Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തേക്കിൻകാട് മൈതാനത്ത് സിനിമാനടിയുടെ ഡാൻസും ഗാനമേളയും; സംസ്‌കാരത്തിന് ചേരാത്ത പരിപാടികൾ വേണ്ടെന്ന് ഹൈക്കോടതി; ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരിപാടികൾ മൈതാനത്ത് പാടില്ലെന്ന ഉത്തരവ് പാലിക്കണമെന്നും നിർദ്ദേശം

തേക്കിൻകാട് മൈതാനത്ത് സിനിമാനടിയുടെ ഡാൻസും ഗാനമേളയും; സംസ്‌കാരത്തിന് ചേരാത്ത പരിപാടികൾ വേണ്ടെന്ന് ഹൈക്കോടതി; ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരിപാടികൾ മൈതാനത്ത് പാടില്ലെന്ന ഉത്തരവ് പാലിക്കണമെന്നും നിർദ്ദേശം

സ്വന്തം ലേഖകൻ

കൊച്ചി: തേക്കിൻകാട് മൈതാനത്ത് സിനിമാ നടിയുടെ ഡാൻസും ഗാനമേളയും സംഘടിപ്പിച്ചതിനെതിരെ ഹൈക്കോടതി. മൈതാനത്ത് മലയാളിയുടെ സാംസ്‌കാരിക തനിമക്ക് വിരുദ്ധമായ പരിപാടികൾക്ക് അനുമതി നൽകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അത്തരം പരിപാടികൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് തൃശൂർ കോർപ്പറേഷനോടും കോടതി നിർദ്ദേശിച്ചു.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരിപാടികൾ തേക്കിൻകാട് മൈതാനത്ത് അനുവദിക്കരുതെന്ന ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് പാലിക്കണമെന്നും ജസ്റ്റിസുമാരായ സി ടി രവികുമാർ, എൻ നഗരേഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിൽ പരിപാടികൾ സംഘടിപ്പിക്കാവുന്ന ഇടങ്ങളും നടത്താവുന്ന പരിപാടികളും നിർദ്ദേശിച്ച് 2003 ൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവെച്ചിരുന്നു.

കോടതി ഉത്തരവിന് വിരുദ്ധമായ പരിപാടികൾ കഴിഞ്ഞ ദിവസങ്ങളിൽ അധികൃതരുടെ അനുമതിയോടെ നടന്നെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് തൃശുർ സ്വദേശി കെ ബി സുമോദ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. തൃശൂർ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങാണ് നടത്തുന്നതെന്ന് കോടതിയിൽ അറിയിച്ചതിന് വിരുദ്ധമായി ചലച്ചിത്രനടിയുടെ നൃത്തപരിപാടിയും ഗാനമേളയും ഉൾപ്പെടെ നടത്തിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ ചിത്രങ്ങളും ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചു.

സംസ്‌കാരത്തിന് ചേരാത്ത പരിപാടികൾ മേളയുടെ ഭാഗമായി നടന്നെന്ന ഹർജിക്കാരന്റെ വാദം പാറമേക്കാവ് ദേവസ്വവും ശരിവെച്ചു. ഇതുൾപ്പെടെ വിലയിരുത്തിയാണ് കോടതിയുടെ നിർദ്ദേശം. റോഡിൽ ഇത്തരം പരിപാടികൾ നടത്താൻ കോർപ്പറേഷന് ആര് അധികാരം നൽകിയെന്ന് കോടതി ആരാഞ്ഞു. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കോടതിയുടെ മുൻ ഉത്തരവിനു വിരുദ്ധമായി പരിപാടികൾ നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ നേരിട്ട് അറിയിക്കാൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവണം. ഈ മാസം 25 ന് ദേവസ്വം ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായി വിവരങ്ങൾ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിൽ നിർദ്ദേശിച്ചു. ഡിസംബർ 15 മുതൽ ജനുവരി 15 വരെയായിരുന്നു നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP