Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു; രണ്ട് പേർ ഇന്നലെ അപകടത്തിൽ മരിച്ചു: ഹണി കൊലക്കേസിന്റെ വിധി വരും മുമ്പ് ശിക്ഷ നടക്കുന്നുവോ?

പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു; രണ്ട് പേർ ഇന്നലെ അപകടത്തിൽ മരിച്ചു: ഹണി കൊലക്കേസിന്റെ വിധി വരും മുമ്പ് ശിക്ഷ നടക്കുന്നുവോ?

പെരുമ്പാവൂർ: ആലുവ സ്വദേശിയായ ഹണിയെന്ന യുവാവിനെ ഇന്നോ കാറുകൊണ്ട് ഇടിച്ചും വടിവാൾ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് പേർ ഇന്നലെ വാഹന അപകടത്തിൽ മരിച്ചു. എംസി റോഡിൽ കാലടി ശ്രീശങ്കര പാലത്തിലുണ്ടായ വാഹനാപകടത്തിലാണ് കേസിലെ പ്രതികളായ രണ്ട് പേർ കൂടി മരിച്ചത്. നേരത്തെ പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ നാടിനെ നടുക്കിയ കൊലക്കേസിലെ വിധി വരും മുമ്പ് മൂന്ന് പേരാണ് ലോകത്തോട് യാത്ര പറഞ്ഞത്.

ആലുവ എൻഎഡി ശാന്തിഗിരി നഗറിൽ വാടകയ്ക്കു താമസിക്കുന്ന ചേരുവിയത്ത് യൂസഫിന്റെ മകൻ ഫൈസൽ(24), ആലുവ തായിക്കാട്ടുകര മണലാടൻ യൂസഫിന്റെ മകൻ ടിനു (20) എന്നിവരാണു മരിച്ചത്. കൂടെയുണ്ടായിരുന്ന മുടിക്കൽ പുല്ലാക്കോട്ടിൽ അഷ്‌കറി(19)നെ പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പിന്നിൽ മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന ടിനുവിന്റെ സഹോദരൻ ടിന്റു(23)വിനും പരുക്കേറ്റു. മരിച്ച ഫൈസൽ ഇന്ത്യൻ അലുമിനിയം കമ്പനിയിലെ ജീവനക്കാരനും ടിനു ട്രസ് വർക്കറുമാണ്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഈ ബൈക്കിലും മൂന്ന് പേർ യാത്ര ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി 11.45ന് പാലത്തിന്റെ മധ്യഭാഗത്താണ് അപകടമുണ്ടായത്. പെരുമ്പാവൂർ ഭാഗത്തു നിന്നു കാലടി ഭാഗത്തേക്കു പോകുകയായിരുന്ന ഇവരുടെ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. വാഹന യാത്രികരും സമീപ വാസികളും ചേർന്ന് മൂവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചു.

കാർ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുണ്ടാസംഘങ്ങൾ തമ്മിലെ കുടിപ്പകയിൽ 2013 ഏപ്രിൽ അഞ്ചിനാണ് ആലുവ പട്ടേരിപ്പുറം വള്ളൂരകത്തൂട്ട് വീട്ടിൽ ഹണി കൊല്ലപ്പെട്ടത്. ഹണിയെ ആലുവ നേതാജി റോഡിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നാണ് പ്രതികൾ കൊലപ്പെടുത്തിയത്. കഞ്ചാവ് നൽകാമെന്ന് വിളിച്ചുവരുത്തിയ ഹണിയെ ഇന്നോവ കാർ ഇടിച്ചുവീഴ്‌ത്തി വടിവാൾകൊണ്ട് വെട്ടുകയും ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കുകയുമായിരുന്നു. ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ഹണിയെ ആശുപത്രിയിൽ എത്തിക്കുംമുമ്പേ മരിച്ചിരുന്നു. ഹണി മരിച്ചതിന്റെ രണ്ടാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് രണ്ട് പ്രധാന പ്രതികൾ കാലടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

ഈ കേസിൽ എട്ടു പ്രതികളുണ്ട്. വാഹനാപകടത്തിൽ മരിച്ച ടിനു കേസിലെ രണ്ടാം പ്രതിയും ഫൈസൽ എട്ടാം പ്രതിയുമാണ്. മൂന്നാം പ്രതിയായ മുകേഷ് ഒരു വർഷം മുൻപ് ജീവനൊടുക്കി. വാഹനാപകടത്തിൽ മരിച്ച പ്രതികൾ ജാമ്യത്തിലായിരുന്നു. രണ്ട് ബൈക്കിൽ മൂന്ന് പേർ വീതം മലയാറ്റൂർ പള്ളിയിലേക്കു പോകുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. കേസിലെ എട്ട് പ്രതികളിൽ പ്രധാനികളായ മൂന്നുപേർ വിവിധ അപകടങ്ങളിലായി മരണപ്പെട്ടത് നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP