Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടം കടലോളമുണ്ടെങ്കിലും കളഞ്ഞു കിട്ടിയ കാശ് ഉടമയ്ക്ക് തിരിച്ചു നൽകിയ ഷക്കീല മാതൃകയാകുന്നു; കടം വാങ്ങിയ പണവുമായി പോകുമ്പോൾ യുവതിക്ക് റോഡരുകിൽ നിന്നും കിട്ടിയത് അറുപതിനായിരം രൂപ; പണം ഉടൻ പഞ്ചായത്ത് മെമ്പറെ ഏൽപ്പിച്ച് ആവശ്യപ്പെട്ടത് ഉടമയെ കണ്ടെത്തി തിരികെ നൽകാൻ; പെട്രോൾ പമ്പ് ജീവനക്കാരനായ രമേശന് നഷ്ടമായ പണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിൽ യുവതിയും

കടം കടലോളമുണ്ടെങ്കിലും കളഞ്ഞു കിട്ടിയ കാശ് ഉടമയ്ക്ക് തിരിച്ചു നൽകിയ ഷക്കീല മാതൃകയാകുന്നു; കടം വാങ്ങിയ പണവുമായി പോകുമ്പോൾ യുവതിക്ക് റോഡരുകിൽ നിന്നും കിട്ടിയത് അറുപതിനായിരം രൂപ; പണം ഉടൻ പഞ്ചായത്ത് മെമ്പറെ ഏൽപ്പിച്ച് ആവശ്യപ്പെട്ടത് ഉടമയെ കണ്ടെത്തി തിരികെ നൽകാൻ; പെട്രോൾ പമ്പ് ജീവനക്കാരനായ രമേശന് നഷ്ടമായ പണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിൽ യുവതിയും

മറുനാടൻ മലയാളി ബ്യൂറോ

കാലടി: കടം കടലോളമുണ്ടെങ്കിലും വഴിയിൽ കിടന്നു കിട്ടിയ കാശ് ഷക്കീലയുടെ സത്യസന്ധതയെ തെല്ലും കെട്ടിയിട്ടില്ല എന്ന തിരിച്ചറിവിൽ യുവതിയെ തേടിയെത്തുന്നത് ആശംസാ പ്രവാഹം. ബാങ്ക് ലോൺ അടയ്ക്കാൻ കടം വാങ്ങിയ പണവുമായി പോകുമ്പോഴാണ് വഴിയരികിൽ നിന്നും മാണിക്യമംഗലം പനയാലി മങ്ങാടൻ നൗഷാദിന്റെ ഭാര്യ ഷക്കീലക്ക് 500ന്റെ നോട്ടുകെട്ടുകൾ കിട്ടുന്നത്. അതെത്ര രൂപയുണ്ട് എന്ന് പോലും നോക്കാതെ ഉടൻ പഞ്ചായത്ത് മെമ്പറെ ഏൽപ്പിച്ച് ഉടമയെ കണ്ടെത്തുവാൻ ആവശ്യപ്പെടുകയായിരുന്നു.

കാലടി ബസ് സ്റ്റാൻഡിന്റെ സമീപത്തു നിന്നാണു 500ന്റെ നോട്ട്‌കെട്ട് ലഭിച്ചത്. ഇത് 60,000 രൂപയുണ്ടായിരുന്നു. ഹൗസിങ് ലോൺ അടയ്ക്കാൻ ബുദ്ധിമുട്ടിയപ്പോൾ ഭർത്താവ് നൗഷാദ് പലരിൽ നിന്നുമായി കടം വാങ്ങിയ പണം മറ്റൂരിലെ ഫാർമേഴ്‌സ് സഹകരണ ബാങ്കിൽ അടയ്ക്കുന്നതിനു കൊണ്ടു പോവുന്ന വഴിയാണു ഷക്കീല വഴിയരികിൽ നോട്ട്‌കെട്ടുകൾ കിടക്കുന്നതു കണ്ടത്. ഉടൻ പഞ്ചായത്ത് വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വാലസ് പോളിനെ വിവരമറിയിച്ചു.

വാലസിന്റ നിർദേശപ്രകാരം പണം പഞ്ചായത്ത് പ്രസിഡന്റ് കെ.തുളസിയെ ഏൽപിച്ചു. എത്ര രൂപയുണ്ടെന്നു പോലും നോക്കിയില്ലെന്നു ഷക്കീല പറഞ്ഞു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തിയ അന്വേഷണത്തിൽ ബസ് സ്റ്റാൻഡിനു സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരൻ രമേശന്റേതാണു പണമെന്നു കണ്ടെത്തി. തുക ഉടമസ്ഥനു കൈമാറുകയും ചെയ്തു. ഉടമസ്ഥനു പണം തിരികെ ലഭിച്ചപ്പോൾ പ്രളയത്തിൽ താറുമാറായ വീട്ടിലിരുന്നു ഷക്കീല ആശ്വസിച്ചു.

കഴിഞ്ഞ വർഷവും ഈ വർഷവും ഷക്കീലയുടെ വീടു പ്രളയത്തിൽ മുങ്ങിയിരുന്നു. വീട്ടിലെ സാധനസാമഗ്രികൾ മിക്കതും നശിച്ചു. ഇപ്പോഴും വീടു പൂർണമായും താമസയോഗ്യമായിട്ടില്ല. പനയാലിയിലെ സ്വകാര്യ കമ്പനിയിലാണു ഷക്കീല ജോലി ചെയ്യുന്നത്. ഭർത്താവ് നൗഷാദിനു കൂലിപ്പണിയാണ്. 3 മക്കളുണ്ട്. കാലടി മേഖല റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഷക്കീലയെ വീട്ടിലെത്തി അനുമോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP