Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചട്ടം അനുവദിക്കുന്നില്ലെങ്കിൽ ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കാനാവില്ല; പൊലീസ് സഹകരണ സംഘം അംഗങ്ങളുടെ അപ്പീലിന് പിന്നാലെ ഹൈക്കോടതി നിർദ്ദേശം; ലാമിനേഷന് പല ഗുണങ്ങളുണ്ടെങ്കിലും കാർഡിലെ മുദ്രണങ്ങളും അടയാളങ്ങളും തിരിച്ചറിയാൻ പ്രയാസമാണെന്നും കോടതി

ചട്ടം അനുവദിക്കുന്നില്ലെങ്കിൽ ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കാനാവില്ല; പൊലീസ് സഹകരണ സംഘം അംഗങ്ങളുടെ അപ്പീലിന് പിന്നാലെ ഹൈക്കോടതി നിർദ്ദേശം; ലാമിനേഷന് പല ഗുണങ്ങളുണ്ടെങ്കിലും കാർഡിലെ മുദ്രണങ്ങളും അടയാളങ്ങളും തിരിച്ചറിയാൻ പ്രയാസമാണെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തിരിച്ചറിയൽ കാർഡുകൾ ലാമിനേറ്റ് ചെയ്യുന്നതിന് മുൻപ് ഇനി ഏവരും ഇക്കാര്യം കൂടി കേട്ടോളൂ. ചട്ടമനുവദിക്കുന്നില്ലെങ്കിൽ തിരിച്ചറിയൽ കാർഡുകൾ ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. തിരിച്ചറിയൽ കാർഡ് സംബന്ധിച്ച് പൊലീസ് സഹകരണ സംഘം അംഗങ്ങൾ അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ചാണു ഹൈക്കോടതിയുടെ നിർദ്ദേശം. വെള്ളം പിടിക്കില്ലെന്നും കൃത്രിമം നടക്കില്ലെന്നുമുള്ളത് ലാമിനേഷന്റെ ഗുണങ്ങളാണ്. എന്നാൽ കാർഡിന്റെ കനം, മുദ്രണം, തിരിച്ചറിയൽ അടയാളങ്ങൾ ഇവ പരിശോധിക്കാൻ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

രജിസ്റ്ററിലെ ഒപ്പുമായി താരതമ്യം ബുദ്ധിമുട്ടായതു കാർഡിന്റെ നിയമസാധുത ഇല്ലാതാക്കുമെന്നും ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പൊലീസ് സഹകരണ സംഘം അംഗങ്ങൾക്കു നൽകിയ ബാർ കോഡ് സഹിതമുള്ള ലാമിനേറ്റഡ് തിരിച്ചറിയൽ കാർഡ് റദ്ദാക്കി പുതിയ കാർഡ് നൽകണമെന്ന ഉത്തരവു സിംഗിൾ ജഡ്ജി ശരിവച്ചതിനെതിരെ അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൺവീനർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണു കോടതി നടപടി.

ലാമിനേഷന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒട്ടിച്ചേരുന്നത് കാർഡിന്റെ ആധികാരികത നഷ്ടപ്പെടുത്തുമെന്നു കോടതി വ്യക്തമാക്കി. ലാമിനേറ്റ് ചെയ്യുന്ന ആധാരങ്ങൾ ബാങ്കുകളോ സർട്ടിഫിക്കറ്റുകൾ വിദേശ സർവകലാശാലകളോ സാധാരണ അംഗീകരിക്കാറില്ല. ലാമിനേഷൻ നീക്കാൻ യന്ത്രങ്ങളുണ്ടെങ്കിലും ലാമിനേഷനെക്കാൾ ചെലവേറുമെന്നു കോടതി വ്യക്തമാക്കി. ചട്ടപ്രകാരം പുതിയ കാർഡ് ഇറക്കാൻ സഹകരണ ജോയിന്റ് രജിസ്റ്റ്രാർ ഉത്തരവിറക്കിയതിൽ തെറ്റില്ലെന്നു കോടതി വ്യക്തമാക്കി.

അല്ലാത്തപക്ഷം തിരഞ്ഞെടുപ്പുതന്നെ ചോദ്യംചെയ്യപ്പെടാൻ കാരണമാകും. ബാർ കോഡ് ഉൾപ്പെടുത്തി ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡ് ചട്ടത്തിൽ അനുവദിക്കുന്നില്ല. മതിയായ ബാർ കോഡ് സ്‌കാനറുകളും സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരുമില്ലെങ്കിൽ ബാർ കോഡിന് ഉപയോഗമില്ലെന്നും കോടതി വ്യക്തമാക്കി.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനെ അധികാരപ്പെടുത്തുന്ന നിയമം ഇല്ലാതിരുന്നതിനാൽ 1982ൽ നോർത്ത് പറവൂർ ഉപതിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച ബൂത്തുകളിൽ റീ പോളിങ് നടത്തിയ സംഭവം കോടതി ചൂണ്ടിക്കാട്ടി. പിന്നീടു ജനപ്രാതിനിധ്യ നിയമത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനു വ്യവസ്ഥ ഉൾപ്പെടുത്തുകയായിരുന്നുവെന്നും കോടതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP