Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെല്ലിയാമ്പതിയിലെ ഭൂമി മുതലാളിമാർക്ക് തീറെഴുതാം; ആദിവാസികൾക്ക് റോഡ് പണിതാൽ അതുകൊടിയപാതകം: റോഡ് പൊളിച്ചു കളഞ്ഞ വനംവകുപ്പിന്റെ ഹുങ്കിനെതിരെ ഇടുക്കി എംപിയുടെ നിരാഹാര സമരത്തിന് ജനപിന്തുണയേറുന്നു

നെല്ലിയാമ്പതിയിലെ ഭൂമി മുതലാളിമാർക്ക് തീറെഴുതാം; ആദിവാസികൾക്ക് റോഡ് പണിതാൽ അതുകൊടിയപാതകം:  റോഡ് പൊളിച്ചു കളഞ്ഞ വനംവകുപ്പിന്റെ ഹുങ്കിനെതിരെ ഇടുക്കി എംപിയുടെ നിരാഹാര സമരത്തിന് ജനപിന്തുണയേറുന്നു

നേര്യമംഗലം: സർക്കാറിന് അവകാശപ്പെട്ട വനംഭൂമി നെല്ലിയാമ്പതിയിലെ സ്വകാര്യ എസ്റ്റേ്റ്റ് മുതലാളിമാർക്ക് തീറെഴുതുമ്പോൾ സന്തോഷത്തോടെ ഒന്നും മിണ്ടാതിരുന്ന വനംവകുപ്പിന് കാടിന്റെ മക്കളോട് ചിറ്റമ്മ നയം. ആദിവാസി കോളനിയിലേക്കുള്ള റോഡിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കലുങ്കുകൾ പൊളിച്ചു ഹുങ്കു കാണിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആദിവാസികളുടെ വഴിമുടക്കിയ വനംവകുപ്പ് അധികൃതർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എംപി ജോയ്‌സ് ജോർജ്ജ് നടത്തുന്ന നിരാഹാര സമരം നാല് ദിവസം പിന്നിട്ടു. ആദിവാസികളുടെ നിൽപ്പുസമരത്തെ കണ്ടില്ലെന്ന നടിക്കുന്ന സംസ്ഥാന സർക്കാർ കക്ഷിഭേദമെന്യേ ഒരുമിച്ച് നടത്തുന്ന ഈ സമരത്തെയും കണ്ടില്ലെന്ന് നടിക്കുകയാണ്.

ആയിരത്തോളം വരുന്ന ആദിവാസി കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകുന്ന വനം മന്ത്രിയുടെ ധിക്കാര നടപടിക്കെതിരെ ശക്തമായ ജനരോഷമാണ് ഉയർന്നത്. കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രിയാണ് മലയോര ഹൈവേയുടെ ഭാഗമായ മാമലകണ്ടം, കുറത്തിക്കുടി ആദിവാസി കോളനിയിലേക്കുള്ള അഞ്ച് കലുങ്കുകൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റിയത്. പത്ത് മാസങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കലുങ്കുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇരുളിന്റെ മറവിൽ തകർത്തെറിഞ്ഞത്. ആയിരത്തോളം പേർ താമസിക്കുന്ന കുറത്തിക്കുടി കോളനി ഒറ്റപ്പെട്ടുപോയി. നൂറുകണക്കിന് ആദിവാസി കുഞ്ഞുങ്ങൾ സ്‌കൂളിൽ പോകാൻ നിവൃത്തിയില്ലാതെയായി.

തിങ്കളാഴ്‌ച്ച രാവിലെ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ഫോറസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.പി. തുടർന്ന് വനം വകുപ്പ് ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എംപിയോടും അപമര്യാദയായി പെരുമാറിയ സാഹചര്യത്തിലാണ് എംപി ഭക്ഷണം ഉപേക്ഷിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചത്. സമരത്തിന് പിന്തുണയുമായി ഹൈറേഞ്ച് സംരക്ഷണ സമിതിയും ബിജെപിയും കേരളാ കോൺഗ്രസ് നേതാക്കളും എത്തിയിരുന്നു.

ബുധനാഴ്‌ച്ചയും സമര കേന്ദ്രത്തിൽ നൂറ് കണക്കിന് പേർ എത്തി. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എം. ദിനേശ് മണി, ഡിവൈഎഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എൻ. ഷംസീർ, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റിയംഗം നോബിൾ ജോസഫ്, രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ സുരേന്ദ്രൻ തുടങ്ങിയവർ ജോയ്‌സിന്റെ സമരവേദിയിൽ സന്ദർശിച്ചു.

സമാധാന മാർഗ്ഗത്തിലൂടെ പ്രതിഷേധിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന ജനപ്രതിനിധികളെപോലും അവഗണിച്ച് ഉദ്യോഗസ്ഥർക്ക് ഒത്താശ പാടുന്ന വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെറ്റുതിരുത്താൻ തയ്യാറാകണമെന്ന് ദിനേശ്മണി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് നേതാക്കളുടെ തീരുമാനം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ടെലഫോണിൽ ബന്ധപ്പെട്ട് എംപിയോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. ആദിവാസി കുടിയിലേക്കുള്ള റോഡും പാലവും തകർത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് നിരാഹാരമനുഷ്ടിക്കുന്ന ജോയ്‌സ് ജോർജ്ജ് എംപിക്ക് പിന്തുണയുമായി ആദിവാസി സ്ത്രീകളെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP