Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഹൈബീ ഈഡാ നേതാവേ ഞങ്ങടെ ചങ്കിലെ നേതാവേ'...; വിജയവാർത്തയറിഞ്ഞപ്പോൾ ഹൈബിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് പ്രിയതമ അന്ന; പടക്കവും പൂത്തിരിയും കത്തിച്ച് അണികളുടെ വക ആഘോഷം; തുറന്ന ജീപ്പിൽ സഞ്ചരിച്ച് വോട്ടർമാരോട് നന്ദി പറഞ്ഞ് ഹൈബി; കേരളത്തിന്റെ സ്പന്ദനമായ എറണാകുളത്തും കോൺഗ്രസിന് നേടാനായത് സ്വർണതിളക്കമുള്ള വിജയം

'ഹൈബീ ഈഡാ നേതാവേ ഞങ്ങടെ ചങ്കിലെ നേതാവേ'...; വിജയവാർത്തയറിഞ്ഞപ്പോൾ ഹൈബിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് പ്രിയതമ അന്ന; പടക്കവും പൂത്തിരിയും കത്തിച്ച് അണികളുടെ വക ആഘോഷം; തുറന്ന ജീപ്പിൽ സഞ്ചരിച്ച് വോട്ടർമാരോട് നന്ദി പറഞ്ഞ് ഹൈബി; കേരളത്തിന്റെ സ്പന്ദനമായ എറണാകുളത്തും കോൺഗ്രസിന് നേടാനായത് സ്വർണതിളക്കമുള്ള വിജയം

ആർ പീയൂഷ്

കൊച്ചി: ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി കാണാൻ സാധിച്ചത്. ആരു ജയിക്കും എന്ന കാര്യത്തിൽ പലർക്കും സംശയമുള്ളപ്പോഴും ചിലരുടെ മനസ്സിൽ ഹൈബി തന്നെ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് ഒട്ടും നഷ്ട്ടം സംഭവിക്കാത്തവിധമായിരുന്നു ഇന്ന് നടന്ന വോട്ടെണ്ണലിൽ ഫലം പുറത്ത് വന്നത്. 169153 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർത്ഥിയായ രാജീവിനെ പിൻതള്ളി വിജയത്തിലേക്ക് കുതിച്ചു കയറിയത്. ഫലം പുറത്തു വരുമ്പോൾ ഭാര്യ അന്നാ ലിൻഡയോടൊപ്പം എറണാകുളം ഡിസിസി ഓഫീസിലായിരുന്നു ഹൈബി. ഒപ്പം ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ്, എംഎ‍ൽഎ വി.ഡി സതീശൻ തുടങ്ങിയ നേതാക്കന്മാരും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

75 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോഴേക്കും ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് മുന്നിലായതോടെ വിജയാഹ്ലാദം മുഴക്കി പ്രവർത്തകരും നേതാക്കളും ഹൈബിയെ അഭിനന്ദിച്ചു. എന്നാൽ അതിനു മുൻപേ ഭാര്യ അന്ന ഹൈബിയെ കെട്ടിപിടിച്ചു ചുംബിച്ചു. ഭാര്യയുടെ ആദരത്തിന് ശേഷമാണ് മറ്റുള്ളവരുടെ ആദരം ഏറ്റു വാങ്ങിയത്. എല്ലാവരും മാലകളും ഷാളും അണിയിക്കാനുള്ള തിരക്കിലായിരുന്നു. ഇതിനിടെ മാധ്യമ പ്രവർത്തകരോട് കുറച്ചു വാക്കുകൾ. 'എറണാകുളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വിജയമാണ് യുഡിഎഫ് നേടിക്കൊണ്ടിരിക്കുന്നത്.

ഒരു ലക്ഷം കടന്ന സാഹചര്യത്തിൽ തീർച്ചയായിട്ടും ഇനിയും അവശേഷിക്കുന്ന വോട്ടുകൾ കൂടി എണ്ണുമ്പോൾ എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ചരിത്ര വിജയം നേടാൻ യുഡിഎഫ് തയ്യാറെടുക്കുകയാണ് ഒറ്റക്കെട്ടായ ഒരു പ്രവർത്തനം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീകഷം യുഡിഎഫിന് അനുകൂലമായ സാഹചര്യം മുതിർന്ന നേതാക്കന്മാരും ചെറുപ്പക്കാരും അതുപോലെ തന്നെ ഘടക കക്ഷികളുമെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചതും വലിയൊരാവേശം പ്രവർത്തകർക്കിടയിലും ജനങ്ങൾക്കിടയിലും സ്വീകരണ സന്ദർഭങ്ങലിലെല്ലാം ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

അതു കൊണ്ട് തന്നെ ഈ സർക്കാരിന്റെ ധാർഷ്ട്യത്തോടുള്ള ഒരു വലിയ മറുപടിയായി ഈ തിരഞ്ഞെടുപ്പ് ഫലം മാറുകയാണ്. മുഴുവൻ വോട്ടർമാർക്കും നന്ദി പറയുന്നു' എന്നും ഹൈബി പറഞ്ഞു. പിന്നീട് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം ഡിസിസി മന്ദിരത്തിന്റെ വെളിയിലേക്ക് ഇറങ്ങി. അവിടെ പ്രവർത്തകർ പടക്കങ്ങളും കമ്പിത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിച്ചു. വഴിയാത്രക്കാർക്കും അവിടെ കൂടി നിന്നവർക്കും മധുരം നൽകി. പിന്നീട് നേരെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കായിരുന്നു. പ്രവർത്തകരെല്ലാം വാഹനങ്ങളിൽ അകമ്പടി സേവിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയപ്പോൾ ഹൈബിയെ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

'ഹൈബീ ഈഡാ നേതാവേ ഞങ്ങടെ ചങ്കിലെ നേതാവേ' എന്നുറക്കെ മുദ്രാവാക്യം വിളിച്ച് ഹൈബിയെ എടുത്തുയർത്തി പ്രവർത്തകർ ആഹ്ളാദം പങ്കുവെച്ചു. ശേഷം അവിടെ നിന്നും ചേരാനെല്ലൂരിലേക്ക് പോയി. വാദ്യമെളങ്ങളോടെ പിന്നെ തുറന്ന ജീപ്പിൽ തന്നെ വിജയിപ്പിച്ച വോട്ടർമാരെ നേരിൽ കണ്ട് അഭിവാദ്യം അർപ്പിച്ചു. ലോക്‌സഭയിലേക്ക് കന്നി അങ്കത്തിന് ഇറങ്ങിയ ഹൈബി ഈഡൻ കൂറ്റൻ ഭൂരിപക്ഷത്തോടെയാണ് ഇടത് പക്ഷത്തെ കരുത്തനായ പി രാജീവിനെ വീഴ്‌ത്തിയിരിക്കുന്നത്. ഒന്നര ലക്ഷത്തിന് മുകളിലാണ് ഹൈബിയുടെ ഭൂരിപക്ഷം. കൃത്യമായി പറഞ്ഞാൽ 1,69,153 വോട്ടുകളുടെ ഭൂരിപക്ഷം. പി രാജീവ് 3,22,110 വോട്ടുകൾ നേടിയപ്പോൾ ഹൈബി ഈഡൻ 1,691,53 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥിയായ അൽഫോൻസ് കണ്ണന്താനം ഏറെ പിറകിലാണ്.

സോളാർ കേസ് അടക്കം എല്ലാ വിവാദങ്ങളേയും പിന്തള്ളിയാണ് ഹൈബിയുടെ കൂറ്റൻ വിജയം. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെയും കാണാത്ത പോരാട്ടമാണ് ഇക്കുറി നടന്നത്. തുല്യശക്തികളെന്ന് വിളിക്കാവുന്ന രണ്ട് പേരാണ് മണ്ഡലത്തിൽ നേർക്ക് നേർ വന്നത്. യുഡിഎഫ് കോട്ടയെന്ന് വിളിപ്പേരുള്ള എറണാകുളത്ത് ഇക്കുറി ആരും വിജയിക്കാം എന്നതായിരുന്നു അവസ്ഥ. എറണാകുളത്ത് ആറാം തവണയും സ്ഥാനാർത്ഥിയായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട കെ.വി തോമസിനെ മറി കടന്നായിരുന്നു ഹൈബി ഈഡന്റെ രംഗപ്രവേശം. എറണാകുളത്തെ എംഎൽഎയായ ഹൈബിയുടെ കന്നി ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്. മണ്ഡലത്തിൽ ഹൈബിക്ക് ഒട്ടേറെ അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നു.

എംഎൽഎ എന്ന നിലയിലെ വികസന പ്രവർത്തനങ്ങളും മികച്ച ഇമേജും മണ്ഡലത്തിലെ ബന്ധങ്ങളുമെല്ലാം ഹൈബിക്ക് അനുകൂല ഘടകങ്ങൾ ആയിരുന്നു. പാർലമെന്ററി രംഗത്ത് കരുത്ത് തെളിയിച്ച പി രാജീവും ഒട്ടും പിന്നിൽ ആയിരുന്നില്ല. മികച്ച വ്യക്തിത്വവും നേരത്തെ പാർലമെന്റ് അംഗമായിരുന്നപ്പോൾ നടത്തിയ മികച്ച പ്രകടനവുമെല്ലാം രാജീവിനെ സ്വീകാര്യനാക്കി. എറണാകുളം മണ്ഡലം പിടിച്ചെടുക്കുക എന്ന ഏക ലക്ഷ്യം വച്ചാണ് ജില്ലാ സെക്രട്ടറി ആയിരുന്ന രാജീവിനെ തന്നെ ഇടത് മുന്നണി കളത്തിൽ ഇറക്കിയത്. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറെ പക്ഷവും യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് എറണാകുളം മണ്ഡലത്തിന്റേത്. മണ്ഡലം 12 തവണ യുഡിഎഫിനൊപ്പവും 5 തവണ മാത്രം എൽഡിഎഫിനൊപ്പവും നിന്നു.

2014ലെ തിരഞ്ഞെടുപ്പിൽ കെ.വി തോമസ് 87,047ന്റെ വൻ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്വതന്ത്രൻ ആയ ക്രിസ്റ്റി ഫെർണാണ്ടസിനെ തോൽപ്പിച്ചത്. 73.58 ശതമാനം പോളിങ് നടന്ന ആ തിരഞ്ഞെടുപ്പിൽ കെ.വി തോമസ് 3,53,841 വോട്ടുകളാണ് നേടിയത്. ക്രിസ്റ്റി ഫെർണാണ്ടസ് 2,66,794 വോട്ടുകളും ബിജെപിയുടെ എ.എൻ രാധാകൃഷ്ണൻ 99,003 വോട്ടുകളും നേടി. പിതാവ് ജോർജ് ഈഡന്റെ പാത പിന്തുടർന്നാണ് എറണാകുളത്ത് ചരിത്ര വിജയം ഹൈബി ഈഡൻ സ്വന്തമാക്കിയത്. റെക്കാർഡ് ഭൂരിപക്ഷം നേടിയാണ് എറണാകുളത്തിന്റെ എംഎൽഎയായ ഹൈബി ഈഡൻ ലോക്‌സഭയുടെ പടികൾ കയറുന്നത്. കഴിഞ്ഞ തവണ യൂഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച പ്രഫ കെ വി തോമസിന്റെ ഭൂരിപക്ഷം 87,047 വോട്ടുകളായിരുന്നു.

ഇതിന്റെ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡൻ ഇത്തവണ നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ പ്രഫ കെ.വി തോമസിന്റെ എതിരാളി എറണാകുളം മണ്ഡലത്തിൽ അപരിചിതനായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് ആയിരുന്നുവെങ്കിൽ ഇത്തവണ ഹൈബിയുടെ എതിരാളിയായെത്തിയത് സിപിഎമ്മിന്റെ മുൻ രാജ്യ സഭാ എംപിയും പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജീവ് എന്ന ശക്തനായിരുന്നു.അതു കൊണ്ടു തന്നെ ശക്തമായ മൽസരമായിരിക്കും ഇത്തവണ എറണാകുളത്ത് ഉണ്ടാകുകയെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഹൈബിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ പി രാജീവിന് കഴിഞ്ഞില്ലെന്നതാണ് എറണാകുളത്തെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ ഇറിക്കി ബിജെപിയും പോരാട്ടം കടുപ്പിക്കാൻ ശ്രമിച്ചുവെങ്കിലും യാതൊരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ മണ്ഡലങ്ങൾ അടങ്ങുന്നതാണ് എറണാകുളം ലോക് സഭാ മണ്ഡലം.ഇതിൽ എല്ലാ മണ്ഡലങ്ങളിലും ഹൈബി ഈഡൻ വൻ ലീഡാണ് നേടിയത്. നിലവിൽ വൈപ്പിൻ, കൊച്ചി,തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ സിപിഎമ്മിന്റെ എംഎൽഎമാരാണുള്ളതെങ്കിലും ഇവിടങ്ങളിൽ പോലും പി രാജീവിന് ഒരു ഘട്ടത്തിലും ലീഡ് നേടാൻ കഴിഞ്ഞിട്ടില്ല.

വോട്ടെണ്ണല്ലിന്റെ തുടക്കം മുതൽ തന്നെ ലീഡ് തുടർന്ന് ഹൈബി ഈഡൻ ഒരോ റൗണ്ടു കഴിയുമ്പോഴും തന്റെ ലീഡുയർത്തിക്കൊണ്ടിരുന്നു.എല്ലാ നിയോജക മണ്ഡലങ്ങളിലും 20,000 ത്തിനു മുകളിലാണ് ഹൈബി ഈഡന്റെ  ഭൂരിപക്ഷം. യുവനേതാവിനെ പരീക്ഷിക്കാനുള്ള സംസ്ഥാന-ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് റെക്കോഡ് ഭൂരിപക്ഷത്തിൽ ഹൈബി ഈഡൻ നേടിയ വിജയം. ശക്തമായ പോരാട്ടം നടന്ന എറണാകുളം മണ്ഡലം ഇത്തവണയും യുഡിഎഫിനെയും കോൺഗ്രസിനെയും കൈവിട്ടില്ല. തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തിയ ഹൈബി ഈഡൻ എറണാകുളത്തിന്റെ ചരിത്രത്തിൽ ആദ്യമായി 1,69,153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈപ്പിടിയിൽ ഒതുക്കിയത്. കെ.വി.തോമസിന് പകരക്കാരനായി താരതമ്യേന യുവാവായ ഹൈബി ഈഡൻ എത്തിയത് ആവേശത്തോടെയാണ് എറണാകുളം സ്വീകരിച്ചതെന്നതിന്റെ തെളിവാണ് ഈ വിജയം. ഇരുമുന്നണികൾക്കും പ്രധാനമായ മെട്രോ സിറ്റി തങ്ങളുടെ കൈപ്പിടിക്കുള്ളിൽ നിന്നത് കോൺഗ്രസിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

ഏറെ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് കോൺഗ്രസ് എറണാകുളത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മുതിർന്ന നേതാവ് കെ.വി.തോമസിനു പകരം ഹൈബി ഈഡൻ വരുന്നത് മണ്ഡലത്തിൽ അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന് പാർട്ടിക്ക് തന്നെ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ, ഏറെക്കുറെ ഉറപ്പുള്ള മണ്ഡലത്തിൽ യുവ നേതാവിനെ കൊണ്ടുവരാൻ തന്നെയായിരുന്നു സംസ്ഥാന-ദേശീയ നേതൃത്വങ്ങൾക്ക് താൽപര്യം. അതിന്റെ ഫലം വോട്ടിൽ പ്രതിഫലിക്കുകയും ചെയ്തു. എറണാകുളം എംഎൽഎ കൂടിയായ ഹൈബി മണ്ഡലത്തിലുള്ളവർക്ക് ഒട്ടുംതന്നെ അപരിചിതനായിരുന്നില്ല. മണ്ഡലത്തിലുടനീളം പ്രചാരണം നടത്തിയിരുന്നെങ്കിലും കോൺഗ്രസിന് സ്വാധീനമുള്ള മേഖലകൾക്ക് കൂടുതൽ ശ്രദ്ധ നൽകാനും പരമ്പരാഗത വോട്ടുകൾ ഉറപ്പിക്കാനും ഹൈബി ശ്രദ്ധിച്ചിരുന്നു.

വികസനത്തുടർച്ചയും കേന്ദ്രത്തിലെ ഭരണമാറ്റവുമായിരുന്നു പ്രധാന പ്രചാരണ വിഷയങ്ങൾ. എറണാകുളത്തെയും കേരളത്തിലെയും സാഹചര്യങ്ങൾ കണ്ടറിഞ്ഞുള്ള പ്രചാരണം ഫലം കണ്ടെന്നുതന്നെയാണ് തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നതും. വോട്ടുവിഹിതം ഉയർന്നു എന്നതിനൊപ്പം കഴിഞ്ഞ വട്ടം 51517 വോട്ടു നേടിയ ആം ആദ്മി പാർട്ടിക്ക് ഇത്തവണ സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല എന്നതും ഹൈബിക്ക് തുണയായി. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ഹൈബി ഈഡൻ പറഞ്ഞു. 'തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം അനുകൂലമായിരുന്നു.

കേരള സർക്കാരിന്റെ ധിക്കാരപരമായ നടപടികൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇത്. അതുകൊണ്ടുതന്നെ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയെടുക്കാൻ സാധിച്ചു. പല വിഷയങ്ങളിലും സർക്കാർ സ്വീകരിച്ച നിലപാടും അതുപോലെ തന്നെ വർഗീയ ഭീകരതയ്‌ക്കെതിരെയുള്ള ഒരു നിലപാടും കേരളത്തിൽ ഉണ്ട് എന്നതെല്ലാം ഈ തിരഞ്ഞെടുപ്പിന്റെ വളരെ വലിയ സവിശേഷതകളാണ്. എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും വോട്ടും നേടാനായി. എല്ലാ വിഭാഗത്തിൽ നിന്നും ഉള്ള ആളുകളുടെ വോട്ടുകൾ എല്ലാ മേഖലയിൽ നിന്നും ലഭിച്ചു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ മുന്നേറ്റം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ സാധിച്ചു. ഹൈബി പറഞ്ഞു.

മണ്ഡലത്തിൽ സുപരിചിതനായ മികച്ച പ്രതിച്ഛായയുള്ള പി.രാജീവിനെയാണ് സിപിഎം ഇത്തവണ എറണാകുളത്ത് കളത്തിലിറക്കിയത്. പാർട്ടി പ്രഖ്യാപനത്തിനു മുമ്പേ രാജീവിനായി വോട്ടഭ്യർഥിച്ച് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റു രണ്ടുപേരേക്കാൾ ഏറെ മുമ്പേ ആരംഭിച്ച പ്രചാരണവും രാജ്യസഭാ എംപിയായുള്ള മികച്ച പ്രവർത്തനവും രാജീവിനെ മണ്ഡലത്തിലെ ശക്തനായ പോരാളിയാക്കി. സെബാസ്റ്റ്യൻ പോളിനു ശേഷം എറണാകുളത്തെ പ്രതിനിധീകരിക്കുന്ന ഇടത് എംപിയാകുമോ രാജീവെന്നുവരെ ചർച്ചകൾ കൊഴുത്തു. രാജീവിന് ലഭിച്ച 3,22,110 വോട്ടുകൾ തന്നെ അതിനു സാക്ഷ്യം പറയും. 2014 തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസിന് ലഭിച്ചത് 2,66,794 വോട്ടുകളായിരുന്നു.

പ്രചാരണത്തിൽ രാജീവ് രണ്ടു ഘട്ടം പിന്നിടുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പെരുമയുമായ അൽഫോൻസ് കണ്ണന്താനം എൻഡിഎ സ്ഥാനാർത്ഥിയായി ഡൽഹിയിൽനിന്ന് പറന്നിറങ്ങുന്നത്. ചാലക്കുടി മണ്ഡലത്തിലുൾപ്പെടുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വോട്ടുചോദിച്ച് വിവാദം സൃഷ്ടിച്ചുകൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ രംഗപ്രവേശം. ടൈം മാഗസിൻ കവർ ഉൾപ്പെടെ വിവാദങ്ങളുടെയും സോഷ്യൽ മീഡിയ ട്രോളുകളും അകമ്പടിയോടെയെങ്കിലും മൂന്നാഴ്ച കൊണ്ട് കണ്ണന്താനം മണ്ഡലത്തിൽ ഓടിനടന്ന് പ്രചാരണം നടത്തി. പ്രചാരണ രംഗത്തെ അദ്ദേഹത്തിന്റെ എനർജി എതിരാളികളിൽ പോലും മതിപ്പുണ്ടാക്കി. എ.എൻ.രാധാകൃഷ്ണന് എറണാകുളത്ത് കഴിഞ്ഞ തവണ ലഭിച്ച 99,003 നിന്ന് ബിജെപിയുടെ വോട്ടുവിഹിതം 1,37,749 ലേക്കുയർന്നതിന് പിന്നിൽ ബിജെപി പ്രഭാവത്തേക്കാൾ കണ്ണന്താനം പ്രഭാവമാണെന്ന് പറയേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP