Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വികലാംഗനായ ചുംബന സമരക്കാരനെ നിലത്തിട്ടു ചവിട്ട് ഹനുമാൻ സേന ആദ്യം ഷൈൻ ചെയ്തു; കരുതി വച്ചിരുന്ന ആണിയടിച്ച ചൂരലുമായി സമരക്കാരും തിരിച്ചടിച്ചു; ഒടുവിൽ ചർച്ച ഞാറ്റുവേലയുടെ മാവോയിസ്റ്റ് ബന്ധം

വികലാംഗനായ ചുംബന സമരക്കാരനെ നിലത്തിട്ടു ചവിട്ട് ഹനുമാൻ സേന ആദ്യം ഷൈൻ ചെയ്തു; കരുതി വച്ചിരുന്ന ആണിയടിച്ച ചൂരലുമായി സമരക്കാരും തിരിച്ചടിച്ചു; ഒടുവിൽ ചർച്ച ഞാറ്റുവേലയുടെ മാവോയിസ്റ്റ് ബന്ധം

 കോഴിക്കോട്: ചുംബന സമരം സീസണലായി നടത്തേണ്ടതാണോ? ഇന്നലെ കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരവും അതിനെ എതിർക്കാൻ ഹനുമാൻ സേന രംഗത്തെത്തുകയും ചെയ്തതോടെ ഉയർന്ന സ്വാഭാവിക ചോദ്യം ഇതായിരുന്നു. കാരണം സമയം തെറ്റിവന്ന സമരം തന്നെയായിരുന്നു ഇന്നലെ ഞാറ്റുവേല സാംസ്കാരിക സംഘടന കോഴിക്കോട് നടത്തിയ ചുംബന തെരുവ് സമരം. സമരത്തെ ആക്രമിക്കാൻ ഹനുമാൻ സേന രംഗത്ത് വരുമെന്ന് ഉറപ്പുള്ള ചുംബന സമരക്കാർ തിരിച്ചടിക്കാനുള്ള മാർഗ്ഗങ്ങളും കണ്ടുവച്ചിരുന്നു. അതുകൊണ്ട് തന്നെ സംഘർഷത്തിൽ കലാശിച്ച ഈ ആസൂത്രിത സമരം കൂടുതൽ ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും ഇട നൽകി. സംഘർഷത്തേത്തുടർന്നു പൊലീസ് ലാത്തി പ്രയോഗിക്കുകയും മാദ്ധ്യമപ്രവർത്തകനടക്കം 31 പേർ അറസ്റ്റിലാകുകയും ചെയ്തു.

പുതുവർഷദിനത്തിൽ രാവിലെ ഒമ്പതിനു കോഴിക്കോട് മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്കു സമീപം ചുംബനത്തെരുവ് സമരം പ്രഖ്യാപിച്ചപ്പോൾതന്നെ അടിച്ചോടിക്കുമെന്നു ഹനുമാൻസേനയും വ്യക്തമാക്കിയിരുന്നു. സമരക്കാരെ നേരിടാൻ ഹനുമാൻസേന നിയമോപദേശകൻ അഡ്വ. പി.ടി. അശോകൻ, സംസ്ഥാന പ്രസിഡന്റ് ഭക്തവത്സലൻ, ഹനുമാൻസേവ പ്രസിഡന്റ് ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ പതിനാറോളം പ്രവർത്തകർ മാനാഞ്ചിറയ്ക്കു സമീപം രാവിലെതന്നെ മുദ്രാവാക്യം വിളിച്ച് നിലയുറപ്പിച്ചു.

രാവിലെ ഒമ്പതരയോടെ കോട്ടയത്തുനിന്നുള്ള ഞാറ്റുവേല പ്രവർത്തകരായ അജിത്ത് പച്ചനാടൻ, ഷിജി, പ്രിയ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗസംഘം സമരത്തിനെത്തി. സമരക്കാരാണെന്നു തിരിച്ചറിഞ്ഞതോടെ ഹനുമാൻസേനക്കാർ ഇവരുമായി സംഘർഷത്തിലേർപ്പെട്ടു. അംഗപരിമിതൻകൂടിയായ അജിത്തിനെ ഹനുമാൻസേനക്കാർ നിലത്തിട്ടു ചവിട്ടി. പൊലീസ് അജിത്തിനെ അറസ്റ്റ് ചെയ്തുനീക്കിയാണു രക്ഷപ്പെടുത്തിയത്. ഇതിനിടെ തേജസ് പത്രത്തിന്റെ കോഴിക്കോട് റിപ്പോർട്ടർ അനീബ് വടി പിടിച്ചെടുത്തു ഹനുമാൻസേനക്കാരെയും പൊലീസിനെയും ആക്രമിച്ചു. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ആക്രമിച്ചതിനാണ് അനീബിനെതിരേ കേസെടുത്തത്.

തുടർന്ന് ഒമ്പതേമുക്കാലോടെ വടികളും മറ്റുമായി പബ്ലിക് ലൈബ്രറിക്കു പിന്നിൽനിന്നെത്തിയ സ്ത്രീകളടക്കമുള്ള പത്തിലേറെപ്പേർ ഹനുമാൻസേനക്കാരെ വെല്ലുവിളിച്ച് അക്രമം അഴിച്ചുവിട്ടു. ഇതോടെ ലൈബ്രറി പരിസരം യുദ്ധക്കളമായി. ആണിയടിച്ച ചൂരലുകൾ ഉപയോഗിച്ചാണു സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാർ മറുപക്ഷത്തെ നേരിട്ടത്. സമരക്കാരെ പൊലീസ് ഉടൻ കീഴ്‌പ്പെടുത്തിയതിനാൽ സംഘർഷം കൂടുതൽ വ്യാപിച്ചില്ല. 15 സമരക്കാരെയും 16 പ്രതിഷേധക്കാരെയുമാണ് അറസ്റ്റ് ചെയ്തുനീക്കിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം രാവിലെ മുതൽ മാനാഞ്ചിറയ്ക്കു സമീപം നിലയുറപ്പിച്ചിരുന്നു.

അറസ്റ്റിലായ ഞാറ്റുവേല പ്രവർത്തകരിലൊരാളുടെ ബാഗിൽനിന്നു നഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. നാടകപ്രവർത്തകനും സമരസംഘാടകനുമായ ഹാറൂൺ കാവന്നൂരിന്റെ ബാഗിൽനിന്നാണ് നഞ്ചക്ക് പിടിച്ചെടുത്തത്. സമരാഹ്വാനം നടത്തിയ ഞാറ്റുവേല പ്രവർത്തകർ അക്രമം അഴിച്ചുവിടാൻ പൂർണസജ്ജരായാണ് എത്തിയതെന്നു പൊലീസ് പറഞ്ഞു. സംഘടനയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായും പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

മുമ്പ് കിസ് ഓഫ് ലവ് സംഘടിപ്പിക്കാൻ ഉണ്ടായ സാഹചര്യമൊന്നും ചുംബന തെരുവ് സംഘടിപ്പിക്കാൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഈ സമരവും സംഘർഷവും ആസൂത്രിതമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരാൻ ഇടയാക്കിയത്. മാവോയിസ്റ്റുകൾക്കായി പ്രചരണങ്ങൾ നടത്തുന്ന സംഘടനയാണോ സമരത്തിന് പിന്നിലെന്നാണ് സംശയം. ഇവരുടെ സമരത്തിന് എത്തിയത് വിരൽ എണ്ണാവുന്നവർ മാത്രമാണെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP