Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലെ ഇന്ത്യാ ദൈവസഭ കേന്ദ്ര ഓഫീസിന്റെ ഗേറ്റ് തകർത്ത് ബിജെപിയുടെ കൊടിനാട്ടി; വൈകിട്ട് ആർഎസ്എസുകാർ കൊടിമാറ്റി ഗേറ്റ് പുനഃസ്ഥാപിച്ച് സംരക്ഷണമൊരുക്കി; പ്രശ്നം ഏറ്റെടുത്ത് ഡിവൈഎഫ്ഐയും വന്നതോടെ കുമ്പനാട്ട് സംഘർഷാവസ്ഥ; തകർത്തത് തർക്ക ഭൂമിയിലെ ഗേറ്റെന്നും നാളെ കോടതിയിൽ സമാധാനം ബോധിപ്പിക്കേണ്ടി വരുമെന്നും സഭാ നേതൃത്വം

രാവിലെ ഇന്ത്യാ ദൈവസഭ കേന്ദ്ര ഓഫീസിന്റെ ഗേറ്റ് തകർത്ത് ബിജെപിയുടെ കൊടിനാട്ടി; വൈകിട്ട് ആർഎസ്എസുകാർ കൊടിമാറ്റി ഗേറ്റ് പുനഃസ്ഥാപിച്ച് സംരക്ഷണമൊരുക്കി; പ്രശ്നം ഏറ്റെടുത്ത് ഡിവൈഎഫ്ഐയും വന്നതോടെ കുമ്പനാട്ട് സംഘർഷാവസ്ഥ; തകർത്തത് തർക്ക ഭൂമിയിലെ ഗേറ്റെന്നും നാളെ കോടതിയിൽ സമാധാനം ബോധിപ്പിക്കേണ്ടി വരുമെന്നും സഭാ നേതൃത്വം

ശ്രീലാൽ വാസുദേവൻ

തിരുവല്ല: തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ കുമ്പനാട് ജങ്ഷനിലുള്ള ഇന്ത്യാ ദൈവസഭ പള്ളിക്കും കേന്ദ്ര ഓഫീസിനും നേരേ വീണ്ടും കർഷക മോർച്ചയുടെ ആക്രമണം. ഇന്ന് രാവിലെ സംസ്ഥാന നേതാക്കൾ അടക്കം പ്രകടനമായി വന്ന് സഭയുടെ ഗേറ്റ് പൊളിച്ച് ബിജെപിയുടെ കൊടി പറമ്പിലും മതിലിന്മേലും നാട്ടി. ഗേറ്റ് പൂർണമായും പൊളിച്ച് അടുക്കുകയായിരുന്നു. സർക്കാർ പുറമ്പോക്ക് ഇന്ത്യാ ദൈവസഭക്കാർ കൈയേറിയെന്ന് ആരോപിച്ച് നേരത്തേയും ഇവിടെ കർഷക മോർച്ചയും ബിജെപിയും ബിഎംഎസും അക്രമം നടത്തിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ സിവിൽ കേസും നിലവിലുണ്ട്. ഇതിനിടെയാണ് ഇന്നു രാവിലെ വീണ്ടും അക്രമം ഉണ്ടായത്. നാളെ കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് അക്രമം നടന്നത്.

വിവരമറിഞ്ഞ് സഭയുടെ നേതാക്കൾ ബിജെപിയുടെ ഉന്നത നേതാക്കളുമായി ബന്ധപ്പെട്ടു. സംഭവത്തിൽ നേതാക്കൾ ഖേദം പ്രകടിപ്പിച്ചു. തുടർന്ന് വൈകിട്ട് ആർഎസ്എസ് പ്രവർത്തകർ നേരിട്ടെത്തി കൊടിനീക്കി. ഗേറ്റും പുനഃസ്ഥാപിച്ചു. പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ബിജെപി നേതാക്കൾ ഉറപ്പു കൊടുത്തിട്ടുണ്ട്. 1922 ൽ റോബർട്ട് എഫ്. കുക്ക് സായിപ്പാണ് ചർച്ച് ഓഫ് ഗോഡ് കേന്ദ്രസഭ ഇവിടെ സ്ഥാപിച്ചത്. അന്നു മുതൽ ഈ ഭൂമി സഭയുടെ കൈവശമാണ്. ഗേറ്റ് തകർത്തത്തിൽ ഗ്ലോബൽ ക്രിസ്ത്യൻ ഡെവലപ്മെന്റ് ദേശീയ ചെയർമാൻ പാസ്റ്റർ അജു മാത്യു ജേക്കബ്, ദേശീയ പ്രസിഡന്റ് എംപി തോമസ്, ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ എന്നിവർ പ്രതിഷേധിച്ചു.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പള്ളിക്ക് നേരെ ബിജെപി അക്രമം നടത്തിയതിന് പിന്നാലെ പള്ളി കേന്ദ്രീകരിച്ച് വീണ്ടും സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തെ നേരിടാൻ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംരക്ഷണ വലയം തീർത്തു. സഭാ വിശ്വാസികളെയും പള്ളിക്കുനേരെയും ആക്രമണമുണ്ടാകുമെന്ന ഭീഷണിയെ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നു വൈകിട്ടോടെ സംരക്ഷണ വലയം തീർത്തത്. നൂറുകണക്കിന് പ്രവർത്തകരാണ് സംരക്ഷണ വലയത്തിൽ അണിചേർന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജാഥ തിരുവല്ലയിൽ എത്തിപ്പോയ ശേഷമാണ് ഈ സംഭവം ഉണ്ടാകുന്നത്. നാട്ടിൽ വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഹ്വാനം ചെയ്യതതിന്റെ പ്രതിഫലനമാണ് പള്ളിക്ക് നേരെയുണ്ടായ ആക്രമമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം വി സഞ്ജുവും സെക്രട്ടറി അഡ്വ. കെ യു ജനീഷ്‌കുമാറും പറഞ്ഞു. അന്യമതസ്തരായവരെ ഉന്മൂലനം ചെയ്യുകയെന്ന ഫാസിസ്റ്റ് തന്ത്രത്തിന്റെ ഭാഗമാണിത്.

സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം വി സഞ്ജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. ജനീഷ് കുമാർ, അഡ്വ. ആർ സനൽകുമാർ, അഡ്വ. ആർ മനു, വികാസ് ടി നായർ, ഷിജു പി കുരുവിള തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP