ഥാനമുൾപ്പടെയുള്ള സ്ഥലത്ത് വെള്ളം കയറിയതായാണ് വിവരം. പമ്പ മരാമത്ത് കോംപ്ലകിസിനും പൊലീസ് സ്റ്റേഷനും സമീപമായി വീണ്ടും ഉരുൾ പൊട്ടിയിട്ടുണ്ട്. പമ്പയിൽ താഴ്ന്നു തുടങ്ങിയ ജലനിരപ്പ് വീണ്ടും ഉയരാൻ തുടങ്ങിയിട്ടുണ്ട്. ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഇന്നലെ രാത്രയോടെ അടച്ച ശേഷം ജലനിരപ്പ് അൽപം കുറഞ്ഞ് വരികയായിരുന്നു. റാന്നി മേഖലയിൽ ജലം നാലടി വരെയാണ് ആദ്യം കുറഞ്ഞത്.എന്നാൽ ഈ ഭാഗത്ത് ഉരുൾ പൊട്ടിയതിനാൽ ജലനിരപ്പ് ഉയരാനാണ് സാധ്യത. ഏറ്റവും ഒടുവിൽ ഉരുൾപൊട്ടലുണ്ടായി എന്ന് പറയുന്ന ഭാഗത്ത് അതിന്റെ വ്യാപ്തി എത്രത്തോളമാണെന്ന വിവരം ലഭിച്ചിട്ടില്ല. സൈന്യത്തിന്റെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും ഒരുപാട് പരിമിതികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

10,000ൽ അധികം ആളുകൾ ആറന്മുളയിലും റാന്നിയിലുമായി കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. കുറച്ച് പേരെ നേവിയുടെ ഹെലികോപ്റ്ററിൽ രക്ഷപെടുത്തിയിരുന്നു.എൻടിആർഎഫിന്റെ 27 ബോട്ടുകളാണ് ആറന്മുളയിൽ ഇറക്കിയിരിക്കുന്നത്. ഇതിൽ എല്ലാം മറ്റും ഇപ്പോൾ ഓടിക്കാൻ സാധിക്കുന്നില്ല.മാത്രമല്ല കൊണ്ടു വന്നതിൽ ചിലത് റബർ ബോട്ടുകളാണ്. വെള്ളം ഉയർന്നിരിക്കുന്ന ചില പ്രദേശങ്ങളിൽ മൈൽ കുറ്റികളും മൂർച്ചയേറിയ വസ്തുക്കളും വൈദ്യുതി പോസ്റ്റിന്റെ സ്‌റ്റേ വയറുകളും ഉള്ളതിനാൽ ഇതും റബർ ബോട്ട് ഇറക്കുന്നതിന് തിരിച്ചടി ആകുന്നുണ്ട്. മിക്ക പ്രദേശത്തും ഇരുനില വീടുകൾ ഉൾപ്പടെ വെള്ളത്തിനടിയിലാണ്. വീടിന് മുകളിലാണ് ഇപ്പോൾ പല ആളുകളും അഭയം പ്രാപിച്ചിരിക്കുന്നത്. ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനമാണ് കൂടുതൽ നടക്കുന്നത്. ഇടനാട് വീട്ടിൽ വെള്ളം കയറിയ ഭാഗത്ത് വൃദ്ധൻ മരിച്ചിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാലാണ് മരണമെന്നാണ് വിവരം. എന്നാൽ കനത്ത വെള്ളക്കെട്ട് മൂലം ഇദ്ദേഹത്തിന്റെ മൃതദ്ദേഹം പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. അതിനായി ബന്ധുക്കൾ സഹായം തേടിയിട്ടുണ്ട്.

പമ്പയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ചെങ്ങന്നൂർ വെള്ളത്തിനടിയിലാണ്. എം സി റോഡിൽ വെള്ളം കയറിയതിനാൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ പൊലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് വെള്ളം കയറി കഴിഞ്ഞു. അച്ചൻകോട് മേഖലയിൽ കൊക്കാത്തോട് ഭാഗത്ത് രണ്ടു തവണ ഉരുൾ പൊട്ടിയതായാണ് വിവരം. ഇതിനെ തുടർന്ന് അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ജില്ലാ ആസ്ഥാനത്തിന് പുറമേ പൊലീസ് സ്റ്റേഷൻ മാർക്കറ്റ്,മുസ്ലിം പള്ളി, സെന്റ് പീറ്റേഴ്‌സ് ജംക്ഷൻ, സ്റ്റേഡിയം ജംക്ഷൻ, മുത്തൂറ്റ് ആശുപത്രി, നഗരസഭാ മാലിന്യ സംഭരണ കേന്ദ്രം എന്നിവിടങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. കുമ്പന റോഡിൽ മുഴുവൻ വെള്ളം കയറിയ നിലയിലാണ്. പത്തനം തിട്ട ഓമല്ലൂർ റോഡിലും ഓമല്ലൂർ ചന്തയിലും വെള്ളം ഇരച്ചു കയറി. ഇവിടെ നിന്നും സാധനങ്ങൾ മാറ്റിയതായാണ് വിവരം. എന്നിരുന്നാലും രണ്ടാൾ പൊക്കത്തിൽ വെള്ളം കയറിയിട്ടുണ്ടെന്നാണ് സൂചന.

ഈ ഭാഗത്ത് കൈപ്പട്ടൂർ പാലം മുങ്ങിപ്പോയിട്ടുണ്ട്. ഇന്ന് വെളുപ്പിന് മഴ കുറഞ്ഞിരുന്നുവെങ്കിലും വീണ്ടും ശക്തി കൂടിയിരിക്കുകയാണ്. ചിറ്റാർ മേഖലയിൽ 15ൽ അധികം സ്ഥലങ്ങളിൽ ഉരുൾ പൊട്ടിയെന്നും 12ൽ അധികം ആളുകൾ കുടുങ്ങി പോയിട്ടുണ്ടെന്നും വിവരമുണ്ട്. ഈ മേഖല ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമല്ല. ആളുകൾ പലഭാഗത്തായി കുരുങ്ങി കിടക്കുന്ന അവസ്ഥയിലും ഇവർക്കിടയിൽ ആർക്കെങ്കിലും മരണം സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. ചില ഭാഗത്ത് നിന്നും കഴുത്തറ്റം വെള്ളത്തിൽ നിന്നു കൊണ്ട് രക്ഷാപ്രവർത്തനത്തിനായി സഹായം തേടിയവരുണ്ട്. സാധാരണ വെള്ളപ്പൊക്കമുണ്ടായാൽ ജലനിരപ്പുയർന്നാലും ഒഴുകി പോവുകയാണ് പതിവ്. എന്നാൽ ശക്തമായ ഒഴുക്കാണ് ഇത് വൻ ദുരന്തമായി മാറാൻ ഇടയാക്കിയത്. മേഘവിസ്‌ഫോടനം പോലെ അതി ഭീകരമായ രീതിയിലാണ് ഇപ്പോഴും വെള്ളം ഒഴുകി വരുന്നത്. ഇത് മൂലം തന്നെ രക്ഷാ പ്രവർത്തകർക്ക് ബോട്ടിറക്കാൻ സാധിക്കുന്നില്ല. അഥവാ ഇറങ്ങിയാൽ തന്നെ തിരിച്ച് പോരേണ്ട അവസ്ഥയാണ്.

പള്ളിയോടങ്ങൾക്ക് അകമ്പടി സേവിക്കുന്ന ബോട്ടുകൾ വരെ ആളുകൾ രക്ഷാപ്രവർത്തനത്തിനായി ഇറക്കി നോക്കിയിരുന്നു. എന്നാൽ അതിശക്തമായ ഒഴുക്ക് കാരണം ഇവ തിരിച്ച് കരയ്ക്ക് കയറ്റേണ്ടി വന്നു. പത്തനംതിട്ടയിൽ മൂന്ന് നദികളാണ് ഇപ്പോഴും കരകവിഞ്ഞ് ഒഴുകുന്നത്. അച്ചൻകോവിൽ, പമ്പ, മണിമല എന്നിവ ഇപ്പോഴും കര കവിഞ്ഞ് ഒഴുകുകയാണ്. ഇതിൽ രണ്ടു നദികളുടെ കരകളിൽ ഉരുൾ പൊട്ടുകയും ചെയ്തിരുന്നു. ചിറ്റാറിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് കല്ലാർ ഉൾപ്പടെയുള്ള പമ്പയുടെ കൈവഴികളിൽ വെള്ളം കയറിയതിനെ തുടർന്നാണ് റാന്നിയിലും ആറന്മുളയിലും ഇന്നലെ ദുരിതമുണ്ടായത്. ആലപ്പുഴ- ചങ്ങനാശേരി റോഡ് അടച്ച ശേഷം ആലപ്പുഴയിലേക്ക് പോകാൻ ഉണ്ടായിരുന്ന ഏക മാർഗം അമ്പലപ്പുഴ-കൊടിയാടി റോഡായിരുന്നു. ഈ മാർഗവും ഇപ്പോൾ വെള്ളം കയറി അടഞ്ഞ് പോയതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP