Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകന്റെ ഓർമ്മക്കായി മേരി നൽകിയ 65 സെന്റിൽ 18 വീടുകൾ; സിഎംഐ സഭയും സകൂൾ കുട്ടികളും ചേർന്ന് വീടൊരുക്കാൻ നേതൃത്വം നൽകിയപ്പോൾ പെട്ടന്ന് ഉയർന്നത് മൂന്ന് വീടുകൾ: മണ്ണുത്തിയിൽ നിന്നും ഒരു സ്‌നേഹഗീതം

മകന്റെ ഓർമ്മക്കായി മേരി നൽകിയ 65 സെന്റിൽ 18 വീടുകൾ; സിഎംഐ സഭയും സകൂൾ കുട്ടികളും ചേർന്ന് വീടൊരുക്കാൻ നേതൃത്വം നൽകിയപ്പോൾ പെട്ടന്ന് ഉയർന്നത് മൂന്ന് വീടുകൾ: മണ്ണുത്തിയിൽ നിന്നും ഒരു സ്‌നേഹഗീതം

മണ്ണുത്തി: മകൻ അകാലത്തിൽ പൊലിഞ്ഞപ്പോൾ സർവവും നഷ്ടപ്പെട്ടുവെന്നാണ് മേരി കരുതിയത്. പ്രാണന് തുല്യം സ്‌നേഹിച്ച മകന്റെ ഓർമ്മകളുമായി ജീവിക്കുകയാണ് ഈ മാതാവ്. മകന്റെ പേര് ഓർത്തുവെക്കണമെന്ന് അദ്ധ്യാപിക കൂടിയായ മേരി ദൃഢനിശ്ചയമെടുത്തു. അത് പ്രാവർത്തികമാക്കാൻ വേണ്ടി 65 സെന്റ് സ്ഥലം പാവങ്ങൾക്ക് വീടുവെക്കാൻ വിട്ടു നൽകുകയാണ് ചെയ്തത്. ദേവമാതാ സ്‌കൂളിലെ കുട്ടികളുമായി കൈകോർത്തപ്പോൾ നിർധനർക്ക് വീടെന്ന മകന്റെ സ്വപ്‌നം കൂടിയാണ് ആ മാതാവ് പൂർത്തീകരിച്ചത്. തൃശ്ശൂർ പെരിഞ്ചേരിയിലാണ് വീടുകൾ ഉയരുന്നത്.

ഒന്നാം ഘട്ടമായി പണിതീർത്ത മൂന്നുവീടുകളുടെ താക്കോൽദാനം ഞായറാഴ്ച നടക്കും. 18 കുടുംബങ്ങൾക്ക് വീടുപണിയാനാണ് കുരിയച്ചിറ ചിറക്കേക്കാരൻ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ മേരി ഭൂമി സൗജന്യമായി നൽകിയത്. രോഗബാധിതനായി 39-ാം വയസ്സിൽ മരിച്ച മകൻ ജെയ്മോന് സ്മാരകമായിരിക്കും ഇവ. ഇതിന് നേതൃത്വം കൊടുത്ത സി.എം.ഐ. സഭ ദേവമാതാ പ്രൊവിൻസ് ചാവറ ഗ്രാമമെന്ന് വീടുനിൽക്കുന്ന സ്ഥലത്തിന് പേരുമിട്ടു. മൂന്നു സെന്റ് വീതമാണ് ഓരോ കുടുംബത്തിനും നൽകിയത്.

ഭർത്താവ് ജോസ് മരിച്ചതിന് ശേഷം കുരിയച്ചിറയിലെ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന മേരി ദേവമാത പ്രൊവിൻസ് അധിപൻ ഫാ. വാൾട്ടർ തേലപ്പിള്ളിയെയാണ് പദ്ധതിക്കായി ചുമതലപ്പെടുത്തിയത്. പാട്ടുരായ്ക്കൽ ദേവമാതാ സ്‌കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും സാമൂഹിക ക്ഷേമ വിഭാഗമായ കെസ്സും ചേർന്നാണ് ഇപ്പോൾ അഞ്ചുവീടുകൾ പണിതത്.

ഇതിൽ മൂന്നെണ്ണമാണ് കൈമാറുന്നത്. 680 ചതുരശ്ര അടി ടെറസ് വീടിന് ഏഴരലക്ഷം രൂപയാണ് ചെലവ് വന്നത്. രണ്ടുകിടക്കമുറി, ഹാൾ, അടുക്കള, സിറ്റൗട്ട് എന്നിവ അടങ്ങുന്നതാണ് വീട്. സുബ്രഹ്മണ്യൻ, ആൻസി, സൗമ്യ, ജോർജ്, സൈമൺ എന്നിവർക്കാണ് ഒന്നാംഘട്ടത്തിൽ വീട് കിട്ടുന്നത്. ദേവമാതയിലെ ഓരോ കുട്ടിയും ജന്മദിനത്തിൽ ആഘോഷങ്ങൾ ലളിതമാക്കിയാണ് വീടുനിർമ്മാണത്തിന് തുക കണ്ടെത്തിയത്.

വീടുകളുടെ താക്കോൽ ദാനം ഞായറാഴ്ച അഞ്ചിന് ഫാ. വാൾട്ടർ തേലപ്പിള്ളി, ഫാ. ഷാജു എടമന, ഫാ. സിന്റോ നങ്ങിണി എന്നിവർ നിർവഹിക്കും. ബാക്കി വീടുകളുടെ പണി തുടരുന്നു. സിസ്റ്റർ ഓൾട്ടറിക്കയാണിതിന് മേൽനോട്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP