Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലവർഷക്കെടുതിയിൽ ദുരിതമൊഴിയാതെ സംസ്ഥാനം; വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലും 13 മരണം;മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു; ഇടുക്കിയിൽ ഉരുൾപ്പൊട്ടലിൽ രണ്ടു സ്ത്രീകൾ മരിച്ചു;പത്തനംതിട്ടയിൽ 12 ഇടങ്ങളിൽ ഉരുൾപ്പൊട്ടൽ; രണ്ട് കുട്ടികളെ കാണാതായി

കാലവർഷക്കെടുതിയിൽ ദുരിതമൊഴിയാതെ സംസ്ഥാനം; വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലും 13 മരണം;മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു; ഇടുക്കിയിൽ ഉരുൾപ്പൊട്ടലിൽ രണ്ടു സ്ത്രീകൾ മരിച്ചു;പത്തനംതിട്ടയിൽ 12 ഇടങ്ങളിൽ ഉരുൾപ്പൊട്ടൽ; രണ്ട് കുട്ടികളെ കാണാതായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉരുൾപ്പൊട്ടലിലും മഴവെള്ളപ്പാച്ചിലിലും സംസ്ഥാനത്ത് 13 മരണം. മലപ്പുറം പെരിങ്ങിലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒൻപത് പേർ മരിച്ചു. ഒരാളെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. മണ്ണിനടിയിൽ ഇനിയും ആളുകളുണ്ടാവാൻ സാധ്യതയുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട കുടുംബത്തെ നേരത്തെ മാറ്റി ഇവിടെനിന്ന് താമസിപ്പിച്ചിരുന്നു. എന്നാൽ കോഴിക്കൂട് മാറ്റിവെക്കാൻ വേണ്ടി ഇവർ തിരിച്ചെത്തിയപ്പോഴാണ് അപകടമുണ്ടായത്. വീട്ടിലുള്ളവരും ഇവരെ സഹായിക്കാൻ എത്തിയ പ്രദേശവാസികളുമാണ് മണ്ണിനടിയിലായത്.

ഇപ്പോഴും പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മരിച്ച രണ്ട് പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. നാലഞ്ച് ആൾപൊക്കത്തിൽ മണ്ണ് വീണ് കിടക്കുകയാണ്. വളരെ ശ്രമകരമായ രക്ഷാ ദൗത്യമാണ് നടക്കുന്നത്. സേനയുടെ സഹായത്തോടെയാണ് രക്ഷാ പ്രവർത്തനം.മലപ്പുറത്ത് നേരത്തെയും രണ്ടുപേർ മണ്ണിടിഞ്ഞുവീണ് മരിച്ചിരുന്നു.വീടിന്റെ താഴത്തെ നില പൂർണമായും മണ്ണിനടിയിലായി. പ്രദേശത്ത് കനത്ത മഴ പെയ്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. കൈതക്കുണ്ട് സ്വദേശി അസീസും ഭാര്യ സുനീറയുമാണ് മരിച്ചത്. രണ്ട് കുട്ടികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

 

കോഴിക്കോട് കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി മണൽവയൽ പാലം ഒലിച്ചുപോയി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചു. ദിവസങ്ങളായി ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് പലരും. ഇടുക്കി ഗാന്ധിനഗറിൽ ഉരുൾപ്പൊട്ടി രണ്ട് സ്ത്രീകൾ മരിച്ചു. പൊന്നമ്മ, കലാവതി എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ നാല് പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

പത്തനംതിട്ട സീതത്തോട് മേഖലയിൽ പന്ത്രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. ഇന്ന് ഉച്ചയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വയ്യാറ്റുപുഴ, ചിറ്റാർ എന്നിവടങ്ങളിലാണ് കനത്ത മഴയ്‌ക്കൊപ്പം ഉരുൾപെട്ടലും സംഭവിച്ചത്. ദുരന്തത്തിൽ മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി.ദുരന്തനിവാരണ സേനയ്‌ക്കോ ഫയർഫോഴ്‌സിനോ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. മേഖലയിലേക്കുള്ള റോഡുകളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നിരിക്കുകയാണ്.

 

പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. രാവിലെ റാന്നിയിലും കോഴഞ്ചേരിയിലും വെള്ളപ്പൊക്കം ദുരിതം വിതച്ചതിന് പിന്നാലെയാണ് സീതത്തോടും ദുരന്തഭൂമിയായത്. റാന്നി നഗരത്തിൽ വലിയ തോതിൽ വെള്ളം കയറി കനത്ത നാശമുണ്ടായി. റാന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസുകൾ കാണാൻ കഴിയാത്തവിധം വെള്ളം ഉയർന്നിട്ടുണ്ട്.പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതോടെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി.

 

കൊല്ലം-തേനി ദേശീയപാതയിൽ കുമളിക്കും കന്പത്തിനുമിടയിൽ എരച്ചപ്പാലത്ത് റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നു. ഇതേതുടർന്ന് ഇതുവഴിയും ഗതാഗതം പൂർണമായും തടസപ്പെട്ടു. തമിഴ്‌നാട്ടിലേക്കുള്ള വാഹന ഗതാഗതം നിലച്ചതോടെ നിരവധി പേർ കുമളിയിൽ കുടുങ്ങിയ നിലയിലാണ്. കനത്ത മഴയിൽ റോഡിന്റെ ഒരുവശം താഴേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. രാവിലെ കിഴക്കൻ മേഖലയായ മുണ്ടക്കയത്തും പെരുവന്താനത്തും മണ്ണിടിച്ചിലുണ്ടായിരുന്നു. പെരുവന്താനത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് ദേശീയപാതയിൽ ഏറെ നേരെ ഗതാഗതം തടസപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുമളിക്ക് സമീപം റോഡ് ഇടിഞ്ഞു താഴ്ന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP