Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

സർക്കാർ ഭൂമിയിലൂടെ സ്വകാര്യ റിസോർട്ടിലേക്ക് അനധികൃത റോഡ്; മൂന്നാർ ദൗത്യസംഘം ഏറ്റെടുത്ത ഭൂമി കൈയേറിയുള്ള നിർമ്മാണത്തിന് ഒത്താശയുമായി സർവെ ഉദ്യോഗസ്ഥരും

സർക്കാർ ഭൂമിയിലൂടെ സ്വകാര്യ റിസോർട്ടിലേക്ക് അനധികൃത റോഡ്; മൂന്നാർ ദൗത്യസംഘം ഏറ്റെടുത്ത ഭൂമി കൈയേറിയുള്ള നിർമ്മാണത്തിന് ഒത്താശയുമായി സർവെ ഉദ്യോഗസ്ഥരും

തൊടുപുഴ: സർക്കാർ ഭൂമിയിലൂടെ സ്വകാര്യ റിസോർട്ടിലേക്ക് അനധികൃത റോഡു നിർമ്മാണം. മൂന്നാർ ദൗത്യ സംഘം ഏറ്റെടുത്ത ഭൂമി കൈയേറിയുള്ള നിർമ്മാണത്തിന് ഒത്താശ ചെയ്യുന്നത് റവന്യൂ-പഞ്ചായത്ത് -സർവെ ഉദ്യോഗസ്ഥരാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

സർക്കാർ ഭൂമി കൈയേറ്റത്തിനും വ്യാജപട്ടയങ്ങൾക്കും പേരുകേട്ട ചിന്നക്കനാൽ വില്ലേജിൽ നിയമത്തെ നോക്കുകുത്തിയാക്കിയാണ് ഉദ്യോഗസ്ഥ-ഭൂമാഫിയയുടെ ചെയ്തികൾ. സ്വകാര്യ റിസോർട്ടുടമയുടെ ഭൂമിയിലേക്ക് സർക്കാർ ഭൂമിയിലൂടെ ഒന്നര കിലോമീറ്റർ റോഡാണ് അനധികൃതമായി നിർമ്മിച്ചെടുത്തത്.

ക്ലൗഡ്-9 എന്ന പേരിലുള്ള റിസോർട്ട് പൊളിച്ചു നീക്കി മൂന്നാർ ദൗത്യസംഘം ആദ്യം ഏറ്റെടുത്ത ഇടയ്ക്കാട്ടുകുടി ഗ്രൂപ്പിന്റെ ഭൂമിയിലൂടെയാണ് റോഡു നിർമ്മാണം. ആകാശ നാമത്തിലുള്ള പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ ഭൂമിയിലേക്കാണ് റോഡ് വെട്ടിക്കൊടുത്തത്. ഇവിടെ റിസോർട്ട് നിർമ്മാണം പ്രാരംഭഘട്ടത്തിലാണ്. വ്യാജപട്ടയമെന്നു കണ്ടെത്തിയതിനെ തുടർന്നു ചിന്നക്കനാൽ ഗ്യാപ് ഭാഗത്താണ് സർക്കാർ ഏറ്റെടുത്ത ക്ലൗഡ്-9 റിസോർട്ടിന്റെ എട്ടേക്കർ ഭൂമി. ഇതിലൂടെയാണ് സമീപത്തെ റിസോർട്ട് ഉടമയെ സഹായിക്കുന്നതിനായി റോഡ് നിർമ്മിച്ചത്.

നേരത്തെ ഏലപ്പട്ടയഭൂമിയിലെ അനധികൃത നിർമ്മാണത്തിന്റെ പേരിലാണ് ഇടയ്ക്കാട്ടുകുടിയുടെ റിസോർട്ട് ദൗത്യ സംഘം പൊളിച്ചുനീക്കിയത്. ഇതു സംബന്ധിച്ച കേസ് സുപ്രിം കോടതിയിലാണ്. വ്യാജപട്ടയം, ഭൂമികൈയേറ്റം എന്നിവ സംബന്ധിച്ചു വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്. ഈ റിസോർട്ടിലേക്കുള്ള റോഡുൾപ്പെടെയുള്ള എട്ടേക്കറോളം ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. വില്ലേജ് ഓഫിസറുടെ റിസീവർഷിപ്പിലാണ് ഈ ഭൂമി. ഈ ഭൂമിയിലൂടെയും സർക്കാർ പുല്ലുമേടിലൂടെയും വ്യാജ രേഖകളുടെയും മറ്റും പിൻബലത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ റോഡ് നിർമ്മിക്കുകയായിരുന്നു. പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ക്ഷേത്രത്തിലേക്കുള്ള വഴിയെന്നു തെറ്റായി ഉൾപ്പെടുത്തിയാണ് ഇവിടേക്ക് റോഡുണ്ടാക്കിയത്. ഈ ഭാഗത്തെവിടേയും ഒരു ക്ഷേത്രവുമില്ലെന്നു സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതി, ഉടുമ്പഞ്ചോല തഹസിൽദാർ, താലൂക്ക് സർവേയർ കൂട്ടുകെട്ടിലാണ് സർക്കാർ ഭൂമിയിൽ വഴിവിട്ടു നിർമ്മാണ പ്രവർത്തനം സാധ്യമായത്. 11 കോടി രൂപയുടെ ഭൂമി ഇടപാടാണ് ഈ റോഡ് നിർമ്മാണത്തിനു പിന്നിൽ നടന്നതെന്നു അറിയുന്നു. റോഡ് തുറന്നതോടെ ഇവിടെ പുതിയ റിസോർട്ട് നിർമ്മാണത്തിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിക്കഴിഞ്ഞു. താൽക്കാലികഷെഡും ഓഫിസുകളുമൊക്കെ തുറന്നിട്ടുണ്ട്.

റോഡു നിർമ്മാണത്തിനെതിരേ പരാതിയുമായി ഒരു കൂട്ടം നാട്ടുകാർ രംഗത്തുവന്നിരുന്നു. ഇവർ തഹസിൽദാർക്കും പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി. തുടർന്നു താൽക്കാലികമായി റോഡ് പണി നിർത്തിവച്ചു. പിന്നീട് താലൂക്കാഫിസും പഞ്ചായത്തധികൃതരും ചേർന്ന് രേഖകളും മറ്റും കൃത്രിമമായി ഉണ്ടാക്കി റോഡ് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. ടാർ ചെയ്ത റോഡാണ് നിർമ്മിച്ചിരിക്കുന്നത്. ഇതേരീതിയിൽ രണ്ടു റോഡുകൾ കൂടി റിസോർട്ട് ഉടമകൾക്കായി നിർമ്മിച്ചു കൊടുത്തിട്ടുണ്ട്.

ക്ലബ് മഹേന്ദ്ര റിസോർട്ടിലേക്കുള്ള സീതാദേവി ലേക്ക് റോഡ് പഞ്ചായത്തിനെക്കൊണ്ട് ഏറ്റെടുപ്പിച്ചാണ് നിർമ്മിച്ചത്. ഇതിനായി പഞ്ചായത്ത് 11 ലക്ഷം രൂപയാണ് ചെലവിട്ടത്. റിസോർട്ട് ഉടമയെക്കൊണ്ടു റോഡു നിർമ്മിച്ച ശേഷം തുക ബിനാമി ഗുണഭോക്തൃ കമ്മിറ്റിക്ക് അനുവദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സൂര്യനെല്ലി ടൗണിൽ നിന്നും അപ്പർ സൂര്യനെല്ലിയിലേക്കുള്ള റോഡും ഇത്തരത്തിൽ ഹാരിസൺ ഗ്രൂപ്പിനു വേണ്ടി നിർമ്മിച്ചു കൊടുത്തു. 13 ലക്ഷം രൂപയുടെ ഇടപാടായിരുന്നു ഇതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP