Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അറഫാ സംഗമം ഇന്ന്; ബലിപ്പെരുന്നാൾ നാളെ; അവധി അടിപൊളിയാക്കി കേരളത്തിലെ കുട്ടികൾ; രണ്ടല്ല മുന്നു ദിവസം ആഘോഷം

അറഫാ സംഗമം ഇന്ന്; ബലിപ്പെരുന്നാൾ നാളെ; അവധി അടിപൊളിയാക്കി കേരളത്തിലെ കുട്ടികൾ; രണ്ടല്ല മുന്നു ദിവസം ആഘോഷം

തിരുവനന്തപുരം: ബലിപ്പെരുന്നാൽ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് അവധി പ്രഖ്യാപിച്ചത്. വ്യാഴവും വെള്ളിയും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച അവധിയായതിനാൽ ശനിയാഴ്ച പ്രവർത്തിക്കുമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഉന്നത ഇടപെടൽ മൂലം ശനിയാഴ്ചയും അവധിയായി. ഇതോടെ ഫലത്തിൽ ഇന്ന് കൂടി സ്‌കൂളിൽ പോയാൽ കുട്ടികൾക്ക് നാല് ദിവസത്തെ അവധി കിട്ടും. അതിനിടെ ഈ ശനിയാഴ്ചത്തെ അവധിക്ക് പകരം ഒക്‌ടോബർ മൂന്ന് സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വിദൂരപ്രദേശങ്ങളിൽനിന്ന് വരുന്ന അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സൗകര്യാർഥമാണ് അവധിയെന്നും ഡി.പി.ഐ അറിയിച്ചു. സ്‌കൂളുകളിൽ 200 പ്രവൃത്തിദിനം തികക്കുന്നതിനായാണ് നേരത്തേ 26ന് പ്രവൃത്തിദിനമാക്കിയത്. ബലിപ്പെരുന്നാൾ പ്രമാണിച്ച് 24,25 തീയതികളിൽ സ്‌കൂളുകൾക്കും കോളജുകൾക്കും നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. 26ന് കൂടി സ്‌കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ.

കേരളത്തിൽ ബലിപ്പെരുന്നാൾ 24 വ്യാഴാഴ്ച ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുലൈ്‌ളലി, പാണക്കാട് നാസർഹയ്യ് ശിഹാബ് തങ്ങൾ, കെ.വി ഇമ്പിച്ചമ്മദ് ഹാജി, കാഞ്ഞങ്ങാട് ഖാദി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാസർകോട് ഖാദി കെ. ആലിക്കുട്ടി മുസ്ലിയാർ, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി, എന്നിവർ നേരത്തെ അറിയിച്ചിരുന്നു. അറിയിച്ചു. കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനിയും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ബലിപ്പെരുന്നാൾ 24ന് ഉറപ്പിച്ചിട്ടുണ്ട്.
ഗൾഫിലും ബലിപ്പെരുന്നാൾ സെപ്റ്റംബർ 24ന് വ്യാഴാഴ്ചയാണ്.

ഈ വർഷത്തെ ഹജ്ജിലെ അറഫാസംഗമം സെപ്റ്റംബർ 23ന് ബുധനാഴ്ചയായിരിക്കുമെന്ന് സൗദി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഹജ് കർമത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്നാണ് നടക്കുന്നത്. ഇന്നലെ മിനായിൽ രാത്രി ചെലവഴിച്ച ഇരുപതു ലക്ഷത്തോളം തീർത്ഥാടകർ ഇന്നു പുലർച്ചെ സുബഹി നമസ്‌കാരത്തിനു ശേഷം അറഫയിലേക്കു നീങ്ങും. അറഫാ മൈതാനത്തിന്റെ നടുവിൽ തലയുയർത്തി നിൽകുന്ന അറഫാ മലയുടെ താഴ്‌വാരത്ത് സൂര്യാസ്തമയം വരെ വിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകും. നാളെയാണ് ബലി പെരുന്നാൾ.

ജബൽ അർ റഹ്മ അഥവാ കരുണയുടെ പർവതം എന്നറിയപ്പെടുന്ന അറഫാ മലയിൽ വച്ചാണ് മുഹമ്മദ് നബി തന്റെ വിടവാങ്ങൽ പ്രസംഗം നടത്തിയത്. അറഫാ സംഗമം പ്രാധാന്യമേറിയതാകുന്നത് ഇതിനാലാണ്. മക്കയിൽ നിന്ന് 20 കിലോമീറ്റർ തെക്കു കിഴക്കായാണ് അറഫാ മൈതാനം. ഇശാ നമസ്‌കാരം വരെ അറഫയിൽ കഴിഞ്ഞ ശേഷം തീർത്ഥാടകർ മിനായിലേക്കുള്ള വഴിയിലെ പ്രധാന കേന്ദ്രമായ മുസ്ദലിഫയിലെത്തി രാത്രി തങ്ങും. അറഫയിൽ നിന്ന് ഏഴു കിലോമീറ്ററാണ് മുസ്ദലിഫയിലേക്ക്. ദുൽഹജ് പത്തായ നാളെ സുബഹി നിസ്‌കാരത്തിനു ശേഷം മിനായിൽ എത്തി പിശാചിന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ കല്ലേറ് കർമം നിർവഹിക്കും.

ഒരു ജംറയ്ക്കു നേരേ ഏഴുകല്ലുകൾ എന്നകണക്കിൽ മൂന്നു ജംറകളിൽ എറിയാൻ 21 കല്ലുകളാണ് മുസ്ദലിഫയിൽ നിന്നു ശേഖരിക്കുക. കല്ലേറിനു ശേഷം ബലികർമം നിർവഹിച്ച് പുരുഷന്മാർ മുടി കളയും. സ്ത്രീകൾ മുടിയുടെ അറ്റം മുറിക്കും. ഇതോടെ ഹജിന്റെ പ്രധാന കർമങ്ങൾ പൂർത്തിയാക്കി ഹജ് വസ്ത്രം മാറ്റി പുതു വസ്ത്രങ്ങൾ അണിഞ്ഞ് പെരുന്നാൾ ആഘോഷിക്കും.

ഹറം പള്ളിയിലെ ക്രെയിൻ അപകടത്തിൽ പരുക്കേറ്റ് മക്കയിലെ ആശുപത്രിയിൽ കഴിയുന്ന ഇന്ത്യക്കാരടക്കമുള്ള 52 തീർത്ഥാടകരെ കഴിഞ്ഞ ദിവസം ആംബുലൻസിൽ അറഫയിലെ വിവിധ ആശുപത്രികളിൽ എത്തിച്ചു. ഇവർക്ക് ഹജ് നിർവഹിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് വിദഗ്ധ ഡോക്ടർമാരുടെ അകമ്പടിയോടെയാണ് എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP