Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പഞ്ചായത്ത് വിതരണം ചെയ്യുന്ന കട്ടിൽ തനിക്കനുവദിക്കണമെന്ന് ആവശ്യപ്പെട്ട 76കാരിക്ക് വീടും പെൻഷനും കൂടി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ; മകനും മൂന്ന് പേരക്കുട്ടികളും താനുമടങ്ങുന്ന കുടുംബം പലയിടത്തായി വാടകയ്ക്ക് താമസിക്കുകയാണെന്നും മുന്നോക്ക സമുദായാംഗമായതിനാൽ സഹായം ലഭിക്കുന്നില്ലെന്നും കണ്ണീരോടെ ചന്ദ്രമതി

പഞ്ചായത്ത് വിതരണം ചെയ്യുന്ന കട്ടിൽ തനിക്കനുവദിക്കണമെന്ന് ആവശ്യപ്പെട്ട 76കാരിക്ക് വീടും പെൻഷനും കൂടി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ; മകനും മൂന്ന് പേരക്കുട്ടികളും താനുമടങ്ങുന്ന കുടുംബം പലയിടത്തായി വാടകയ്ക്ക് താമസിക്കുകയാണെന്നും മുന്നോക്ക സമുദായാംഗമായതിനാൽ സഹായം ലഭിക്കുന്നില്ലെന്നും കണ്ണീരോടെ ചന്ദ്രമതി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട് : കുന്ദമംഗലം പഞ്ചായത്ത് വയോജനങ്ങൾക്കായി വിതരണം ചെയ്യുന്ന കട്ടിൽ തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട വയോധികക്ക് കട്ടിൽ മാത്രമല്ല വീടും പെൻഷനും അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.കുന്ദമംഗലം പഞ്ചായത്തിൽ വാടകയ്ക്ക് താമസിക്കുന്ന 76 വയസ്സുള്ള ചന്ദ്രമതിക്ക് വീട് അനുവദിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസിന്റെ ഉത്തരവ്. ചന്ദ്രമതിയും മകൻ സുബ്രഹ്മണ്യനും മകന്റെ മൂന്നുമക്കളുമടങ്ങളുന്ന കുടുംബം വിവിധ സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ചുവരികയാണ്. മുന്നാക്കസമുദായത്തിൽ ജനിച്ചത് കാരണം ഇവർക്ക് സാമ്പത്തിക സഹായങ്ങൾ ലഭിക്കാറില്ല. ചന്ദ്രമതിയുടെ മകന്റെ ഭാര്യ 2012 ൽ മരിച്ചു. ചന്ദ്രമതി ആമവാതം ബാധിച്ച് ചികിത്സയിലാണ്. 2017-18 സാമ്പത്തിക വർഷം കുന്ദമംഗലം പഞ്ചായത്ത് വിതരണം ചെയ്യുന്ന കട്ടിൽ പദ്ധതിയിൽ വയോധികയെ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരിക്ക് വേണ്ടി ഒരാൾ കമ്മീഷനെ സമീപിച്ചത്.

കമ്മീഷൻ കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. 160 പേർക്ക് കട്ടിൽ അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രമതിയുടെ അപേക്ഷ ലഭിച്ചിട്ടില്ല. അന്വേഷണത്തിൽ ഇവർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി മനസിലാക്കി. നിലവിൽ തലക്കുളത്തൂർ പഞ്ചായത്തിലാണ് താമസിക്കുന്നത്. കുന്ദമംഗലം പഞ്ചായത്തിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കട്ടിൽ അനുവദിക്കാനാവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ചന്ദ്രമതിക്ക് വേണ്ടി പരാതി നൽകിയ പിലാശ്ശേരി സ്വദേശി സിദ്ധാർത്ഥൻ കമ്മീഷനിൽ ഹാജരായി. മുന്നാക്കസമുദായാംഗമായതിനാൽ ചന്ദ്രമതിയമ്മ ഭക്ഷണത്തിനുപോലും കഷ്ടപ്പെടുകയാണെന്നും സാമ്പത്തിക ദാരിദ്ര്യം കാരണം മകന്റെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ലെന്നും പരാതിക്കാരൻ അറിയിച്ചു.

സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ചന്ദ്രമതി അമ്മക്ക് സർക്കാർ പദ്ധതിയായ ലൈഫ് മിഷനിലൂടെ വീട് നൽകാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ചന്ദ്രമതി അമ്മയെയും കുടുംബത്തെയും കുന്ദമംഗലം പഞ്ചായത്ത് മുൻകൈയെടുത്ത് പഞ്ചായത്തിൽ തന്നെ വാടകക്ക് സ്ഥലം നൽകി താമസിപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അതിനുശേഷം ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നൽകാൻ നടപടിയെടുക്കണം. സൗജന്യമായി പഞ്ചായത്ത് നടപ്പിലാക്കിയ കട്ടിൽ പദ്ധതി ചന്ദ്രമതിഅമ്മയുടെ കുടുംബത്തിനും ലഭ്യമാക്കണം. 50 ശതമാനം ശാരീരിക വൈകല്യമുള്ള വയോധികക്ക് വാർധക്യകാല പെൻഷനോ വികലാംഗ പെൻഷനോ ലഭിക്കുന്നില്ലെങ്കിൽ അതും നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചന്ദ്രമതിയമ്മയ്ക്ക്  ബി പി എൽ കാർഡ് നൽകാൻ നടപടിയെടുക്കണമെന്നും കമ്മീഷൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ സപ്ലൈ ഓഫീസർക്കും നിർദ്ദേശം നൽകി.

ബലാൽസംഗകേസുകളിൽ ഇരയാക്കപ്പെട്ടവർക്കുൾപ്പടെ വിക്ടിം കോമ്പൻസേഷൻ പദ്ധതി പ്രകാരം കേന്ദ്ര അനുവദിക്കുന്ന ഫണ്ട് നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ . ക്രിമിനൽ നടപടി ക്രമത്തിലെ 357 എ വകുപ്പ് പ്രകാരം നടപ്പാക്കുന്ന പദ്ധതിക്കായി കേന്ദ്രസർക്കാർ ഒരോ സംസ്ഥാനങ്ങൾക്കും ഫണ്ട് നൽകിയെങ്കിലും സംസ്ഥാന സർക്കാർ ഇരകൾക്ക് വിതരണം ചെയുന്നതിൽ വീഴ്ച വരുത്തിയതായി കമ്മീഷൻ ജൂഡീഷ്യൽ അംഗം പി മോഹനദാസ് പറഞ്ഞു. സംസ്ഥാനത്ത് ബലാൽസംഗത്തിനിരയായ പതിനാലു കാരിക്ക് വിക്ടിം കോമ്പൻസേഷൻ പദ്ധതിയിലൂടെ ഏട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ലീഗൽ സർവീസ് അതോററ്റി തയ്യാറാകാത്ത പരാതിയിൽ 30 ദിവസത്തിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഫിനാൻസ് സെക്രട്ടറിക്കും കമ്മീഷൻ നോട്ടീസ് അയ്ച്ചതായി അദാലത്തിനു ശേഷം വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കമ്മീഷൻ അറിയിച്ചു.

ക്രിമിനൽ കേസുകളിൽ പ്രതികൾ ശിക്ഷപ്പെട്ടാലും ഇല്ലെങ്കിലും ഇരകളായവർക്ക് സംസ്ഥാനസർക്കാർ ലീഗൽ സർവീസ് സൊസൈറ്റി വഴി 60 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം. നഷ്ടപരിഹാര തുക നൽകാനുള്ള ബാധ്യത പൂർണ്ണമായും സർക്കാരിനാണ്. നിർഭയ കേസിന്റെ പശ്ചാത്തലത്തിലാണ് ഇരകളുടെ പുനരധിവാസം ലക്ഷ്യമിട്ട് നഷ്ടപരിഹാരം സർക്കാർ മുഖേനെ നൽകാൻ പദ്ധതി ആവിഷ്‌ക്കരിച്ചത്. സംസ്ഥാന സർക്കാരിലൂടെ സംസ്ഥാന ജില്ല ലീഗൽ അതോററ്റികളാണ് ഫണ്ട് നൽകേണ്ടത്. എന്നാൽ കേന്ദ്രം നൽകിയിട്ടും സംസ്ഥാന സർക്കാർ അർഹതപ്പെട്ടവർക്ക് നൽകുന്നതിൽ കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നതെന്നും കമ്മീഷൻ വിമർശിച്ചു. അപകടങ്ങൾ ഒഴിച്ചുള്ള കേസുകളിൽ ഇരകളായവർക്ക് വിക്ടിം കോമ്പൻസേഷൻ ലഭ്യമാകേണ്ടതിനെ കുറിച്ച് ജനങ്ങൾക്ക് അറിവില്ല. ബന്ധപ്പെട്ടവർ ഇവരെ ബോധവൽക്കരിക്കാൻ ശ്രമിക്കാറുമില്ലെന്നതാണ് വാസ്തവമെന്നും പി മോഹനദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP