Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എൽഎൽഎം പരീക്ഷയ്ക്ക് കോപ്പിയടിച്ച തൃശൂർ ഐജി ടി ജെ ജോസ് പിടിയിൽ; ഗൈഡിന്റെ പേപ്പറുകളും തുണ്ടു കടലാസുകൾ വച്ചു പകർത്തിയെഴുതിയ ജോസിനെ ഹാളിൽ നിന്ന് ഇറക്കിവിട്ടു; കേരളത്തിന് നാണക്കേടെന്ന് ചെന്നിത്തല; നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഐജിക്ക് നിർദ്ദേശം

എൽഎൽഎം പരീക്ഷയ്ക്ക് കോപ്പിയടിച്ച തൃശൂർ ഐജി ടി ജെ ജോസ് പിടിയിൽ; ഗൈഡിന്റെ പേപ്പറുകളും തുണ്ടു കടലാസുകൾ വച്ചു പകർത്തിയെഴുതിയ ജോസിനെ ഹാളിൽ നിന്ന് ഇറക്കിവിട്ടു; കേരളത്തിന് നാണക്കേടെന്ന് ചെന്നിത്തല; നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഐജിക്ക് നിർദ്ദേശം

കൊച്ചി: പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് ഐജി പിടിയിലായി. തൃശൂർ റേഞ്ച് ഐജി ടി ജെ ജോസിനെയാണ് എൽഎൽഎം പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് ഇൻവിജിലേറ്റർ പിടികൂടിയത്. ഇതേത്തുടർന്ന് ഐജിയെ പരീക്ഷാഹാളിൽ നിന്ന് ഇറക്കിവിട്ടു. പരീക്ഷയ്ക്കു തുണ്ടു കടലാസും ഗൈഡും വച്ച് പകർത്തിയെഴുതിയതിനാണ് ജോസിനെ പിടികൂടിയത്. കളമശേരി സെന്റ് പോൾസ് കോളേജിലായിരുന്നു സംഭവം. ഗൈഡിന്റെ പേപ്പറുകൾ കൊണ്ടാണ് ഇയാൾ പകർത്തിയെഴുതിയത്. ഐജിയെ കോപ്പിയടിക്ക് പിടികൂടിയ സംഭവം സർവകലാശാലയ്ക്കു റിപ്പോർട്ടു ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് സർവ്വകലാശാലക്ക് റിപ്പോർട്ട് ചെയ്യുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

അതേസമയം കോപ്പിയടി സംഭവം ഐജി ടി ജെ ജോസ് നിഷേധിച്ചു. പരീക്ഷ മുഴുവൻ എഴുതി. തന്റെ കയ്യിൽ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. മുഴുവൻ സമയവും ഹാളിലിരുന്നില്ല എന്നത് ശരിയാണെന്ന് ഐജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ടി ജെ ജോസ് പരീക്ഷ എഴുതുന്നുണ്ടായിരുന്നു. ഇന്ന് പരീക്ഷ എഴുതിയ ടി ജെ ജോസിനെ ഏകദേശം ഒന്നേകാൽ മണിക്കൂറിനുശേഷമാണ് കോപ്പിയടിച്ചതിന് പിടികൂടിയത്. ടിജെ ജോസിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതോടെയാണ് ഇൻവിജിലേറ്റർ ഇദ്ദേഹത്തേ പരിശോധിച്ചത്. പരിശോധനയിൽ ഗൈഡിലെ തുണ്ടുകടലാസ് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഐജിയെ ഇറക്കിവിട്ടത്.

അതേസമയം കോപ്പിയടിക്കു പിടികൂടിയത് ഐജിയെയാണെന്ന് ഇൻവിജിലേറ്റർക്ക് അറിയില്ലായിരുന്നു. ഇതു തിരിച്ചറിഞ്ഞതോടെ സംഭവം ഒതുക്കിത്തീർക്കാൻ അധികൃതർ ശ്രമിച്ചു. ഇതിനുശേഷം ഇദ്ദേഹം ഇന്ന് പരീക്ഷയ്ക്കു ഹാജരായില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംഭവം വിവാദമായതോടെയാണ് കോളേജ് അധികൃതർ സർവ്വകലാശാലയ്ക്കു റിപ്പോർട്ട് ചെയ്യാൻ തയ്യാറാകുന്നത്.

സംഭവത്തിനുശേഷം ഒരുമണിക്കൂറോളം ഐജിയുമായി ബന്ധപ്പെടാൻ ഉന്നതപൊലീസ് ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരും ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ഫോണെടുത്തിരുന്നില്ല. പിന്നീട് ഫോണെടുത്ത ഐജി സംഭവം നിഷേധിച്ചു. ആദ്യം സംഭവം സ്ഥിരീകരിച്ച കോളേജ് അധികൃതർ പിന്നീട് മലക്കംമറിയുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ മാദ്ധ്യമപ്രവർത്തകരും സ്‌പെഷ്യൽ ബ്രാഞ്ചുകാരും കോളേജിലെത്തി. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കോപ്പിയടിച്ചത് കേരളാ പൊലീസിന് മുഴുവൻ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

ഐ ജി ടിജെ. ജോസിനെ പിടികൂടിയത് കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഒരു തരത്തിലുള്ള സൗജന്യവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോപ്പിയടി വിവാദത്തെ തുടർന്ന് ഐജി ടി.ജെ.ജോസിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷയ്ക്കു തുണ്ടു കടലാസ് ഉപയോഗിച്ചു കോപ്പിയടിച്ചെന്ന ഐജി ടി.ജെ.ജോസിനെതിരായ ആരോപണം ഉത്തരമേഖല എഡിജിപി എൻ.ശങ്കർ റെഡ്ഡി അന്വേഷിക്കും. സംഭവത്തെക്കുറിച്ചു അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡിജപി കെ.എസ്.ബാലസുബ്രഹ്മണ്യൻ എഡിജിപിയോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു ഡിജിപി പറഞ്ഞു. പരീക്ഷ എഴുതാനായി ഐജി അവധിയിലാണെന്നും കോപ്പിയടിച്ച കാര്യം എംജി സർകവകലാശാല അധികൃതർ ഇതുവരെ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ. ജോസിനെ ഡീബാർ ചെയ്യാൻ യൂണിവേഴ്‌സിറ്റി അധികൃതരും ശുപാർശ ചെയ്തിട്ടുണ്ട്.

സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ ഫോൺ ചോർത്തൽ സംഭവത്തിൽ ഇന്റലിജന്റൻസ് എഡിജിപിയായിരിക്കെ സെൻകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയാണ് ടി ജെ ജോസ്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും നൽകിയ റിപ്പോർട്ടിൽ കുറ്റക്കാരനായ ടി ജെ ജോസിനെതിരെ നടപടിയെടുക്കാൻ സെൻകുമാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ജോസിനെതിരെ നടപടിയൊന്നും എടുത്തില്ല.

സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായർ മന്ത്രി മാരേയും കോൺഗ്രസ് നേതാക്കളെയും വിളിച്ച ഫോൺ കാളുകളുടെ ലിസ്റ്റ് ചോർന്ന സംഭവത്തിൽ എസ് സി ആർ ബി ഐ ജി ടി ജെ ജോസ് കുറ്റക്കാരനാണെന്നാണ് ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലുള്ളത്. ടി ജെ ജോസ് വഴിയാണ് തലശേരി പൊലീസ് സ്‌റ്റേഷനിലെ എസ് ഐ ബിജു ജോൺ ലൂക്കോസ് വിവരങ്ങൾ സ്വകാര്യ ചാനലിന് നൽകിയതെന്നായിരുന്നു സെൻകുമാറിന്റെ കണ്ടെത്തൽ. രേഖകൾ ചോർത്തിയതിന് പുറമെ ആഭ്യന്തര വകുപ്പിനെ അപകീർത്തിപ്പെടുത്താൻ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിലുണ്ട്. ഫോൺ ചോർത്തൽ സംഭവവുമായി ഐ ജി ജോസ് നൽകിയ വിശദീകരണം പൂർണമായും കള്ളമാണെന്നും റിപ്പോർട്ടിലുണ്ട്. ഫോൺ വിളികളുടെ മുഴുവൻ വിവരങ്ങളും എടുത്തിട്ടുള്ളത് ജോസ് മാത്രമാണ്.

ജോസിനെ കൂടാതെ 13 ഉദ്യോഗസ്ഥരും ഫോൺ വിളി വിവരങ്ങൾ ശേഖരിച്ചെങ്കിലും അവരിൽ നിന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ പൂർണ വിവരങ്ങൾ ശേഖരിച്ചതും ചില കേന്ദ്രങ്ങൾക്ക് ചോർത്തിയതും ഐജി യാണെന്നും കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. സൈബർ സെൽ പൊലീസ് സ്‌റ്റേഷനിൽ ജൂൺ 26 ന് രജിസ്റ്റർ ചെയ്ത കേസിന്റെ ആവശ്യത്തിനാണ്. ഫോൺ കോൾ സംബന്ധിച്ച സി ഡി ആറുകൾ ശേഖരിച്ചത്. സി ഡി പ്രസക്തമല്ലാത്തതിനാൽ അവ നശിപ്പിച്ചു കളഞ്ഞു വെന്നാണ് ഐജി വിശദീകരിച്ചത്. ഇതും വിശ്വസിക്കാൻ കഴിയില്ല. കേസിന്റെ ആവശ്യത്തിലേക്ക് എടുക്കുന്ന രേഖകൾ ആ കേസ് അവസാനിക്കുന്നത് വരെ സൂക്ഷിക്കണമെന്നാണ് നിയമം. രേഖ നശിപ്പിച്ചുവെന്ന് ഐജി പറയുന്നുവെങ്കിൽ ഈ നിയമത്തിനോടുള്ള അവഹേളനമെന്നും സെൻകുമാർ പറഞ്ഞിരുന്നു.

ഈ റിപ്പോർട്ടിൽ ജോസിനെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നായിരുന്നു സൂചന. പിന്നീട്. തൃശൂരിൽ നിസാം കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായപ്പോൾ ജോസിനെ തൃശൂരിലേക്ക് സ്ഥലം മാറ്റി. ചിലരുടെ ഇടപെടലാണ് ഇത്തരമൊരു സ്ഥലം മാറ്റത്തിന് കാരണമെന്നും വിമർശനമെത്തി. തിരുവനന്തപുരത്ത് കമ്മീഷണറായും ടിജെ ജോസ് ജോലിയെടുത്തിരുന്നു. ആ സമയത്ത് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിയായും ജോസ് എത്തി. ഐജിയായി സ്ഥാനക്കയറ്റം കിട്ടയപ്പോഴാണ് ഡിഐജി റാങ്കിലുള്ള തിരുവനന്തപുരം കമ്മീഷണർ സ്ഥാനം ജോസ് ഒഴിഞ്ഞത്.

ഐ ജി കോപ്പിയടിച്ചെന്ന് എം ജി സർവകലാശാലാ വൈസ് ചാൻസലർ

എറണാകുളം സെന്റ് പോൾസ് കോളജിൽ എൽഎൽഎം പരീക്ഷയെഴുതിയ (കോൺസ്‌റിറ്റിയൂഷൻ ലോ) ടി.ജെ. ജോസ് (രജിസ്റ്റർ നമ്പർ 18181110152) പരീക്ഷാ ക്രമക്കേട് കാണിച്ചതായി എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ അറിയിച്ചു. പരീക്ഷാ കൺട്രോളർ തോമസ് ജോൺ മാമ്പറയുമായി ഈ വിഷയം ചർച്ച ചെയ്ത ശേഷം ക്രമക്കേടിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകുവാൻ ഡപ്യൂട്ടി രജിസ്റ്റ്രാർ എ.സി.ബാബുവിനെ ചുമതലപ്പെടുത്തി. നാളെ മുതൽ ടക്കുന്ന പരീക്ഷ എഴുതുവാൻ ജോസിനെ അുവദിക്കേണ്ടെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ ഹാളുകളിൽ ഒരു മാസത്തിുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം ഉറപ്പാക്കുമെന്നും വൈസ് ചാനസലർ അറിയിച്ചു.

ഐജിയെ സസ്‌പെന്റ് ചെയ്യണമെന്ന് കോടിയേരി

എൽഎൽഎം പരീക്ഷയ്ക്ക് കോപ്പിയടിച്ചതിനു പിടിയിലായ തൃശൂർ റേഞ്ച് ഐജി ടി.ജെ.ജോസിനെ സസ്‌പെന്റ് ചെയ്യണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാരിന്റെ മുഖമാണ് ഐജിയിലുടെ ലോകം കാണുന്നത്. പൊലീസ് മേധാവികൾ തന്നെ കോപ്പിയടിക്കാൻ തുടങ്ങിയാൽ കേരളത്തിലെ പരീക്ഷകളുടെ ഭാവി എന്തായിരിക്കുമെന്നും കോടിയേരി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP